Tuesday, July 23, 2013

ഭൂമിയുടെ താക്കോല്‍


ഉടല്‍ സൂക്ഷിക്കുവാനുള്ള കവചം വാങ്ങുവാന്‍ പുറപ്പെട്ട അച്ഛന്‍ തിരിഞ്ഞു നോക്കിയപ്പോള്‍, ഇനി പേടിക്കാതെ ശരീരം പൊത്തിപ്പിടിച്ച് ജീവിക്കാമല്ലോയെന്നായിരുന്നു മകള്‍ വിചാരിച്ചത്.

അച്ഛന്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ പിന്നെ മുന്‍വാതില്‍ അടച്ചുപൂട്ടി, ജാലകവാതിലുകളൊക്കെ പൂട്ടിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തി, ഉറക്കമുറിയിലെ കരിമ്പടംകൊണ്ട് ഗുഹയുണ്ടാക്കി, അതിനകത്ത് കയറിയിരുന്ന്, ഒറ്റക്കണ്ണോടെ ചുറ്റുപാടും നോക്കുമ്പോള്‍ പേടി മാറിയോയെന്ന് കരിമ്പടം ചോദിക്കുമ്പോള്‍ തലയനക്കും.

എന്നാല്‍ പേടിക്കാര്യത്തെക്കുറിച്ച് അച്ഛനോട് പറയുമ്പോള്‍ കുലുങ്ങി ചിരിക്കുകയാണ് പതിവ്. അപ്പോള്‍ മകള്‍ക്ക് ദേഷ്യം വരും.

''ഒരു ദിവസം കീറിപ്പറിഞ്ഞ് കിടക്കുന്നത് കാണുമ്പോള്‍ കാര്യം മനസ്സിലാകും''

''അതൊക്കെ നിന്റെ തോന്നലുകളാണ് മോളേ... ഒന്നും സംഭവിക്കില്ല. മനസ്സില്‍ വേവലാതിയുണ്ടാകുമ്പോഴാണ് ചുറ്റുപാടുകള്‍ പേടിപ്പിക്കുന്നതായി തോന്നുക''

''ആണിന്റെ പക്ഷത്ത് നിന്നാണ് അച്ഛന്‍ എപ്പോഴും സംസാരിക്കുക. ഓ... അച്ഛനും ആ വര്‍ഗ്ഗമല്ലേ...''

മകളെ ചേര്‍ത്ത്പിടിച്ച് അച്ഛന്‍ തലോടി.

''മോളേ''

''എന്താ... അച്ഛാ...''

''കൃഷിയിടങ്ങളിലേക്ക് പാഞ്ഞു കയറുന്ന പോരുകാളകള്‍ ഒരിക്കലും വിത്തിന്റെ നിലവിളിക്ക് കാത് വെക്കാറില്ല. അടക്കിപ്പിടിക്കാനാവാത്ത വിശപ്പാണ് ദൈവം ഞങ്ങള്‍ക്ക് തന്നത്''

''അച്ഛനും വിശപ്പുണ്ടോ...?''

അച്ഛന്റെ കൈവലയം അടര്‍ത്തി മാറ്റി മകള്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ ഉറക്കെ ചിരിക്കുക മാത്രം ചെയ്തു.

ഇന്നലെയായിരുന്നു ആ പരസ്യം പത്രത്തില്‍ കണ്ടത്. എത്ര വായിച്ചിട്ടും മതിവരാത്ത പരസ്യമായിരുന്നു അത്. പെണ്‍ശരീരം മൂടി വെക്കാന്‍ കഴിയുന്ന കവചത്തെക്കുറിച്ചായിരുന്നു പരസ്യം.

പരസ്യത്തിന്റെ തലക്കെട്ട് ആകര്‍ഷകമായിരുന്നു.

''ഉടല്‍മുറികളുടെ കാവലിന്...''

പത്രം ചുരുട്ടിപ്പിടിച്ച് അച്ഛനേയും കാത്ത് നിന്നു. തിന്നാനും കുടിക്കാനും മനസ്സ് വരുന്നില്ല. അത്ര സന്തോഷത്തിലാണ് മനസ്സ്.

കവചം കിട്ടിയാല്‍ പിന്നെ ആരെയും പേടിക്കേണ്ടതില്ലല്ലോ... ആര്‍ക്കും കീഴ്‌പ്പെടുത്താനുമാവില്ല.

