Tuesday, January 5, 2010

വിശുദ്ധപശു

ശത്രു എപ്പോഴാണ് എന്റെ ചെരിപ്പടയാളത്തിനു മേല്‍ നിഴലായിത്തീരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. പിറകിലിരുന്ന് ഞെരിഞ്ഞമരുന്ന ഉണക്കയിലകള്‍ മരച്ചില്ലകളുടെ എല്ലുകള്‍ പൊട്ടുന്നതും ചെരിപ്പിന്റെ കരച്ചിലും എന്റെ തല കൊയ്യുവാനുള്ള ഒളിപറച്ചിലുകളാണെന്ന് ആരും എന്നോടു പറഞ്ഞു തരേണ്ട. എനിക്കിപ്പോള്‍ എല്ലാം മനസ്സിലാക്കാനുള്ള പ്രായമായല്ലോ. എന്റെ ശ്വാസത്തിന്റെ പിറകില്‍ ആരോ പതുങ്ങിയിരിക്കുന്നുണ്ട്.
അല്ലെങ്കില്‍ത്തന്നെ ഒരാളുടെ ശത്രുവാകുകയെന്നുള്ളത് നല്ല കാര്യമല്ലെന്ന് എനിക്കറിയാം. അതു സഹിക്കാന്‍ പോലും കഴിയില്ല. എനിക്ക് എങ്ങനെയാണ് ഒരാളുടെ ശത്രൂവായിത്തീരാന്‍ കഴിയുകയെന്നത് കൂട്ടിയും ഗുണിച്ചും നോക്കിയിട്ട് കിട്ടിയത് വട്ടപ്പൂജ്യമായിരുന്നു. ഇന്നലെ വരെ ഞാന്‍ ഭൂമിയിലെ ഒരൊറ്റ ജീവിയെപ്പോലും കൊല്ലുകയോ അടിക്കുകയോ ചവിട്ടുകയോ ചീത്തപറയുകയോ ചെയ്തിട്ടില്ലെന്ന് അഹങ്കാരത്തോടെ പറയുമ്പോള്‍ ' സങ്കേതത്ത'ിലിരിക്കുന്ന സുഹൃത്തുക്കളൊക്കെ കളിയാക്കി ചിരിക്കുകയായിരുന്നു. ഞാനിങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ അഭിനന്ദിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. അവരിപ്പോഴുംചിരിച്ചു തീര്‍ന്നിട്ടില്ല.
'പേടിത്തൊണ്ടന്‍'
വിശ്വന്‍ സിഗരറ്റ് കത്തിക്കുന്നതിനിടയിലാണ് പറഞ്ഞത്. മുഹമ്മദ് സലിം കുരവയിടുന്നുണ്ടായിരുന്നു. ഞാന്‍ അപ്പോള്‍ വേറൊന്നും പറഞ്ഞില്ല. എനിക്കിപ്പോള്‍ വല്ലാത്ത പേടിയുണ്ട്. എന്നെ ശത്രുവായി ആരോ തിരഞ്ഞെടുത്തുവെന്ന കാര്യം ബന്ധുക്കളോടും സ്ഥലത്തെ മാന്യന്മാരോടും പറഞ്ഞപ്പോള്‍ അവരൊക്കെ അതിനെ എന്റെ വിഭ്രാന്തിമാത്രമായിട്ടാണ് കണ്ടത്.
'ഹേയ് നിങ്ങള്‍ക്കങ്ങനെ തോന്നിയതാണ്. ഈ തോന്നലാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അതൊക്കെ ഉത്തര്‍ പ്രദേശത്തും ബീഹാറിലും ഗുജറാത്തിലുമാണ് സംഭവിക്കുക.'
അവര്‍ ഇതൊക്കെ എന്റെ പുറത്ത് തട്ടിയാണ് പറഞ്ഞത്. ചിലര്‍ കുറേ ചോദ്യങ്ങള്‍ ചോദിച്ചു.
