Thursday, February 21, 2013

മലയാള ചെരിപ്പുകള്‍ കൊണ്ട് ഇവരെ ജനകീയ വിചാരണ ചെയ്യാം


ലയാള ദിനമാണെന്ന് മലയാളി അറിയുന്നത് സര്‍ക്കാര്‍ അറിയിപ്പുകള്‍ കേള്‍ക്കുമ്പോഴാണ്. സര്‍ക്കാര്‍ ജീവനക്കാരികള്‍ സാരി ഉടുക്കണമെന്നും, മൂന്ന് കൊല്ലത്തിനകം ഭരണഭാഷ മലയാളമാക്കണമെന്നും മുഖ്യമന്ത്രി പറയുന്നതും, കോടതിഭാഷ മലയാളത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതും ഈ സുദിനത്തിലാണ്. പിന്നെ സാഹിത്യ- സാംസ്‌കാരിക ബുദ്ധിജീവികളുടെ സങ്കട പൊറാട്ട് നാടകവും കാണാം.

മൂന്നാം ദിവസം ഈ കെട്ടുകാഴ്ചകളൊക്കെ അവസാനിക്കുന്നു. പിന്നെ ആര്‍ക്കും ഓര്‍മ്മയുണ്ടാകില്ല. ഇവര്‍ക്കൊക്കെ വര്‍ഷം തോറും മലയാളത്തെയും മലയാളിയെയും പരിഹസിക്കുവാന്‍ കിട്ടുന്ന അവസരമാണ് ഈ ചരമഗീതം ഓതുന്ന ദിവസം.മലയാളത്തില്‍ സംസാരിക്കുന്ന കുട്ടികളെ ശിക്ഷിക്കുന്ന വിദ്യാലയ അധകൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ദിവസം തന്നെയാണ് കോട്ടയം എം.ഡി. സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കേരളീയ വേഷം ധരിച്ചെത്തിയ 15 വിദ്യാര്‍ത്ഥികളെ പുറത്താക്കിയെന്ന വാര്‍ത്ത വന്നതും. എന്നാല്‍ മുഖ്യമന്ത്രിയോ, ബന്ധപ്പെട്ടവരോ ഇതിനെതിരെ, മലയാളത്തെ പരിഹസിക്കുന്ന വരേണ്യ സായിപ്പന്‍മാര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്തതായി മലയാളികള്‍ക്ക് അറിയില്ല. സര്‍ക്കാര്‍ ജീവനക്കാരികള്‍ മലയാള ദിനത്തില്‍ മലയാള വേഷം ധരിക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് മലയാളത്തെ സ്‌നേഹിക്കുന്ന ആരും ചോദിക്കില്ല. കാരണം അവര്‍ക്കൊക്കെ അറിയാം ഇതൊരു ആചാരവും ഈ പറച്ചിലുകള്‍ അനുഷ്ഠാനവുമാണെന്ന്. ഇത് പോലെ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പില്‍ പ്രജകള്‍ക്ക് നല്‍കുന്ന മോഹന വാഗ്ദാനങ്ങള്‍ എന്ത് കൊണ്ടാണ് നടപ്പിലാകാത്തതെന്നും മലയാളി ഒരിക്കലും ചോദിക്കാറില്ലല്ലോ. മലയാളി നല്ലൊരു കാഴ്ചക്കാരനായിരിക്കുന്നു.
ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ ''ഈ സ്‌കൂളിന്റെ വളപ്പിനകത്ത് ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ'' വെന്ന് എഴുതി വച്ചത് നാം കാണാറുള്ളതാണല്ലോ. ആരും നടപടിയെടുത്തതായി അറിവില്ല. മലയാളിയുടെ നാട്ടില്‍ മലയാളം പറയരുതെന്ന് പറയുന്ന സായിപ്പ് മുതലാളിമാര്‍ക്കെതിരെ ആരും ചെറുവിരല്‍ അനക്കാന്‍ ധൈര്യമില്ലാത്ത നാട്. വരേണ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിര്‍ബന്ധമായും മലയാളം പഠിപ്പിക്കണമെന്ന് നിയമം നടപ്പിലാക്കാന്‍ കഴിയാത്തവരാണ് ഇങ്ങനെയുള്ള പറച്ചിലുകള്‍ നടത്തി മലയാളത്തെ വ്യഭിചരിക്കുന്നത്. ഇവരൊക്കെ പറയുന്നത് കേള്‍ക്കുക, ഇതിലൊന്നും വലിയ കാര്യമൊന്നും ഉണ്ടാകില്ലെന്ന് മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അറിയാമല്ലോ.