മകള്‍ സന്തോഷവതിയായി.

പരസ്യം കാണിച്ചുകൊടുത്തപ്പോള്‍ അച്ഛന്‍ പരിഹസിച്ച് ചിരിക്കുകയുണ്ടായി. അച്ഛനെന്തിനാണ് പരിഹസിക്കുന്നത്? കവചം കിട്ടിയാല്‍ അച്ഛന്റെ മകള്‍ സുരക്ഷിതയാവില്ലേ...?

''നിന്നെ ആരും ഒന്നും ചെയ്യില്ല മോളേ.... ഒറ്റക്കിരിക്കുമ്പോള്‍ തോന്നുന്ന വിചാരങ്ങളാണിതൊക്കെ. ബോസിനോട് പറഞ്ഞ് നിനക്കൊരു ജോലി വാങ്ങിതരാം''

മകളുടെ പുറം തടവിക്കൊണ്ടാണ് അച്ഛന്‍ ഇങ്ങനെ പറഞ്ഞത്.

''നിങ്ങളുടെ ബോസിനെക്കുറിച്ച് അമ്മ എനിക്ക് പറഞ്ഞുതന്നിരുന്നു. കല്ല്യാണം കഴിയുന്നതുവരെ വീട്ടില്‍ ഇരിക്കാമെന്നതാണ് എന്റെ തീരുമാനം. കല്യാണം കഴിഞ്ഞാല്‍ പിന്നെ ശരീരത്തിന് കാവല്‍ക്കാരനെ കിട്ടുമല്ലോ....''

''നീയിത്രയും വളര്‍ന്നത് ഞാനറിഞ്ഞില്ല''

''മകളുടെ കാര്യത്തില്‍ എപ്പോഴും അച്ഛന്മാരുടെ ചിന്ത കുറവായിരിക്കും''

-അന്ന് ഭക്ഷണം കഴിക്കാതെയാണ് അച്ഛന്‍ ഉറങ്ങാന്‍ കിടന്നത്.

കവചം വാങ്ങുവാന്‍ പോയ അച്ഛന്റെ നിഴല്‍രൂപം ദൂരെ അലിഞ്ഞപ്പോള്‍ ഉമ്മറവാതില്‍ മുറുക്കെപ്പൂട്ടി, അടുക്കളയിലേക്ക് നടന്ന്, അച്ഛന്‍ ബാക്കിവെച്ചുപോയ ദോശ മുറിച്ചെടുത്ത്, വായിലിട്ട് ചവച്ചരച്ച്, വെള്ളം കുടിച്ച്, കുളിമുറിയില്‍ കയറി കാലും മുഖവും കഴുകി, മുഖക്കണ്ണാടിക്ക് മുന്നില്‍ വന്നുനിന്ന് ഞാനും സുന്ദരിയാണേയെന്ന് പറഞ്ഞു ചിരിച്ചു.

ഉറക്കമുറിയില്‍ കയറി വാതില്‍ അടച്ചു. കട്ടിലില്‍ നീണ്ടു കിടന്നു.

കണ്ണുകള്‍ അടച്ചു.

എപ്പോഴോ ഉറങ്ങി.

കണ്ണുകള്‍ തുറന്നപ്പോള്‍ ചുറ്റുപാടും ഇരുട്ടായിരുന്നു. എഴുന്നേറ്റ് മേശപ്പുറത്തെ മുട്ടവിളക്ക് കത്തിച്ചപ്പോള്‍ മുറിയാലാകമാനം മഞ്ഞ വെളിച്ചമുണ്ടായി.

അച്ഛന്‍ ഇത് വരെ എത്തിയിട്ടില്ലല്ലോ....

സമയം വൈകിയല്ലോ...

ഘടികാരം നോക്കി നെടുവീര്‍പ്പിട്ടു.

കവചം വില്‍ക്കുന്ന സ്ഥാപനം അങ്ങ് ദൂരെയാണ്. മൂന്ന് യാത്രകള്‍ കഴിഞ്ഞ്... രണ്ട് കടവുകള്‍ കടന്ന്...

എവിടെയോ...

അറിയാത്ത നാട്ടിലേക്കുള്ള യാത്രയായതിനാല്‍ കുറെ വൈകുമെന്ന് അച്ഛന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു.