ഉത്തരം മാത്രം ആരും പറഞ്ഞില്ല.
കുഴയുന്ന ചോദ്യങ്ങളുടെ മുകളിലിരുന്ന് അവര്‍ കൈകൊട്ടി ചിരിക്കുകയാണല്ലോ
ഓ പറയാന്‍ മറന്നു.
ഇന്നലെ. അതേ ഇന്നലെത്തന്നെ ഞാനൊരു പാമ്പിനെ കൊന്നു. ഒരു ജീവിയെപ്പോലും കൊല്ലാന്‍ കഴിയാത്ത എനിക്ക് എങ്ങെനയാണ് അതിന് സാധിച്ചതെന്നറിയില്ല. നിങ്ങളുടെയും അകത്ത് ദുഷ്ടതയുണ്ടെന്നും പറയുന്നതൊക്കെ പുറംപൂച്ചുകളാണെന്നും ഭാര്യ എന്നോടു പറഞ്ഞു. പാമ്പിനെ കൊന്നാല്‍ അതിന്റെ ബന്ധുക്കള്‍ പകരം വീട്ടാന്‍ പകയുമായി വരുമെന്ന് പറഞ്ഞു തന്നത് അമ്മയായിരുന്നു.
' അല്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങനെയാണ് ഒരു പാമ്പിനെ കൊല്ലാന്‍ കഴിഞ്ഞത്'
മാസ്റ്റര്‍ എന്നോടു ഇടവഴിയില്‍വച്ചു കണ്ടപ്പോള്‍ ചോദിച്ചു.
' അല്ല മാഷേ....എ്‌ന്നെ കൊല്ലുവാന്‍ പ്ത്തി വിടര്‍ത്തി നിന്നപ്പോഴാണ് ഞാന്‍....കുറേ കഴിഞ്ഞ് മാറുവാന്‍ ശ്രമിച്ചു. അവസാനം ഒരു മുട്ടന്‍വടിയെടുത്ത്.... '
' കണ്ണു കാണാത്ത ജീവിയാണത്. അതെപ്പോഴും ഓര്‍മിക്കണം. നിങ്ങള്‍ക്കൊരു കുഴപ്പമുണ്ട്. സത്യം പറയുന്നു. പാമ്പിനെക്കൊന്നാലും കൊന്നില്ലെന്ന് പറയണം' മാസ്റ്റര്‍ പറഞ്ഞു.
അരയില്‍ നിന്നും മൂര്‍ച്ചയുള്ള കത്തിയെടുത്ത് മാസ്റ്റര്‍ എന്റെ കഴുത്തില്‍ അമര്‍്ത്തിവെക്കാന്‍ ഒരുങ്ങുന്ന നേരത്താണ് ആളുകളുടെ കൂക്കിവിളി കേട്ടത്.
ഞാന്‍ ആശ്വസിച്ചു.
' ഇതാ മാഷേ സ്‌നേഹം...എന്റെ നാട്ടുകാരെ കണ്ടു പഠിക്ക്'
ദൂരെ നിന്ന് ഓടിവന്നതു കൊണ്ട് എല്ലാവരും കിതയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ എല്ലാവരേയും സ്‌നേഹത്തോടോ നോക്കിച്ചിരിച്ചു. മാസ്റ്ററുടെ കയ്യിലുള്ള കത്തി അവരൊരാള്‍ വാങ്ങിക്കൊണ്ടു പറഞ്ഞു.' മാഷേ നിങ്ങള്‍ കൊല്ലേണ്ട... മാഷ് കൊന്നാല് ഇക്കാര്യങ്ങളൊക്കെ പഠിപ്പിക്കാന്‍ ആരാ ഉള്ളത്?'. അവരെല്ലാം ജനഗണമന ചൊല്ലുമ്പോലെ പറഞ്ഞു. ഞാന്‍ ദൈവത്തിനെ വിളിച്ചു.
അവരും.!