Wednesday, February 13, 2013

തോൽക്കുന്ന കേരളാ പോലീസും ജയിക്കുന്ന രാഷ്ട്രീയ പാർട്ടികളും










1980ലായിരുന്നു അങ്ങനെ ഒരു സംഭവമുണ്ടായത്. പോലീസുകരുടെ പ്രകടനം എറണാകുളത്ത് വെച്ച് നടക്കുകയുണ്ടായി. പതിനായിരക്കണക്കിന് പോലീസുകാർ പ്രകടനത്തിൽ പങ്കെടുക്കയുണ്ടായി.
പോലീസുകാരൊക്കെ ഇങ്ങനെ മുദ്രാവാക്യം വിളിക്കുകയുണ്ടായി.
ഞങ്ങൾ ഇന്നലെ അടിമകളായി,
ഭരണക്കാരുടെ മർദ്ദകരായി,
ചെയ്തുപോയൊരു അപരാധം,
പൊറുക്കുക, മറക്കുക
സോദരരേ
എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിലുടനീളം പോലീസുകാർ ഉറക്കെ വിളിച്ചിരുന്നു. ഭരണാധികാരികളുടെ ഉപകരണമായിത്തീർന്ന പോലീസുകാർ
പോലീസുകാർ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ തെറ്റുകൾ ഏറ്റുപറഞ്ഞ് പൊതുസമൂഹത്തിനോട് പൊറുക്കലിനെ തേടിയത് ഇന്ദിരയുടെ അടിയന്തരാവസ്ഥ കഴിഞ്ഞതിനു ശേഷമായിരുന്നു. പോലീസുകാരുടെയും ഭരണകൂടത്തിന്റെയും സുവർണ്ണകാലമയിരുന്നല്ലോ അടിയന്തിരാവസ്ഥ. എന്തായാലും ചെയ്തുകൂട്ടിയ മർദ്ദനങ്ങൾക്ക്, ഇടികൾക്ക്, ഉരുട്ടലുകൾക്ക്, ഗരുഡൻ തൂക്കത്തിന് പൊതുസമൂഹത്തിനോട് പ്രായശ്ചിത്തം തേടിയതു തന്നെ പോലീസുകാരുടെ മനസ്സിന്റെ വലിപ്പത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ഉദാഹരണമായി കണക്കാക്കുന്നതിൽ തെറ്റില്ല. ഗണത്തിൽ തന്നെ വർഗീസ്സിനെ വെടിവെക്കേണ്ടി വന്ന രാമചന്ദ്രൻ പോലീസിനെയും ഉൾപ്പെടുത്താം.
ഭരണകൂടത്തിന്റെ പ്രത്യേക വിഭാഗമാണ് പോലീസ്.
പൊതു സമൂഹത്തിന്റെ പ്രതികരണത്തെ, അത് ഭരണകൂടത്തിന് ഭീഷണിയാകട്ടെ, അല്ലാതാകട്ടെ പ്രതിഷേധത്തെയും പ്രതികരണത്തെയും പോലീസിനെക്കൊണ്ട് അടിച്ചമർത്തുകയെന്നതാണ് ഭരണകൂട രീതി. ബ്രിട്ടീഷുകാർ പിന്തുടർന്നു പോന്ന രീതി തന്നെയായിരുന്നു ഇത്. പട്ടാളക്കാരെ ഉപയോഗിച്ച് കൊണ്ടായിരുന്നു രാജക്കന്മാർ പ്രജകളെ അടിച്ചമർത്തി ഭരിച്ചുപോന്നത്.
ന്യായങ്ങളോ അന്യായങ്ങളോ നോക്കിയിട്ടല്ല നമ്മുടെ പോലീസുകാർ പ്രശ്നങ്ങളിൽ ഇടപെടുന്നത്. ഭരണകൂടത്തിന്റെ ആജ്ഞകൾ നടപ്പാക്കിലാക്കുകയെന്നതാണ് പോലീസിന്റെ ജോലി. ചോറ് തരുന്നവന് കൂറ് എന്ന പദമാണ് അനുയോജ്യം.