കവചം ആവശ്യമുള്ളവര്‍ റേഷന്‍കാര്‍ഡിന്റെ കോപ്പിയും, ഐഡി പ്രൂഫും കൊണ്ടുവരണമെന്ന് പരസ്യത്തിലുണ്ടായിരുന്നു.

പിന്നെ കാശും.

അമ്മ തന്ന വളയും മാലയും ഊരിക്കൊടുത്തു. വിറ്റ് കിട്ടുന്ന കാശ് കൊണ്ട് കവചം വാങ്ങാന്‍ പറഞ്ഞു.

തികയ്യ്വോ...

തികയും...

നുള്ളിപ്പൊറുക്കിയുണ്ടാക്കിയതാ...

അച്ഛന്‍ പറഞ്ഞത് ചിരിച്ചുതള്ളി.

ഉടലില്ലെങ്കില്‍ പിന്നെന്തിനാണ് സ്വര്‍ണ്ണം.

അച്ഛനെ കെട്ടിപ്പിടിച്ചു.

എന്നിട്ടും അച്ഛന്റെ മുഖം തെളിഞ്ഞില്ല.

തെളിയാത്ത മുഖങ്ങള്‍ക്ക് പിന്നില്‍ കനലിന്റെ വേവലുണ്ടാകുമോ...?!

-അപ്പോഴാണ്.

അവളുടെ വെളുത്ത ചുമരില്‍ ''ബോസ്'' തൂങ്ങി കിടക്കുന്നത് കണ്ടത്. പേടിച്ച് വിറച്ചുപോയി. ഉറക്കെ...യുറക്കെ... നിലവിളിച്ചു.

''അമ്മ്...മ്മേ....''

തുമ്പിക്കെ നീട്ടി കറ കറ ഒച്ചയോടെ ''നിനക്ക് സുഖം തന്നെയല്ലേ''യെന്ന് ചിരിയോടെ ബോസ് ചോദിച്ചു.

അവള്‍ മിണ്ടിയില്ല.

''വാ...''

ബോസ് നീട്ടിവിളിച്ചു.

ഉറക്കെ വാതില്‍ ധൃതിയില്‍ തുറന്ന് സ്വീകരണമുറിയിലേക്ക് ഓടിക്കയറി. എന്നിട്ട് മുന്‍വാതില്‍ തുറന്ന് രക്ഷപ്പെടാനായിരുന്നു പരിപാടി. കൂക്കിവിളിച്ച് ഓടുമ്പോള്‍ അവളുടെ മുഖത്ത് 'ബോസ്' അടിച്ചു. നിലം തെറ്റി വീണു.

''എന്നെ ഒന്നും ചെയ്യല്ലേ...''

''രക്ഷകനോടാണ് നീ യാചിക്കുന്നത്''

''അച്ഛാ... അച്ഛാ...''

അവള്‍ നീട്ടി വിളിക്കുന്നത് കേട്ട്.. ഹ..ഹ..ഹ.. എന്ന് ഒച്ചയുണ്ടാക്കി ബോസ് കുലുങ്ങി ചിരിച്ചു.

''വഴി മധ്യേ അച്ഛനെ കണ്ടിരുന്നു. കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. നല്ല കാശും കൊടുത്തു.''

അവളെ നോക്കി ചുണ്ടുകള്‍ കടിച്ചമര്‍ത്തി, തുടകള്‍ നീട്ടിത്തടവി, 'ഈ രാത്രി കാളരാത്രിയാക്കാമെന്ന് പറഞ്ഞ് സന്തോഷത്തോടെ ബോസ് തുള്ളിചാടി.

അവള്‍ അടുക്കളയിലേക്ക് ഓടികയറി. കറിക്കത്തിക്ക് വേണ്ടി പരതി.

ഒരു മിന്നലാട്ടത്തിന്റെ ഇടയില്‍ അടുക്കള ഉപകരണങ്ങളെല്ലാം അലിഞ്ഞില്ലാതായി. കസേരയും മേശയും അലമാരയും കട്ടിലും പാത്രങ്ങളും അലിഞ്ഞു.

വീട് വിഭജിച്ച് ചുമരുകള്‍ അലിഞ്ഞില്ലാതായത് എത്ര പെട്ടെന്നാണ്.

വീട്, ഒറ്റ ചുമരിന്റെ ലോകമായി.