നമുക്ക് ഇഷ്ടം പോലെ ദിനങ്ങളുണ്ട്. സ്വാതന്ത്ര്യദിനം, ശിശുദിനം, തപാല്‍ ദിനം, അദ്ധ്യാപകദിനം, അന്ധദിനം, റെഡ്‌ക്രോസ്സ് ദിനം, വായനാദിനം, ലോകജനസംഖ്യാദിനം, ഹിരോഷിമാ ദിനം... ഇതൊക്കെ ഇതൊക്കെ അനുഷ്ഠിക്കുന്നതും ആഘോഷിക്കുന്നതും പത്രമാധ്യമങ്ങളും ബന്ധപ്പെട്ടവരുമാണ്. പത്രങ്ങളിലെ മുന്‍പേജിലെ ചിത്രം കാണുമ്പോഴാണ് ഇന്ന് അനുഷ്ഠാന ദിനമാണെന്ന് നാം മലയാളികള്‍ അറിയുന്നതും. ഓരോ ദിനം കടന്നു വരുമ്പോഴും കഴിഞ്ഞ പ്രാവശ്യം ഇക്കാര്യത്തിനു വേണ്ടി എന്തു ചെയ്തുവെന്നും, ഇനി നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് അധികാരികളും ഇതുമായി ബന്ധപ്പെട്ടവരും പുനരാലോചിക്കേണ്ടത്. കൂട്ടായ പ്രയത്‌നവും ഒത്തൊരുമിച്ചുള്ള നീക്കവും ഭാഷാ സ്‌നേഹികളില്‍ നിന്നുണ്ടായാല്‍ മാത്രമേ മലയാള ഭാഷയ്ക്ക് നശിക്കാതെ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. മലയാള ഭാഷ പള്ളിക്കൂടങ്ങള്‍ ലാഭമില്ലാത്തതിന്റെ പേരില്‍ പൂട്ടിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ എങ്ങനെയാണ് മലയാള ഭാഷ സംരക്ഷിക്കാനാവുക. ഇംഗ്ലീഷ് മീഡിയം - സ്വാശ്രയ കച്ചവടം നടത്തുന്ന ഭരണകൂടത്തില്‍ നിന്നും എങ്ങനെയാണ് സംരക്ഷിക്കാന്‍ കഴിയുക?

ഭ്രാന്ത് വന്നാല്‍ ആദ്യം നഷ്ടമാകുന്നത് ഭാഷയാണെന്നും അതാണ് മലയാളിക്ക് സംഭവിച്ചുകൊമ്ടിരിക്കുന്നതെന്നും ജി. ശങ്കരപ്പിള്ള പറഞ്ഞത് എത്ര ശരിയാണ്. സായിപ്പിന്റെ വേഷത്തോടൊപ്പം ഭാഷയോടും അദമ്യമായ ദാഹവും, സായിപ്പ് ദൈവമായി കരുതുന്ന മലയാളിയും രാഷ്ട്രീയക്കാരും ഡല്‍ഹിയിലെത്തിയാല്‍ കോട്ടും, സൂട്ടും, ടൈയും കെട്ടിയ ചിത്രം നാം കാണാറുള്ളതാണല്ലോ. നല്ല വേഷം സായിപ്പിന്റേതാണെന്നും, നല്ല ഭാഷ സായിപ്പിന്റേതാണെന്നും കരുതുന്ന സമൂഹത്തില്‍ മലയാളത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയുക?

