Saturday, July 3, 2010

നമുക്കെന്താണ് തിന്നാന്‍ കഴിയുക.....?

വയനാട്ടില്‍ ആനകള്‍ കാട്ടില്‍ നിന്നും മഴക്കാലത്ത് നാട്ടിലേക്ക് ഇറങ്ങി വരാറുണ്ട്. ഇടതൂര്‍ന്ന് വലിയ മരങ്ങളുള്ള കാട്ടില്‍ മഴയും കാറ്റും ഇടിയും മിന്നലുമുണ്ടാവുമ്പോള്‍ വന്മരങ്ങള്‍ പിഴുതു വീണു ആനകള്‍ ചത്തു പോവാറുണ്ടായിരുന്നു. ഇതു ഭയന്നാണ് ആനകള്‍ മഴക്കാലത്ത് കൂട്ടത്തോടെ നാട്ടിലേക്ക് വരുന്നതത്രെ. നല്ല പച്ചപ്പ് വാഴുന്ന സമയത്ത് ആനകള്‍ വയനാട്ടിലെ വാഴകൃഷിയിടങ്ങളിലേക്ക് വരുന്നു. ആനകള്‍ ആദ്യകാലങ്ങളില്‍ നാട്ടിലിറങ്ങിയാല്‍ വാഴയുടെ തണ്ട് കടിച്ച് തിന്നുകയാണ് പതിവ്. ആന കയറിയ വാഴത്തോട്ടത്തില്‍ നിന്നും വാഴക്കുല കൊത്തിയെടുത്ത് കര്‍ഷകര്‍ നഷ്ടം നികത്തുമായിരുന്നു. ഇന്ന് ആന കയറിയാല്‍ തണ്ട് തിന്നാതെ വാഴക്കുലയാണ് തിന്നുന്നത്.

വാഴ നടുമ്പോള്‍ കന്നിന്റെ കൂടെ മരണത്തിന്റെ നീലനിറമുള്ള ഫ്യൂറിഡാന്‍ വിതറുന്നു. വാഴ വളരുമ്പോള്‍ വാഴയുടെ കവിളുകളില്‍ ഫയൂറിഡാന്‍ ഇട്ട് കൊടുക്കുന്നു. പിന്നെ വാഴക്കുലക്ക് തൂക്കവും വണ്ണവും കിട്ടുവാന്‍ കൂമ്പ് വെട്ടിമാറ്റി അമോണിയ വെച്ചു കെട്ടുന്നു. വാഴത്തണ്ടില്‍ ഫ്യൂറിഡാന്‍ വിഷം നിറഞ്ഞുനില്‍ക്കുന്നത് കൊണ്ട് വിഷം തിരിച്ചറിഞ്ഞ ആന വാഴത്തണ്ട് തിന്നാതെ കുലകള്‍ തിന്നുന്നുവത്രെ.

പാവലിന്റെ മേല്‍ ഈച്ച കുത്തിയാല്‍ മഞ്ഞ നിറമാകും. പാവല്‍ കണ്ടങ്ങളില്‍ എക്കാലക്സും, ഫ്യൂറിഡാനും വെള്ളത്തില്‍ കൂട്ടിക്കുഴച്ച് പലയിടങ്ങളില്‍ വെച്ചും ഈച്ചകളെ ആകര്‍ഷിച്ച് കൊല്ലുകയാണ് പതിവുരീതി. തേയില, കാപ്പി, ഏലം തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാനും എക്കാലക്സും, ഫ്യൂറിഡാനും തളിക്കുന്നുണ്ട്. ഫോറേറ്റ്, തിമറ്റ്, റൌണ്ടപ്പ് എന്നിവയും കൂടെയുണ്ട്. ഇവ തോടുകളിലും കിണറുകളിലും എത്തി തോട്ടം മേഖലകളില്‍ കാന്‍സര്‍ രോഗികളൂടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഇത്തരം വിഷക്കൂട്ടുകള്‍ തൊണ്ണൂറായിരം ലിറ്റര്‍ ഉപയോഗിക്കുന്നുണ്ടത്രേ!