രാജ്യത്തിലെ 6.5 ലക്ഷം വില്ലേജുകളിൽ 13000 പോലീസ് സ്റ്റേഷനുകളിൽ 22 ലക്ഷം പോലീസുകാരാണ് ജനതയുടെ സുരക്ഷിതത്വത്തിനും നീതി നിർവഹണത്തിനും വേണ്ടി നിലകൊള്ളുന്നത്. എന്നാൽ പൗരന്റെ സ്വാതന്ത്ര്യമോ, ഭരണഘടനാപരമായ അവകാശമോ ജനസേവന ലക്ഷ്യമോ നടപ്പിലാക്കുന്ന പക്ഷരാഹിത്യവും കാര്യക്ഷമവുമായ ഏജൻസിയായി പോലീസിന് മാറാൻ കഴിഞ്ഞിട്ടില്ല. (ജനകീയ പോലീസ്) എന്നൽ ഭരണകൂട പരസ്യത്തിൽ മാത്രം പോലീസിനെ മികച്ചതായി കാണാം. വാഹന പരിശോധനയും മറ്റും നടത്തി ഖജനാവ് നിറക്കുകയെന്ന പുതിയ ഭാഷ്യമാണ് പോലീസുകാരെക്കൊണ്ട് ഭരിക്കുന്നവർ ചെയ്യുന്നത്. പിഴ പണം നൽകാൻ കഴിവുണ്ടെങ്കിൽ നിങ്ങൾക്ക് നിയം ലംഘിക്കാം എന്നാണ് പുതിയ സമവാക്യം. അതുകൊണ്ടു തന്നെയാണ് പൊതു സ്ഥലം കൈയ്യേഇ കെട്ടിടം നിർമ്മിച്ചവരുടെ കെട്ടിടം പൊളിക്കാതെ പിഴ പണം വാങ്ങിയാൽ പോരെയെന്ന ചിലരുടെ വാദം നമ്മൾ കേൽക്കുന്നതും.
ഭരിക്കുന്നവരുടെ പോലീസ് എന്നാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന മുദ്രാവാക്യം. അതുകൊണ്ടു തന്നെ ഭരിക്കുന്ന രാഷ്ട്രീയക്കാർക്ക് സ്വന്തം പോലീസും പ്രതിപക്ഷത്തിരിക്കുമ്പോൾ ആരാന്റെ പോലീസുമാകുന്നത്. (കരുണാകരന്റെയും, ആന്റണിയുടെയും, നായനാരുടെയും അച്യുതാനന്ദന്റെയും പോലീസാകുന്നതും) ഭരണകൂടത്തിനുവേണ്ടി മാത്രമാണ്, അവരുടെ താല്പര്യത്തിനുവേണ്ടി മാത്രം നിലകൊള്ളുന്നതാണ് പോലീസ് എന്നതിന് ഉദാഹരണമാണിത്.
പോലീസിന്റെ ഭീകരവാഴ്ച നടന്ന കാലം അടിയന്തിരാവസ്ഥയായിരുന്നു. കടിഞ്ഞാണില്ലാത്ത കുതിര പോലെ, പൗരന്റെ സ്വാതന്ത്ര്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും മേൽ കുതിര കയറുകയായിരുന്നു പോലീസ്.
അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ ഭീകരമായ പോലീസ് പീഡനം അനുഭവിച്ചവരുടെ സാക്ഷ്യം കേട്ടാൽ മതിയാകും അക്കാര്യം തിരിച്ചറിയുവാൻ.
സാംസ്കരിക പ്രവർത്തകനായ് കെ.മോഹനനോട് (പച്ചക്കുതിര മാസിക, ജൂൺ 5) അടിയന്തിരാവസ്ഥയിലെ പോലീസ് പറഞ്ഞത്നിന്നെയൊന്നും കൊന്നാൽ ഒരു പട്ടിയും ചോദിക്കില്ലായെന്നയിരുന്നു.’
ഇതാണ് പോലീസ് രാജ് എന്നു പറയുന്നത്. നീതിയും നിയ്മവും പോലീസ് തന്നെ നടപ്പിലാക്കിയ കാലം.!
അദ്ദേഹം തുടരുന്നു.
