Thursday, July 11, 2013

അനുഭവങ്ങളാണ് എന്റെ കഥകള്‍

താന്‍ ഒരു 'റിബല്‍' ആണെന്ന് ഇയ്യ എപ്പോഴും പറയും. ഒരു വളപട്ടണത്തുകാരന്റെ 'വള'യാത്ത നട്ടെല്ലാണ് ഈ ഗുണത്തിനു പിന്നിലെന്നും. എഴുത്ത് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും സങ്കടപ്പെടുന്നവന്റെ പക്ഷത്തേക്കാണു തന്റെ പേന ചെരിയുകയെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ് ഒരുപറ്റം കഥകളിലൂടെ ഇയ്യ വളപട്ടണം. അനുദിനം പാര്‍ശ്വവത്കരിക്കപ്പെടുകയും കൈയേറ്റത്തിന് ഇരയാകുകയും ചെയ്യുന്ന സാധാരണക്കാരന്റെ ജീവിതം. അനാഥമാക്കപ്പെടുന്ന അവന്റെ ദൈന്യം നിറഞ്ഞ കണ്ണുകള്‍. ആ കണ്ണുകളിലേക്കു നോക്കുമ്പോള്‍ ഞാനെങ്ങനെ എഴുതാതിരിക്കുമെന്ന് ഇയ്യ ചോദിക്കുന്നു. കഥകളിലെ യാഥാര്‍ഥ്യത്തിന്റെ ചൂടറിഞ്ഞവര്‍ അതു നിഷേധിക്കാറുമില്ല. കഥകളുടെ പിന്നാമ്പുറങ്ങളില്‍ സ്വജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന നൊമ്പരങ്ങള്‍. തണലില്ലാതെ, നനവില്ലാതെ, ഉപേക്ഷിക്കപ്പെട്ടുപോയ ബാല്യം കടന്നെത്തുമ്പോള്‍ എനിക്കെങ്ങനെ 'നൊസ്റ്റാള്‍ജിയ' വരും ചങ്ങാതീ... എന്നു ചോദിക്കുമ്പോള്‍ താനെന്താണെന്നുകൂടി അടയാളപ്പെടുത്തുകയാണ്. പരിസ്ഥിതിയും മനുഷ്യനും കൈകോര്‍ത്തു നില്‍ക്കുന്ന ജൈവ ജീവിതത്തിന്റെ സ്വപ്‌നങ്ങളും കഥാകാരന്‍ പങ്കിടുന്നു. സംസാരത്തിനിടയിലെ ചെറിയൊരു ചിരിയില്‍, അല്ലെങ്കിലൊരു സിഗരറ്റ് പുകയ്ക്കുള്ളില്‍ കഥയുടെ വിത്തുപാകുകയായിരിക്കും അപ്പോള്‍. നാമറിയാതെ അതൊരു കഥയായി വളരുന്നു. അത് ഇയ്യയുടെ നോവലില്‍ പറയുന്നതുപോലെ ഭാവിയിലേക്കുള്ള 'ചിത്രടയാള'ങ്ങള്‍ രചിക്കുകയാണ്.