മലയാള സ്‌നേഹികളാണ് മുന്നിട്ടിറങ്ങേണ്ടത്. രാഷ്ട്രീയക്കാരുടെയും, വരേണ്യ സാഹിത്യ ബുദ്ധിജീവികളുടെയും വാക്കുകള്‍ വെറും പുകമറയാണ്. നമ്മുടെ രാഷ്ട്രീയക്കാരുടെയും, വരേണ്യ സാഹിത്യബുദ്ധിജീവികളുടെയും മക്കളെ മലയാള ഭാ, പഠിപ്പിക്കുവാന്‍ അവര്‍ക്ക് ത്രാണിയില്ല. പിന്നെ എന്ത് അര്‍ഹതയാണ് ഉള്ളത് മലയാ ഭാഷയുടെ ഭരണത്തെക്കുറിച്ച് പറയാന്‍. മക്കളെ മലയാളത്തോട് മമത വളര്‍ത്താന്‍ നോക്കിയിട്ടും അവര്‍ ഇംഗ്ലീഷ് മീഡിയത്തിലേക്ക് തിരിഞ്ഞ് പോയെന്നാണ് സാഹിത്യകാരിയായ രോസ്‌മേരിയും, ലളിതാ ലെനിനും, ചിത്രകാരനായ നമ്പൂതിരിയുമെല്ലാം പറയുന്നത്. സായിപ്പിന്റെ നാപ്കിനും, വേഷവും, ടൈയും, രീതിയും കൊണ്ട് സായിപ്പിന് തുലാഭാരം നടത്തുന്ന ഇവരെ മലയാളചെരിപ്പുകള്‍ കൊണ്ട് കൊണ്ട് ജനകീയ വിചാരണ ചെയ്യണം. അതുകൊണ്ടാണല്ലോ ഇംഗ്ലീഷ് മാത്രം പഠിക്കുന്ന മലയാള ഭാഷയെ കീഴാള ഭാഷയായി കരുതുന്ന വരേണ്യ സ്‌കൂളിലേക്ക് ഇവരുടെ മക്കളെ അയച്ചത്.

പണമുള്ളവന്‍രെ മക്കള്‍ വലിയ വലിയ പദവികളില്‍ ഇരിക്കുകയും പണമില്ലാത്തവന്റെ കീഴാളനായിതീരുകയും ചെയ്യുന്ന പുതിയ ജന്മി- കുടിയാന്‍ ബന്ധത്തിനും, സാമൂഹിക വിഭജനത്തിനും  ഉതകുന്ന ന്യൂനപക്ഷ പ്രൊഫഷണല്‍ കച്ചവടമാണ് മലയാളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. വരേണ്യവര്‍ഗ്ഗക്കാര്‍ക്ക് വരേണ്യ ഭാഷയുണ്ടല്ലോ. കീഴാളര്‍ക്ക് സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ സ്വന്തം ഭാഷയും. പാവപ്പെട്ടവനാണ് ഇത് സംരക്ഷിക്കുന്നത്.
മലയാളത്തെ സംരക്ഷിക്കുവാന്‍ എളുപ്പവഴിയുണ്ട്.  രാഷ്ട്രീയ- സാഹിത്യ സാംസ്‌കാരിക ജീവികളുടെ മക്കളെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ ചേര്‍ക്കുക. കഴിയുമോ? ഇല്ല. തന്നെ. റോസ്‌മേരിയും, ലളിതാലെനിനും, നമ്പൂതിരിയും, മലയാളത്തോട് പറഞ്ഞതും ഇത് തന്നെയാണല്ലോ.