ബെഞ്ചിൽ പിടിചുകെട്ടി, മൂന്നോ നാലോ പേർ ഒരു ഭാഗത്തും അത്രയും പേർ മറുഭാഗത്തുമായി ഉരുട്ടലാരംഭിച്ചു. കാലിനടിയിൽ തല്ലുന്നുണ്ട്. ഹീറ്റിംഗ് പ്രോസസ്സ് എന്നാണ് ഉരുട്ടലിന് പോലീസുകാർ പറയുക്. അതിഭീകരമായ വേദന മൂർദ്ദാവ് മുതൽ ശരീരത്തിലെ എല്ലാ ഭാഗത്തെഅക്കും പടരും. ഗ്രാഫിന് മേലൊട്ടേക്ക് സ്ഥലമില്ലാത്തത് പോലെയുള്ള ഉച്ഛസ്ഥായിയിലുള്ള വേദന. ഷർട്ട് വായിൽ തിരുകിയിട്ടുണ്ട്. കുറെ സമയം ഇങ്ങനെ തുടർന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെങ്കിലും മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉറപ്പായി. കുറച്ചുകൂടെ കഴിഞ്ഞപ്പോൾ അബോധാവസ്ഥയിലായി.’
എന്നാൽ കണ്ണൂരു കാരനായ കവിണിശ്ശേരി രാമചന്ദ്രൻ (അതേ ലക്കം പച്ചക്കുതിര) പറഞ്ഞത് പോലീസിന്റെ മറ്റൊരു മുഖമാണ്.
ഒരു പോലീസുകാരനുണ്ടായിരുന്നു. മുസ്ലീമാണ്. ആജാനബാഹുവായ ഒരാൾ. ഉറക്കെ ചീത്ത പറയും. പക്ഷെ ഭയങ്കര സോഫ്റ്റ് ആണ്. ചിലപ്പോൾ എന്നെ കണ്ടിട്ട് വാവിട്ട് കരയും. ചെറിയ കുട്ടീ, എങ്ങിനെ നീയിതിൽ പെട്ടു എന്നൊക്കെ ചോദിക്കും.
ഇന്ത്യക്ക് പറ്റിയ പോലീസ് എന്നാണ് ബ്രിട്ടീഷ് എഴുത്തുകാരനായ ഗ്രഹാം ഹാൾ പറഞ്ഞത്. അതായത് മൊഴി മാറ്റിപ്പറയുന്ന പോലീസ്. (ഏലിയാസ്). ആദിവാസികളെ പാമ്പിനെ തല്ലിക്കൊല്ലുന്ന പോലീസ് (മുത്തങ്ങ) ഇത് കൊണ്ടായിരിക്കണം ഗ്രഹാംഹാൾ മുൻകൂട്ടി പറഞ്ഞത്. അതായത്, നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും അനുഭവിക്കുന്നതുമാ പോലീസിനെ അല്ലാതെ മറ്റൊരു പോലീസിനെ ഇന്ത്യയിൽ വളർത്തിക്കൊണ്ടുവരാൻ കഴിയില്ലെന്നാണ് ഗ്രഹാം ഗ്രീൻ പറഞ്ഞതിന്റെ സാരം. എന്നാൽ നിയമ വിധേയമാ ക്രിമിനൽ സംഘമാണെന്നാണ് അലഹബാദ് ഹൈക്കോടതി ജഡ്ജിയായ മുള്ള പറഞ്ഞത്. നമ്മുടെ അഭ്യന്തര മന്ത്രി പറയുന്നത് പോലീസിനകതു തന്നെ ക്രിമിനൽ സംഘമുണ്ടെന്നാണ്.
പൊതുജനം പേടിയോടെ ഇടപെടുകയും വീക്ഷിക്കുകയും ചെയ്യുന്ന വകുപ്പാണ് പോലീസ് എന്നതിൽ രണ്ടഭിപ്രായമുണ്ടാകില്ല. പണ്ടൊക്കെ പോലീസ് സ്റ്റേഷനിൽ പോയി സഹായം അഭ്യർത്ഥിക്കുകയെന്നത് ഒരു ഔദാരയമായിട്ട് കരുതിയിരുന്നു. പോലീസ് സ്റ്റേഷനിൽ വിളിച്ച് സേവനം ആവശ്യപ്പെടാൻ ധൈര്യമുള്ള ആളുകൾ അന്ന് വിരളമായിരുന്നു. സബ് ഇൻസ്പെക്ടറെഏമാൻഎന്നും ഹെഡ്കോൺസ്റ്റബിളിനെഅങ്ങത്തെഎന്നും വിളിച്ച കാലത്തിൽ നിന്നും ഇന്ന് പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. ഇനി ജനകീയ പോലീസ് അകുമെന്നാണ് ഭരണകൂടം പറയുന്നത്.