ആദ്യ പുസ്തകം സമര്‍പ്പിച്ചതു നാട്ടിലെ ചങ്ങാതിക്കൂട്ടത്തിനാണ്
എന്റെ ജീവിതത്തിന്റെ ഓരോ അണുവും ചലിക്കുന്നതു ചങ്ങാതിമാരുടെ സ്‌നേഹത്തിലൂടെയാണ്. കുടുംബം ഉപേക്ഷിച്ചാലും അവര്‍ കൈവെടിയില്ലെന്ന ധൈര്യമാണ് ഉണര്‍വിന്റെ ശക്തി. നട്ടപ്പാതിരയ്ക്കു വിളിച്ച് 'വാടാ ഒരിടം വരെ പോകാം' എന്നു പറഞ്ഞാല്‍ ഓടിയെത്തുന്ന അടുപ്പം. ദിവസവും രാത്രി എന്റെ കടയില്‍ വരും. ഏഴരമുതല്‍ പത്തരവരെ സംസാരിക്കും. ആരും മദ്യപിക്കാറില്ല. എന്തു പ്രശ്‌നമുണ്ടായാലും കൂട്ടായി സംസാരിച്ചു തീരുമാനമെടുക്കും. രണ്ടു ദശകത്തിലേറെയായി എല്ലാ രാത്രിയിലും ഞായറാഴ്ച്ചകളിലും കണ്ടുമുട്ടുന്നു. ഞായറാഴ്ച്ച വൈകിട്ട് അഞ്ചിനുതന്നെ ഒത്തുകൂടും. വരാന്‍ സാധിക്കാത്തവര്‍ വിളിച്ചു പറയും. അതാണ് ആദ്യ പുസ്തകം ചങ്ങാതിമാര്‍ക്കു സമര്‍പ്പിച്ചത്. 'കുറുക്കന്റെ കണ്ണുകള്‍ അഥവാ ആണ്‍നോട്ടം' എന്ന കഥാ സമാഹാരം ഏറ്റുവാങ്ങിയത് ഉറ്റ ചങ്ങാതി സാബിര്‍ വളപട്ടണമാണ്. രണ്ടാമത്തെ നോവല്‍ ഏറ്റുവാങ്ങിയത് വി.എന്‍. റൗഫും. ഇനി പുറത്തിറക്കുന്ന പുസ്തകം ഏറ്റു വാങ്ങുക ബഷീറും ഫൈസലുമായിരിക്കും. ഞാനടക്കം അഞ്ചു പേര്‍. കുടുംബപരമായും യോജിപ്പിലാണ് ഞങ്ങള്‍.
 വൈകിയാണ് എഴുത്തിലേക്കു കടന്നത് എന്നു തോന്നിയിട്ടുണ്ടോ?

ഇല്ല. കോളജില്‍ പഠിക്കുമ്പോള്‍ വളപട്ടണത്തു കൈയെഴുത്തു മാസിക നടത്തിയിരുന്നു. 2000ല്‍ 'ശബ്ദം' മാസിക നടത്തി. മിനി മാസിക ഒരുവര്‍ഷം ഞാനും സാബിര്‍ വളപട്ടണവുംകൂടിയാണ് നടത്തിയത്. ഒരുവര്‍ഷം വാര്‍ഷികപ്പതിപ്പ് ഇറക്കി നിര്‍ത്തി. ഇടമറുകും സുകുമാര്‍ അഴിക്കോടും തോപ്പില്‍ മീരാനും സിവിക്കും എഴുതിയിരുന്നു. ലേഖനമാണ് ഞാന്‍ ആദ്യമെഴുതിയത്. പിന്നെ കഥയിലേക്കും നോവലിലേക്കും എത്തി.
ചെറുകഥകളിലും നോവലിലും സാമൂഹിക വിമര്‍ശനമാണു കൂടുതല്‍. വളപട്ടണമെന്ന സ്ഥലം ഈ മാനസികാവസ്ഥയെ പരുവപ്പെടുത്തിയിട്ടുണ്ടോ?