മാരകമായ കീടനാശിനികള്‍ . ഔഷധങ്ങള്‍, പെയിന്റുകള്‍, റേഡിയോ ആക്റ്റീവുള്ള മാലിന്യങ്ങള്‍ എന്നിവ മനുഷ്യനും പ്രകൃതിക്കും അപകടകരമായതിനാല്‍ വിദേശ നാടുകളില്‍ നിരോധിച്ചതാണെങ്കിലും നമ്മുടെ നാട്ടിലെ കടകളില്‍ സുലഭമാണ്. ഡി.ഡി.ടി നിരോധിച്ചിട്ട് കാലമെത്രയായി! ബാരല്‍ഗാന്‍, ബ്രൂ ഫന്‍ മുതലായ മാരക കീടനാശിനികള്‍ വിദേശ നാടുകളില്‍ നിരോധിച്ചിട്ടുണ്ടത്രേ. ഇരുപത് കോടിയുടെ മാരകമായ മരുന്നുകളും തൊണ്ണൂറ്റെട്ടായിരം ടണ്‍ കീടനാശിനികളും ഇന്ത്യയില്‍ ഓരോ വര്‍ഷവും വിറ്റഴിക്കുന്നുണ്ടത്രേ. കീടനാശി നി വഴി പത്തായിരം പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്. എല്ലാ ഭക്ഷണസാധങ്ങളിലും മൂന്നിലൊന്ന് വിഷമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. വിവേചനരഹി തമായി ഉപയോഗിക്കുന്ന കീടനാശിനി കൊണ്ടുള്ള മുക്കാല്‍ പ്രശ്നവും ഇന്ത്യയിലാണ്.

പാക്കറ്റിലാകിയതൊക്കെ മികച്ചതും ഗുണമുള്ളതുമാണെന്ന് കരുതാന്‍ മലയാളിയെ പഠിപ്പിച്ച ശേഷമാണ് പാക്കറ്റ് സംസ്ക്കാരം കേരളത്തില്‍ വേരൂന്നിയത്. പെപ്സി. കോള എന്നീ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ശീതള്‍ പാനീയങ്ങളില്‍ കാന്‍സറും ജനിതക വൈകല്യമുണ്ടാക്കുന്ന കീടനാശിനിയുണ്ടെന്ന് ഡൗണ്‍ ടു എര്‍ത്ത് എന്ന പ്രമുഖ ശാസ്ത്ര പരിസ്ഥിതി മാസികയുടെ പ്രസാധകരായ ദല്‍ഹിയിലെ സി.എസ്.ഇ നടത്തിയ പരിശോധനയിലാണ് ആദ്യമായി കണ്ടെത്തിയത്. മിറിന്‍ഡയില്‍ അനുവദനീയമായ കീടനാശനിയേക്കാള്‍ എഴുപതു മടങ്ങ് അധികവും, കൊക്കക്കോളയില്‍ നാല്പത്തിരണ്ട് മടങ്ങും, സെവനപ്പില്‍ മുപ്പത്തി മൂന്നു മടങ്ങും, പെപ്സിയില്‍ മുപ്പത്തിഏഴും, തംസ് അപ്പില്‍ ഇരുപത്തിരണ്ട് മടങ്ങും കീടനാശിനിയുമുണ്ടെന്നാണ് തെളിഞ്ഞത്. എന്നിട്ടും ഇതൊക്കെ നമ്മുടെ മാര്‍ക്കറ്റില്‍ സുലഭമാണ്. ഇതു വഴി ജനിതക മസ്തിഷ്ക രോഗങ്ങള്‍, കാന്‍സര്‍, പ്രതിരോധ ശേഷിയില്ലായ്മ എന്നിവ ഉണ്ടാവുന്നു. ചില പകര്‍ച്ച വ്യാധികള്‍ തിരിച്ച് വരുന്നുണ്ടെന്നാണ് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ് നാട്ടില്‍ നിന്നും വരുന്ന പച്ചക്കറിയില്‍ കീടനാശിനിയൂടെ അളവ് അപകടകരമാം വിധം കൂടിയിരിക്കയാണെന്ന് കോയമ്പത്തൂര്‍ സര്‍ വ്വകലാ ശാലയുടെ പഠനം വെളിപ്പെടുത്തുന്നു.