പോലീസ് പരിഷ്ക്കരണത്തിൽ കര്യമായ ശ്രമമൊന്നും നടത്തിയിട്ടില്ലെന്നാണ് പി.ജി അലക്സാണ്ടർ .പി.എസ് (കാവൽ- കൈരളി മാസിക) പറയുന്നത്. യു.പി.എസ്.സി നിശ്ചയിക്കുന്ന പാനലിൽ നിന്നും വകുപ്പു തലവനെ തെരഞ്ഞെടുക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം മാറിമാറി വരുന്ന സർക്കാരുകൾ സ്വീകരിക്കാറില്ലെന്ന്  അദ്ദേഹം പരാതിപ്പെടുന്നുണ്ട്.
ഭരിക്കുന്നവരുടെ താല്പ്പര്യത്തിനൊത്ത് ആശ്രിത വത്സലരെ മൂലക്കിരുത്തുകയും പെയ്യുന്ന പതിവാണ് രാഷ്ടീയക്കാർക്കുള്ളതെന്ന് മാധ്യമങ്ങളിലെ പോലീസ് വർത്തമാനം വായിച്ചാൽ നമുക്ക് മനസ്സിലാക്കുവാൻ കഴിയും.
എന്നാൽ മാറി മാറി (നിറം) വരുന്ന ഭരണകൂടം ഒരേ സമീപനമാണ് പോലീസിന്റെമേൽ വെച്ചുപുലർത്തുന്നത്.


എന്തുകൊണ്ടാണ് നൻമ നിറഞ്ഞതും ശാസ്ത്രീയവുമായ പോലീസിനെ വാർത്തെടുക്കുവാൻ ശ്രമിക്കാത്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയായിരുന്ന സമയത്ത് കെ.കരുണാകരന് ഉത്തരമുണ്ടായിരുന്നു. പോത്തിനോട് ചോദിച്ചിട്ടല്ല പോത്തിന്റെ കഴുത്തിൽ നുകം വെക്കുന്നതെന്നായിരുന്നു മറുപടി.
1951 കേരളത്തിൽ 11,312 പോലീസുകാരാണ് ഉണ്ടായിരുന്നതെങ്കിൽ 2006 ആകുമ്പോഴെക്കും 54000 പോലീസുകാരുണ്ടായി കേരളത്തിൽ. എന്നാൽ 1957കുറ്റകൃത്യങ്ങളുടെ എണ്ണം 8088 ആണെങ്കിൽ 2006 1,86000 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പോലീസ് പരിശീലന കേന്ദ്രം ശാസ്ത്രീയമായി പരിശീലിപ്പിച്ചിട്ടാണ് പറയുന്നുണ്ടെങ്കിലും ആദ്യകാലങ്ങളിൽ മൃഗീയ രീതിയികളും പരിശീലകന് തോന്നുംപടി പഠിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടത്രെ. എന്നാൽ ഇത്തരം സർക്കസ് പരിശീലന കേന്ദ്രത്തിൽ നിന്നും പരിശീലനം  ലഭിച്ചതുകൊണ്ടാണ് പല ആപൽഘട്ടങ്ങളും തരണം ചെയ്യുവാൻ പോലീസിന് കഴിയുന്നതെന്ന വാദവും കേൾക്കാം. എന്ത് തന്നെയായാലും മൃഗീയ പരിശീലനത്തിന്റെ അനന്തര ഫലം അനുഭവിക്കേണ്ടി വന്നത് നമ്മുടെ സമൂഹമാണ്.