നാടിന്റെ പ്രത്യേകതയാണത്. ആരുടേയും മുന്നില്‍ വഴങ്ങാത്ത പ്രതേക 'ജനുസാണു' വളപട്ടണത്തുകാരന്റേത്. റിബല്‍. പള്ളിക്കോ മറ്റൊന്നിനുമോ വളപട്ടണത്തുകാരനെ നിയന്ത്രിക്കാനോ ഊരുവിലക്കാനോ കഴിയില്ല. 'നീ പോടാ..' എന്ന രീതി. വീടുകളിലും നിയന്ത്രണങ്ങള്‍ കുറവ്. ഒരാള്‍ അവനവന്റെ സ്വത്വം കണ്ടെത്തുന്നു. തീരുമാനങ്ങള്‍ അവന്റെതാണ്. അത് എന്നിലുമുണ്ട്. അപ്പോള്‍ എന്റെ മനസും സമൂഹത്തിലേക്കു തുറക്കുന്നു. എന്റെ ജീവിതത്തേക്കാള്‍ മറ്റുള്ളവരുടെ വേദനയാണ് അസഹനീയം.
 എന്താണ് എഴുത്ത്. അതിലെ രാഷ്ര്ടീയം?
തെരുവിലെ സര്‍ക്കസുകാരി പെണ്‍കുട്ടിയുടെ കഥമുതല്‍ നോവല്‍ വരെയുള്ള മേഖലകളില്‍ അധികാര കേന്ദ്രങ്ങളോടാണ് കലഹം
എനിക്കു ചുറ്റും നിലവിളികളാണ്. വിശപ്പിന്റെ, സങ്കടത്തിന്റെ നിലവിളികള്‍. പൊള്ളുന്ന വിലക്കയറ്റത്തിന് അനുസരിച്ചു രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്റെ സങ്കടം. ഭരണകൂടം അലിഞ്ഞില്ലാതായി അവിടെ കമ്പോളക്കാര്‍ പുളയ്ക്കുന്നത്. കൊടിവച്ച കാറുകള്‍ നാട്ടുകാരെ ആട്ടിപ്പായിക്കുന്നത്. ഭരണകൂടത്തിന്റെ അഹങ്കാരം. അപ്പോള്‍ എനിക്കു രോഷവും അധികാരത്തോടു പകയുമുണ്ടാകുന്നു. അതു മൂശയില്‍ ചുട്ടുപഴുപ്പിച്ചു വാക്കുകളുണ്ടാക്കുന്നു. എഴുത്ത് എനിക്കു പ്രതിരോധമാണ്.
സ്വന്തം ജീവിതത്തേക്കാള്‍ സഹജീവിയുടെ നിലവിളിക്കു കാതുകൊടുക്കുന്നവര്‍ എപ്പോഴും അധികാരത്തോടു കലാപം ചെയ്യുന്നവരായിരിക്കും. സാധാരണക്കാരുടെ ഭരണം. അതെന്റെ സ്വപ്‌നമാണ്. ഒരിക്കലും നടക്കില്ലെന്ന് അറിയാം. കോടിപതികളാണു നമ്മെ ഭരിക്കുന്നത്. സങ്കടങ്ങളുടെ വില അറിയാത്തവര്‍. അതാണ് ഞാന്‍ 'ആടുകളുടെ റിപ്പബ്ലിക്കി'ലൂടെ ഉണ്ടാക്കിയത്. എല്ലാത്തിനും വിലയിടുന്ന കാലമാണ് ഇന്ന്. ഭരണകൂടം എതു വിധത്തിലാണു ജനങ്ങളുടെമേല്‍ നികുതികള്‍ ചുമത്തേണ്ടതെന്ന് ആലോചിക്കുന്നു. നോവലില്‍ മനുഷ്യ വിസര്‍ജ്യത്തിനു നികുതി ഏര്‍പ്പെടുത്തുന്നു എന്നൊക്കെ ചിത്രീകരിച്ചത് അതിന്റെ പാരമ്യത്തിലാണ്. ഇതാണെന്റെ രാഷ്ര്ടീയം. അധികാരത്തോടു വെറുപ്പ്. നിങ്ങള്‍ നോക്കൂ. നമ്മുടെ നേതാക്കന്മാരുടെ നടത്തം. മദയാനയെപ്പോലെ ചിഹ്്‌നം വിളിച്ച്. അഹങ്കാരികളാണ് ഇങ്ങനെ നടക്കുക.
ആശുപത്രിയിലെ മൃഗങ്ങള്‍, വയല്‍ വരമ്പിലെ നോക്കുകുത്തി എന്നീ കഥകള്‍ക്കു പിന്നില്‍ വ്യക്തിപരമായ അനുഭവങ്ങളുണ്ടോ?