സംസ്ഥാനത്ത് എത്തുന്ന മുന്തിരിയില്‍ പന്ത്രണ്ട് പി പി എം വരെ മാരക കീടനാശിനിയായ ലിന്‍ഡൈന്‍, നമ്മൂടെ മന്ത്രിമാരുടേയും രാഷ്ടീയ നേതാക്കന്മാരുടെ മേശപ്പൂറത്ത് പരസ്യം പോലെ വെക്കുന്ന കുപ്പി വെള്ളത്തില്‍ എന്‍ഡോസല്‍ഫാന്‍, മാലത്തിയോണ്‍, ഫോസ് മാസിഡോണ്‍, ക്ലോറിപ്പെറിപ്പോസ് എന്നിങ്ങനെ അനവധി കീടനാശിനികളടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. മുളകുപൊടികളില്‍ തുണികള്‍ക്ക് നിറം പീടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡൈയുടെ ഭാഗമായ സുഡാന്‍ ചേര്‍ക്കുന്നുണ്ട്. പരിപ്പില്‍ മെറ്റാനില്‍ മഞ്ഞ, പച്ച മാങ്ങ പഴുപ്പിക്കാന്‍ കാല്‍സ്യം കാര്‍ബൈഡ് എന്നിവയും ഉപയോഗിക്കുന്നുണ്ട്. ഉദര രോഗങ്ങള്‍ക്ക് വഴി വെക്കുന്ന മായം ചേര്‍ത്ത വെളിച്ചെണ്ണ, എണ്ണപ്പനക്കുരു ആട്ടിയെടുക്കുന്ന പാംകെര്‍ണ്ണല്‍ ഓയിലാണ് ഇതില്‍ ചേര്‍ക്കുന്നത്. ദിനം പ്രതി അമ്പത്തി അഞ്ച് ടണ്‍ ഈറോഡ് വഴി ഇവ കേരളത്തിലെത്തുന്നു. അയഡിന്‍ ചേര്‍ത്ത ഉപ്പില്‍ കുപ്പിച്ചില്ലുകളും , മണലും, പാറപ്പൊടിയും ചേര്‍ക്കുന്നുണ്ടത്രേ.

പാര്‍ലേയുടെയും ബ്രിട്ടാനിയുടേയും ബിസ്കറ്റ് കഴിചപ്പോള്‍ ചര്‍ദ്ദിയും വയറിളക്കവും, കാഡ്ബറീസിലും നെസ്ലേയിലും പുഴുക്കള്‍ ഉണ്ടെന്ന വാര്‍ത്തയും നമ്മള്‍ വായിച്ചിരിക്കും. ഇറച്ചിക്കോഴികള്‍ക്ക് മാര്‍ദ്ദവും തൂക്കവും കൂട്ടുവാന്‍ ഈസ്ടജന്‍ ഹോര്‍മോണ്‍ കൊടുക്കുന്നുണ്ട്. അവ സ്ഥിരമായി കഴിച്ചാല്‍ ലൈംഗിക ഹോര്‍മോണ്‍ പെട്ടന്ന് വളരും. ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് അമിത വണ്ണവും തൂക്കവും ഉണ്ടാവും. ഗള്‍ഫില്‍ നിന്നും വരുന്ന കുട്ടികള്‍ അതൊനൊരുതാഹരണമാണ്. ഇത്തരം മാംസ്യാഹാരത്തെ പ്രൊമോട്ട് ചെയ്യുന്ന കെ എഫ് സി, മാക് ഡൊണാള്‍ഡ്സ്, ചിക്ക് കിങ്ങ് പോലുള്ള വമ്പന്‍ വിപണന സാധ്യതകള്‍ നമ്മുടെ നാട്ടിലും വന്നെത്തിക്കഴിഞ്ഞു. കീടനാശിനി കലര്‍ത്തിയിട്ടുള്ള പഴം പച്ചക്കറി മാംസ്യങ്ങള്‍ സംഭരിക്കുന്നതും വിപണനം നടത്തുന്നതും കേന്ദ്ര ഭക്ഷ്യ മായം ചേര്‍ക്കല്‍ നിരോധന നിയമം ആയിരത്തി തൊള്ളായിരത്തി അമ്പത്തിനാല് ന്റെ ലംഘനമാണ്. ആറ് മാസം വരെ കഠിന തടവു വരെ കിട്ടുന്ന ക്രിമിനല്‍ കുറ്റവുമാണ്.