ശരീരത്തിന് പാകമാകാത്തതും യോജിക്കാത്തതുമായ വസ്ത്രങ്ങൾ ധരിക്കാൻ കൊടുത്തും, പുതു പോലീസുകാരന്റെ നെഞ്ചിൽ നമ്പർ കുത്തിയും, മുഖത്ത് തുപ്പിയും, ശാരീരിക പീഡനങ്ങൾ ഏല്പ്പിച്ചും, പ്രതികരണശേഷിയും സ്വതന്ത്ര്യ തൃഷ്ണയും അവകാശബോധവും നന്മയുമൊക്കെ വലിച്ചെടുത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തീ നിറക്കുകയാണ് ഓരോ പരിശീലന കേന്ദ്രങ്ങളും ചെയ്യുന്നതെന്ന്ഇന്ത്യൻ പോലീസ് സേനയുടെ സംഘടനാ ചരിത്രം ഒരു രൂപരേഖഎന്ന പുസ്തകം എഴുതിയ കെ.ജെ ജോർജ് ഫ്രാൻസിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
മരിയതക്ക് കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ ബൂട്ട്സിന്റെ ലാഡനും മറ്റൊരു മരത്തിൽ പതിയേണ്ടി വരുമെന്നാണ്’ 1957 തൃശൂർ രാമപുരം പോലീസ് ക്യാമ്പിൽ വെച്ച് ഇദ്ദേഹത്തിനോട് പരിശീലകൻ പറഞ്ഞത് പോലീസ് ക്യാമ്പിലെ പീഡനങ്ങൾ സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്ത പോലീസുകാരന്റെ ലാഡനായിരുന്നു മരത്തിൽ തറച്ചു വെച്ചത്.
1857 നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാർ ശിപയി ലഹളയെന്നാണ് പേരിട്ട് വിളിക്കുന്നത്. ബ്രിട്ടീഷുകാരുടെ കീഴിലുള്ള പട്ടാളക്കാരുടെ മനസ്സിൽ രൂപപ്പെട്ട സ്വാതന്ത്ര്യത്തിന്റെയും രാഷ്ടീയത്തിന്റെയും സംഘബോധത്തിന്റെയും ഫലമായിട്ടാണ് സൈന്യത്തിനകത്ത് കലാപത്തിന്റെയും തീ പടരൽ ഉണ്ടായത്.
സ്വാതന്ത്ര്യവും രാഷ്ട്രീയവുമായി ഇന്ത്യൻ സൈനികർ ചിന്തിക്കുവാൻ തുടങ്ങ്നിയിരിക്കുന്നുവെന്ന് മൻസ്സിലാക്കിയ ബ്രിട്ടീഷ് ഭരണകൂടം ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി.
വിവേകവും വകതിരിവുമുള്ള ജോലികൾ താഴെക്കിറ്റയിലുള്ളവരെ ഏല്പ്പിച്ചുകൂടഎന്നായിരുന്നു കമ്മീഷന്റെ നിഗമനം.

ബ്രിട്ടീഷ്‌കാര്‍ക്ക് പിറകെ വന്ന ഇന്ത്യന്‍ ജനാധിപത്യവും (ഭരണകൂടം) ഈ വിശ്വാസം തന്നെയായിരുന്നു പുലര്‍ത്തിയിരുന്നത്. പോലീസില്‍ ക്രിമിനലുകളുണ്ടെന്ന് ഭരണകൂടം ഏറ്റുപറഞ്ഞത് കേരളമക്കള്‍ കേട്ടതാണല്ലോ. 2005 ജനവരി മുതല്‍ 2007 ഒക്‌ടോബര്‍ വരെയുള്ള കാലത്ത് അന്വേഷണം പൂര്‍ത്തിയായപ്പോള്‍ മൊത്തം 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മനുഷ്യാവകാശലംഘനം നടത്തിയതായി മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ 22 പേര്‍ ഉദ്യോഗസഥരാണ്. ഒരു ഡി.വൈ.എസ്.പിയും 6 സി.ഐമാരും 9 എസ്.ഐമാരും ഒരു ഹെഡ് കോണ്‍സ്റ്റബിളും 5 പോലീസുകാരുമാണ് ഭൂരിപക്ഷം.