സര്‍ക്കാര്‍ ഓഫീസില്‍ പോയപ്പോഴുണ്ടായ അനുഭവത്തില്‍ നിന്നാണ് ആശുപത്രിയിലെ മൃഗങ്ങള്‍ ഉണ്ടാകുന്നത്. ഒരാവശ്യത്തിന് പോയപ്പോള്‍ 'അന്വേഷിക്കൂ' എന്നായിരുന്നു മറുപടി. ആവശ്യക്കാരുടെ അവസ്ഥയെക്കുറിച്ച്, ബുദ്ധിമുട്ടിനെക്കുറിച്ച് ജീവനക്കാര്‍ ചിന്തിക്കുന്നില്ല. ആവശ്യത്തിനുവേണ്ടി ഒരാള്‍ കൈനീട്ടുമ്പോള്‍ നമ്മള്‍ ആ മനുഷ്യനായി മാറണം. നമ്മുടെ ആവശ്യമായി തോന്നണം.അപ്പോഴായിരിക്കും അയാളുടെ ആവശ്യത്തിന്റെ ആഴം മനസിലാക്കാന്‍ കഴിയുക. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്ളവര്‍ പലപ്പോഴും കണ്ടാമൃഗങ്ങളും കുറുക്കന്മാരും പോത്തുകളും ഭ്രാന്തന്‍ നായകളും ഒക്കെയായി തോന്നിയപ്പോഴാണ് ആ കഥയുണ്ടായത്. 'വയല്‍ വരമ്പിലെ നോക്കുകുത്തി' എന്ന കഥ എന്റെ ചങ്ങാതിയുടെ ജീവിതാനുഭാവമാണ്. അവന്‍ പറഞ്ഞത് അതേപടി പകര്‍ത്തി.
സ്വന്തം കഥ?


'വസൂരിക്കാലത്തെ വിരുന്നുകാരന്‍'. ഒരുദിവസം ഞാനും അനുജനും സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയാണ്. അവനാണ് ഓടിക്കുന്നത്. ഇരുട്ട്. 'ഉപ്പയുടെ മുഖം എങ്ങനെ'യാണെന്ന് അവന്‍ എന്നോടു ചോദിച്ചു. ഞാനൊന്നു ഞെട്ടി. അവനെ പ്രസവിച്ച ശേഷം ഉപ്പ നാട്ടിലേക്കു വന്നിട്ടില്ല. ഞങ്ങളെ ഉപേക്ഷിച്ചു. മദിരാശിയില്‍ വേറെ കല്യാണം കഴിച്ചു. അവന്‍ ഉപ്പയെ കണ്ടിട്ടില്ല. ഞാന്‍ എങ്ങനെയാണ് ഉപ്പയുടെ മുഖം പറഞ്ഞു കൊടുക്കുക? വീട്ടിലുണ്ടായിരുന്ന ഉപ്പയുടെ ചിത്രങ്ങളൊക്കെ ഞാന്‍ കീറിക്കളഞ്ഞിരുന്നു.
 മിത്തുകളുടെ പരമ്പരതന്നെയുണ്ടു മലബാറില്‍. യു.എ. ഖാദര്‍ അടക്കമുള്ള എഴുത്തുകാര്‍ ഇവയെ പിന്തുടര്‍ന്നിട്ടുണ്ട്. എന്നാല്‍, എഴുത്തുകാരന്റെ ഇത്തരം നൊസ്റ്റാള്‍ജിയകള്‍ ഇക്കയുടെ കഥകളില്‍ കാണുന്നില്ല. മനപൂര്‍വം ഒഴിവാക്കിയതാണോ?


അല്ല. മിത്തുകള്‍ എനിക്കിഷ്ടമാണ്. കുട്ടിക്കാലത്ത് ഒതുങ്ങി ജീവിച്ച ഒരാളാണ് ഞാന്‍. കുട്ടിക്കഥകള്‍ കേട്ട് വളര്‍ന്ന നാളുകളല്ല എന്റേത്. ഉപ്പയെക്കുറിച്ചുള്ള നാട്ടുകാരുടെ ചോദ്യം. കുത്തിക്കുത്തിയുള്ള ചോദ്യം. ഞാന്‍ ഒതുങ്ങി. ഓരോരുത്തരെയും കാണുമ്പോള്‍ ആ ചോദ്യത്തെ ഭയപ്പെട്ടു. എന്റെ ഉമ്മ വീട്ടില്‍നിന്നും ഇറങ്ങാതായി. വരാന്തയില്‍ പോലും. ഇപ്പോഴും അങ്ങനെതന്നെ. ഗൃഹാതുരത്വം എനിക്കുണ്ടാകില്ലല്ലോ.
സംരക്ഷണയില്ലാതെ വളര്‍ന്ന ബാല്യം. എങ്ങനെയാണ് ജീവിതം മുന്നോട്ടുപോയത്? ഉമ്മയെ എങ്ങനെയാണ് അടയാളപ്പെടുത്തുക.