രുചിഭേദങ്ങള്‍ മാറ്റിമറിച്ച് കൊണ്ടുള്ള ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതി നമുക്കു രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. കൃത്രിമമായി സ്വാദുണ്ടാക്കുന്ന മില്‍ക്ക്, സ്ട്റോബറി ഷേക്കുക്കളില്‍ നാല്പ്തിലതികം ഭക്ഷ്യയോഗ്യമല്ലാത്ത രാസ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രെ. പഴകിയ മാംസങ്ങളില്‍ അജിനോമോട്ടോ ഉപയോഗിച്ചാല്‍ പുതിയ മാംസത്തിന്റെ രുചിയും സ്വാദും ലഭിക്കുന്നു. എല്ലാ ഫാസ്റ്റ് ഫുഡിലും സ്ഥിരമായി ഇത് ഉപയോഗിക്കുന്നുണ്ടത്രേ. ഭക്ഷണശീ ലങ്ങളില്‍ നാം കാര്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഒരു ജനതയുടെ തന്നെ ആരോഗ്യം അപകടത്തിലാകും.

http://saikatham.com/4-Malayalam-Essays-1.php

7 comments:

Unknown said...

ഭക്ഷണശീ ലങ്ങളില്‍ നാം കാര്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഒരു ജനതയുടെ തന്നെ ആരോഗ്യം അപകടത്തിലാകും

ബഷീർ said...

കാര്യമാത്ര പ്രസ്കതമായ ലേഖനം. പക്ഷെ ആരും കാര്യമായി എടുക്കാത്തതും. കാശു കൊടുത്ത് വിഷം വാങ്ങിക്കഴിക്കാനാണിന്ന് അധികപേരും ഇഷ്ടപ്പെടുന്നത്. അത്പോലെ നമ്മുടെ ഭൂമി വിഷലിപ്തമായിരിക്കുന്നു. ഈ വക കീടനാശിനികൾ ഉപയോഗിക്കാതെ ഒന്നും തന്നെ മണ്ണിൽ വളരുന്നുമില്ല എന്ന സ്ഥിതിയായിരിക്കയാണ്.

ഒരു വീണ്ടു വിചാരമുണ്ടാവട്ടെ ഏവർക്കും

ബഷീർ said...

O.T

താങ്കളുടെ ലേഖനങ്ങൾ വായിച്ചിട്ടുണ്ട്. ഇവിടെ കണ്ടതിലും സന്തോഷം

Anil cheleri kumaran said...

കാലിക പ്രസക്തമായ ഒരു പോസ്റ്റ്.

naakila said...

കുമാരന്റെ അഭിപ്രായത്തോട് യോജിക്കുന്നു

Anonymous said...

വളരെ പ്രസക്തമായ ലേഖനം . ആളുകൾ തീര്ച്ചയായും വായിച്ചിരിക്കേണ്ട കരിയങ്ങലാണ് ഇത്. ജിൻസൻ ഇരിട്ടി

madhunambiar said...

കാലിക പ്രധാന്യമുള്ള പ്രശ്നത്തെ സങ്കീര്‍ണമായി
വിശകലനം ചെയ്തിരിക്കുന്നു...ബഷീര്‍ പറഞ്ഞത് പോലെ വീണ്ടു വിചാരം ഉണ്ടാവട്ടെ
എല്ലാവര്ക്കും.....