അതിനകത്ത് അവള്‍ ഒറ്റക്കാണ്.

ചുറ്റുപാടുകള്‍ ഇരുട്ടിന്റെതാണ്.

അന്ധാളിപ്പോടെ ഇരുട്ടിനെ നോക്കി അവള്‍ അലറിക്കരഞ്ഞു.

അവള്‍ക്ക് മുന്നില്‍ ബോസ് നൃത്തം ചെയ്യുവാന്‍ തുടങ്ങി. ഭൂമി കുലുങ്ങുന്ന ഉടല്‍നൃത്തമായിരുന്നു അത്. അവളുടെ മുഖത്തേക്ക് ഉടയാടകള്‍ അഴിച്ചെറിഞ്ഞ് നഗ്നനായി. അരക്കെട്ടിനകത്തെ ഇരുട്ടില്‍ പതുങ്ങി കിടക്കുന്ന പിക്കാസ് ഉണര്‍ന്നെഴുന്നേറ്റ് അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു.

-ചുകന്ന നാവ് പിക്കാസ് അനക്കുന്നുണ്ട്.

''ആരും കാണാതെ, ഇരുചെവിയറിയാതെ നിന്റെ ഉടലില്‍ ഞാനൊരു ചിത്രം വരച്ചു തരട്ടെ, ഒറ്റ ചിത്രം മതി. ആഗ്രഹമാണത്. പിന്നെ ഒരിക്കലും ശല്യം ചെയ്യില്ല. ഉറപ്പ്''

''എന്താണ് തീരുമാനം?''

ബോസിന്റെ മുഖത്ത് അവള്‍ കാര്‍ക്കിച്ചുതുപ്പി.

തുപ്പല്‍പശ തുടച്ചുമാറ്റി വീടന്റെ ചിരി ചിരിച്ചു.

''ചോദിക്കുന്നത് മര്യാദയാണ്. ചോദിച്ചത് കിട്ടുമ്പോഴാണ് സന്തോഷമുണ്ടാകുക''

അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ ഉടലില്‍ ബോസ് ചിത്രം വരക്കുവാന്‍ തുടങ്ങി. നിധി തേടുന്ന കൈകള്‍ ഉടല്‍ മാന്തിപ്പറിച്ചു. ചുണ്ടുകളും, മുലയും, തുടയും, മുഖവും കടിച്ചുപറിച്ചു. അവള്‍ക്ക് വേദനിക്കുന്നുണ്ട്. അവള്‍ നിലവിളിച്ചപ്പോള്‍ മുഖത്തടിച്ചു. ഉടയാടകള്‍ പറിച്ചുകീറി. ഉറക്കെ കരഞ്ഞപ്പോള്‍ വായപൊത്തിപ്പിടിച്ചു.

''മിണ്ടാതിരിക്ക് നായിന്റെ മോളേ....''

പിന്നെപ്പോഴോ പോരുകാളയായി മാറി. നാവിന്റെയും രസത്തിന്റെയും ഊര്‍വ്വരതയുടെയും തണുത്ത നിലത്തൂടെ പോരുകാള പരക്കം പായുന്ന ഒച്ച കേട്ടു. അവളുടെ വയല്‍ കൊത്തിക്കിളക്കുവാന്‍ തുടങ്ങി.

കാള മുക്രയിട്ടു.

അവസാനം,

അവളുടെ മുകളില്‍ പോരുകാള കിതക്കുന്ന ഒച്ച അറ്റുവീഴുന്ന ബോധകാഴ്ചയിലൂടെ അറിഞ്ഞു.

അവളുടെ വയലില്‍ ചോരയൊഴുകുന്നുണ്ട്.

''സുഖ്ൂണ്ടോ...''

കിതപ്പിന്റെ പെരുക്കത്തിന്റെ ഇടയില്‍ ബോസ് ചോദിക്കുന്നത് അവള്‍ കേട്ടിരുന്നില്ല.

അവളുടെ ബോധം അറ്റുവീണിരുന്നു.

ബോധം തെളിഞ്ഞപ്പോള്‍ ചുറ്റുപാടുകളില്‍ വെളിച്ചം നിറഞ്ഞിരുന്നു.

നേരം വെളുത്തു.