കാരണവരാണ് ഞങ്ങനെ നോക്കിയത്. പഠിപ്പിച്ചത്. ബിരുദം നേടിയപ്പോള്‍ പഠിപ്പു നിര്‍ത്തി. ഒരു കടയില്‍ ഇരുപതു വര്‍ഷം സെയില്‍സ്മാന്‍ ആയി ജോലി ചെയ്തു. ഇപ്പോള്‍ പങ്കാളിയായി കച്ചവടം ചെയ്യുന്നു. ഉമ്മ നിശബ്ദമായി സ്‌നേഹിക്കുന്ന, സ്‌നേഹം പ്രകടിപ്പിക്കാത്ത, പറയാത്ത ഒരു ജീവിതം. വീട്ടുജോലി കഴിഞ്ഞാല്‍ ജാലകത്തിന്റെ കമ്പി പിടിച്ചു ദൂരെ നോക്കി നില്‍ക്കും. ഒന്നും ആവശ്യപ്പെടില്ല. ഇന്നതു ചെയ്യണമെന്നു പറയില്ല. അക്കാലം എല്ലാവര്‍ക്കും പട്ടിണിക്കാലമായിരുന്നു. എങ്കിലും ഉപ്പയെ ആഗ്രഹിച്ചിരുന്നു. എന്തൊക്കെയോ ആവശ്യം പറയാന്‍. പിന്നെപ്പിന്നെ ജീവിതത്തില്‍ ആഗ്രഹങ്ങളില്ലാതായി. റിബല്‍ രീതിയായി. അത് എഴുത്തിലേക്കും പകര്‍ത്തി.
ഓണ്‍ലൈനില്‍ സജീവമായി ഇടപെടല്‍ നടത്തുന്നുണ്ട്. തപാല്‍ സമരം അടക്കമുള്ള സംഭവങ്ങളോടു പ്രതികരിച്ചു ബ്ലോഗുമെഴുതി. ഇപ്പോഴും എഴുതുന്നു. എങ്ങനെയാണ് ഈ സാധ്യതയെ കാണുന്നത്?