ക്രിമിനല്‍ സമൂഹത്തില്‍ പോലീസുകാരും ക്രിമിനലായിത്തീരുമ്പോള്‍ സമൂഹത്തിന് അപചയമാണ് സംഭവിക്കുക. പോലീസുകാരെ നിഷ്‌ക്രിയരാക്കുകയും നോക്കുകുത്തികളാക്കി പരിഹാസകഥാപാത്രമാക്കി മാറ്റുന്നതില്‍ കേരള രാഷ്ട്രീയ പാര്‍ട്ടികള്‍ മിടുക്കന്മാരാണ്. ബീഹാറിലും മറ്റുമാണ് പോലീസ് സ്റ്റേഷന്‍ വളഞ്ഞ് പ്രതികളെ മോചിപ്പിച്ച വാര്‍ത്ത കേള്‍ക്കാറുള്ളത്. ഇപ്പോള്‍ കേരളത്തിലും സ്ഥിരമായി ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയക്കാര്‍ ചെയ്തുവരുന്നു. ഇത്തരം കാര്യങ്ങള്‍ പോലീസിന്റെ മനോവീര്യം തകര്‍ക്കലാണ് സംഭവിക്കുന്നത്. ഒരു സമാന്തര നീതിന്യായ വ്യവസ്ഥയാണ്. രാഷ്ട്രീയക്കാര്‍ (പലനിറം) നടപ്പിലാക്കുന്നത്. ജനാധിപത്യത്തെ നശിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകുന്നു. അതുപോലെ തന്നെ നമ്മുടെ മുറ്റത്തുനിന്ന് പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരെ തന്നെയാണ് പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിക്കുന്നതും. വാറന്റ് കൊണ്ടുപോയാല്‍ തലയില്‍ തൊപ്പിയുണ്ടാകില്ലത്രേ!അതുപോലെത്തന്നെ അമിതവേഗതയില്‍ വാഹനമോടിച്ചാല്‍ പോലീസുകാര്‍ പിഴ ചുമത്തും. എന്നാല്‍ മന്ത്രിമാരുടെ അകമ്പടിയോട്ടത്തിന് കാവല്‍ നില്‍ക്കുന്നതും, നാട്ടുകാരേ ആട്ടിയോടിച്ച് 'അതിവേഗതയില്‍ ബഹുദൂരത്തില്‍' കാതടപ്പിക്കുന്ന ഒച്ചയോടെ പരക്കം പായുന്ന മന്ത്രിവാഹനത്തിന് പിഴ ചുമത്താറില്ല. പ്രജകള്‍ക്ക് ഒരു നിയമം രാജാവിന് ഒരു നിയമം!
എന്നാല്‍ കേരളാ പോലീസ് മികച്ച പോലീസാണെന്ന് നമുക്ക് അറിയാം. ചേലമ്പ്ര ബേങ്ക് കൊള്ള തെളിയിച്ചതിന്റെ ഇപ്പോഴത്തെ സാക്ഷ്യമാണ് ഭരിക്കുന്നവരുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനു പകരം സാമൂഹിക സുരക്ഷിതത്വത്തിന് അനുയോജ്യമായ ജനകീയ പോലീസാക്കി മാറ്റണമെങ്കില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ തീരുമാനിക്കണം. ബുദ്ധിയും കഴിവുമുള്ള ഈ പോലീസുകാരുടെ നട്ടെല്ല് വളക്കുവാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കില്ലെന്ന സമ്മതപത്രം നല്‍കണം. അല്ലെങ്കില്‍ കേരളാപോലീസ് വെറും കാഴ്ചക്കാരനായി മാറും. ആ വാര്‍ത്ത നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. 'പോലീസ് ഇടപെടാതെ മാറി നിന്നു' അതാണ് വാര്‍ത്തയിലെ വര്‍ത്തമാനം.

സൂചന:
* ഇന്ത്യന്‍ പോലീസ് സേനയുടെ സംഘടനാ ചരിത്രം ഒരു രൂപരേഖ- കെ.ജെ. ജോര്‍ജ്ജ് ഫ്രാന്‍സിസ്.
* കാവല്‍ കൈരളി (2007 ആഗസ്റ്റ്) പോലീസിന്റെ മുഖപത്രം.

1 comment:

Unknown said...

തോൽക്കുന്ന കേരളാ പോലീസും ജയിക്കുന്ന രാഷ്ട്രീയ പാർട്ടികളും