നിലത്ത്,

കൈകള്‍ കുത്തിപ്പിടിച്ച്, ചുമരിന്റെ അരികിലേക്ക് ഇഴഞ്ഞുനീങ്ങി. ചുമരില്‍ ചാരി ഇരുന്നു. നഗ്നമാക്കപ്പെട്ടതും, മാന്തിപ്പറിച്ചതും, ശുക്ലം മണക്കുന്നതുമായ ഉടലിനെ വെറുപ്പോടെ നോക്കി. അവള്‍, ഉടലില്‍ കാര്‍ക്കിച്ചു തുപ്പി. വീണ്ടും.... വീണ്ടും... എത്ര തുപ്പിയിട്ടും മതിവരുന്നില്ല.

തല മാന്തിപ്പറിച്ചു.

നിലത്ത് തലയിട്ടടിച്ചു.

അവസാനം,

നിലത്ത് ചുരുണ്ട് കിടന്ന് ഏങ്ങലടിച്ചു കരയുവാന്‍ തുടങ്ങിയപ്പോള്‍ ചുറ്റുപാടുകളിലേക്ക് അലിഞ്ഞുപോയ ചുമരുകളും, കത്തിയും, കറിക്കത്തിയും, പാത്രങ്ങളും, കസേരയും, അലമാരയും, മേശയും, കണ്‍മഷിയും, കട്ടിലും, ചുമരുകളും തെളിഞ്ഞുവന്നത് നിര്‍വികാരതയുടെ ഒറ്റ കാഴ്ചയോടെ നോക്കി നിന്നു.

ശരീരം ചുരുട്ടിപ്പിടിച്ച് എഴുന്നേറ്റു.

നുറുങ്ങുന്ന വേദനയുണ്ട്.

വേച്ച്... വേച്ച് നടന്നു.

തുടകള്‍ക്കിടയിലൂടെ യുറ്റി...യുറ്റി.. വീഴുന്ന ചോര നിലത്ത് പടര്‍ന്ന് ജ്യാമിതീയ രേഖകള്‍ വരക്കുന്നുണ്ട്.

അപ്പോഴാണ്,

ദൂരെ നിന്നും നിറഞ്ഞ ചിരിയോടെ നടന്നുവന്ന അച്ഛന്‍ മകള്‍ക്ക് മുന്നില്‍ വന്നു നിന്നത്.

മകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ മുരടനക്കി. മകളുടെ മുഖത്തിന് മുന്നില്‍ കയ്യിലെ കവചം നീട്ടിവെച്ചു.

''ഇനി നിനക്ക് ആരേയും പേടിക്കേണ്ടതില്ല മോളേ....''

അച്ഛന്‍ പറഞ്ഞു.

അച്ഛനെ നോക്കി മകള്‍ കറുത്ത ചിരിചിരിച്ചു.

അവളുടെ ചിരി കണ്ടപ്പോള്‍ അച്ഛന്റെ മനസ്സില്‍ തെരുവില്‍ വെച്ചു കണ്ട ബോസിന്റെ ചിരി തെളിഞ്ഞു വന്നു.

''എന്തു പറ്റി.... മോളേ....''

ചുമലില്‍ തൊട്ട് അച്ഛന്‍ ചോദിച്ചു.

നിലത്തേക്ക് തല താഴ്ത്തി അച്ഛന്റെ ശ്രദ്ധ ക്ഷണിച്ചു. കാലടികള്‍ക്ക് കീഴെ വളരുന്ന ചോരപ്പാടം അച്ഛന്‍ കണ്ടു. അച്ഛന്‍ തല താഴ്ത്തി മകള്‍ക്ക് മുന്നില്‍ നിന്നു.

''എന്നോട് പൊറുക്കൂ... മോളേ....''

മകളുടെ കാലുകള്‍ കൂട്ടിപ്പിടിച്ച് അച്ഛന്‍ പറഞ്ഞു.

അച്ഛന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. വീണ്ടും വീണ്ടും കാര്‍ക്കിച്ചു തുപ്പി.

എത്ര തുപ്പിയിട്ടും മതിവരുന്നില്ലല്ലോ....

 

2 comments:

madhunambiar said...

ഇന്നത്തെ വേവിലതികളുടെ കഥ...നന്നായിട്ടുണ്ട്

madhunambiar said...

ഇന്നത്തെ വേവിലതികളുടെ കഥ...നന്നായിട്ടുണ്ട്