പഴയ മിനി മാസികാ പത്രാധിപരുടെ മനസ് ഇപ്പോഴുമുണ്ട്. അതാണ് ഉപയോഗിക്കുന്നത്. നോക്കിക്കോ, ഇനി തപാല്‍ ഇല്ലാതാകും. ഇപ്പോള്‍തന്നെ ഒരു 'സിഡി' അയയ്ക്കാന്‍ കൊറിയര്‍ നൂറുരൂപ വാങ്ങുന്നു. തപാലില്‍ ഇത് 27 രൂപയാണ്. 'ഓണ്‍ലൈന്‍' നമുക്കു പറയാനുള്ള മാധ്യമമായി ഉപയോഗിക്കണം. ചിലപ്പോള്‍ ആരും ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ ഇതിലൂടെ തുറന്നുകാട്ടാന്‍ കഴിയും. കുറെ മനസുകളുടെ കൂട്ടായ്മയാണ് ഫേസ്ബുക്ക്/ ബ്ലോഗ്.
 മറ്റ് എഴുത്തുകാരുടെ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ പ്രമുഖ പ്രസാധകര്‍ ശ്രമിക്കുന്നു എന്നും ആരോപിച്ചു. ഇന്ന് ഒരാളെക്കുറിച്ച് അറിയാന്‍ അത്ര ബുദ്ധിമുട്ടില്ലല്ലോ ഒരു പുസ്തകം വായിച്ചാല്‍ എഴുത്തുകാരനുമായി നമ്മുടെ പ്രതികരണങ്ങള്‍ പങ്കുവയ്ക്കാന്‍ വിലാസവും ഫോണ്‍നമ്പരും വേണം. ഇന്നു ചില പ്രസാധകര്‍ ബയോഡാറ്റ വയ്ക്കുന്നില്ല. എന്തുകൊണ്ട്?
പുസ്തകത്തിന്റെ റോയല്‍റ്റി നല്‍കിക്കഴിഞ്ഞാല്‍ പിന്നെ എഴുത്തുകാരന് അതുമായി യാതൊരു ബന്ധവും ഇല്ല എന്ന കച്ചവട തന്ത്രമാണിത്. അത്ര പ്രശസ്തനല്ലാത്ത ഒരാളെ അറിയാന്‍ ബുദ്ധിമുട്ടാണ്. നിങ്ങള്‍ നിങ്ങളുടെ സൗകര്യങ്ങള്‍ വച്ചിട്ടാണ് ചിന്തിക്കുന്നത്. അതൊന്നും ഇല്ലാത്ത വായനക്കാരാണ് ഭൂരിപക്ഷം. അങ്ങനെയാകുമ്പോള്‍ എഴുത്തുകാരനും വായനക്കാരനും ഇടപെടാന്‍ കഴിയാതാകുന്നു. എന്തുകൊണ്ടാണ് ഇത്രകാലവും വിലാസമെഴുതിയിരുന്നത് പ്രസാധകര്‍ ഒഴിവാക്കിയത്? അങ്ങനെയാണു ചിന്തിക്കേണ്ടത്. അപ്പോള്‍ കച്ചവടത്തിന്റെ കുരുട്ടുബുദ്ധി കാണാം. വലിയവര്‍ ചെയ്യുന്നതു ചെറുകിടക്കാരും അനുകരിക്കും. അതൊരു ശൈലിയാകും.
എഴുത്തിനു പുറമേയുള്ള പ്രവര്‍ത്തനങ്ങള്‍? അടുത്ത പദ്ധതി? കുടുംബം.

വളപട്ടണത്തെക്കുറിച്ച് ഒരു ഡോക്കുമെന്ററി ചെയ്തിരുന്നു. ഗവേഷണവും സംവിധാനവും ഞാന്‍തന്നെ. അതു ചെറിയ കാമറ പയോഗിച്ചാണ് ചെയ്തത്. വലിയ പ്ര?ജക്ട് ആയി ചെയ്യണം. രാവിലെ എട്ടിനു കടയില്‍ കയറിയാല്‍ പിന്നെ ഉച്ചയ്ക്ക് ഊണു കഴിക്കാനിറങ്ങും. വീണ്ടും കട തുറന്നാല്‍ പിന്നെ വീട്ടിലെത്തുമ്പോള്‍ ഒമ്പതരയാകും. അതിനുശേവും ഇടയിലുമൊക്കെയാണ് മനസു തണുപ്പിക്കാന്‍ ചങ്ങാതിമാരെത്തുക. ചെറിയ സന്തുഷ്ട കുടുംബം. റസീനയാണ് ഭാര്യ. മൂന്നു മക്കള്‍ രണ്ടു പെണ്ണും ഒരാണും. പഠിക്കുന്നു.
നോവലിനെക്കുറിച്ച്
രാഷ്ട്രീയ നോവലാണ്. ഭരണകൂടം എങ്ങനെ നികുതി ചുമത്താമെന്നാണ് ചിന്തിക്കുന്നത്. നാവുനീട്ടി നില്‍ക്കുന്ന കുട്ടിയും മനുഷ്യ വിസര്‍ജ്യത്തിനു നികുതിയും ഒക്കെ ആ അര്‍ഥത്തിലാണ് ഉപയോഗിച്ചത്. നല്ല ബുദ്ധിയുള്ളവരെ വിലയ്‌ക്കെടുക്കുന്ന അമേരിക്ക. അതാണ് നോവലിലെ 'സ്വര്‍ഗസ്ഥലി'. അതുമായുളള ഒരാരോ കരാറും ഓരോ വേഴ്ച്ചയാണ്. അവസാനം നമ്മുടെ ഭൂമി പുതിയ ഭൂമിയാകുന്നു. എന്റെ സ്വപ്‌ന ഭൂമി.






തയ്യാറാക്കിയത്:സി.എസ്. ദീപു (മംഗളം)