കാഴ്ചയുടെ കിളിവാതിലുകള്‍.
എന്റെ പേരില്‍ എഴുതിത്തന്ന വീടും പുരയിടവും തിരിച്ചെഴുതി തരണമെന്ന് മകന് പറഞ്ഞപ്പോള്‍ പണ്ട് ഓത്തുപള്ളിയില്‍ ഒന്നിച്ചു പഠിച്ച ഉമ്മുക്കുലുസുവിനെയാണ് ഓര്‍മ്മവന്നത്. മക്കനകുത്തി,
കീറിയ പാവാടയിട്ട്, തുണിയില്‍ പൊതിഞ്ഞ മുസ്ഹഫ്* നെഞ്ചില്‍ അടക്കിപ്പിടിച്ച്,
ജുമുഅത്ത് പള്ളിക്കരികിലെ ഇടവഴിയിലൂടെ കിലുകിലു ഒച്ചയുണ്ടാക്കി നടന്ന കാലം. താടിയുസ്താദ് ഓതിത്തന്ന അറബിയക്ഷരങ്ങള്‍ ഒച്ചയീണത്തില് ചൊല്ലി പഠിച്ചത് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്.
ഒരു ദിവസം-
ബെല്ലടിച്ച് മദ്രസ വിട്ടു. മുസ്ഹഫ് തുണിയില്‍ പൊതിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോഴാണ് പിറകില്‍ നിന്നും ഉമ്മുക്കുലുസു നീട്ടിവിളിച്ചത്.
''നബീസാ...''
ചിരിച്ച മുഖത്തോടെ കൈത്തണ്ടയില്‍ കുലുങ്ങുന്ന മഞ്ഞ കുപ്പിവളകളിലൊന്ന് ഊരിയെടുത്ത് നീട്ടിപറഞ്ഞു ''നീയെട്ത്തോ...''
വാങ്ങി. എപ്പോഴും ആഗ്രഹിച്ചതായിരുന്നു. കുപ്പിവള കിട്ടാന്‍ കൊതിച്ചിരുന്നു. കുപ്പിവളകള്‍ കുലുക്കി കുലുക്കി നടക്കുന്ന ചങ്ങായി കുട്ട്യോള്ടെ ഭാഗ്യത്തെക്കുറിച്ചോര്ത്ത് അസൂയപ്പെട്ടിരുന്നു. ഉമ്മയോട് പറഞ്ഞിട്ട് കാര്യമില്ല. പൈസയുണ്ടാവില്ല. ഉപ്പ മരിച്ചശേഷം അയല്പക്കത്തെ അടുക്കളപ്പണിയെടുത്ത് കിട്ടുന്ന ബാക്കിയാകുന്ന ഭക്ഷണം കൊണ്ടാണ് ജീവിക്കുന്നത്.
ചുരുട്ടിപ്പിടിച്ച വിരലുകള്‍ക്കിടയിലൂടെ കുപ്പിവള തിരുകിക്കയറ്റി തന്നത് ഉമ്മക്കുലുസുവായിരുന്നു. നിറഞ്ഞ കണ്ണുകള്‍ തുടച്ചു. ഒന്നും പറയാനാവാതെ അവളെ അങ്ങനെ നോക്കി നിന്നു.
''എനിക്ക് തന്നതിന് നിന്റുമ്മ ചീത്തപറയില്ലേ''
ഉമ്മുക്കുലുസു മറുപടി പറയാതെ ചിരിച്ചു.
കൈത്തണ്ടയിലെ കുപ്പിവള ഉമ്മാക്ക് കാണിച്ചു കൊടുത്തു. ഉമ്മക്കുലുസു തന്നതെന്ന് പറഞ്ഞു. ഓള്‍ടെ ഇക്കാക്ക യൂസഫ്ക്കാന്റെ ഷാപ്പില് നിന്നും വാങ്ങിച്ചതാണെത്രെ. പിന്നീടൊന്നും ഉമ്മ ചോദിച്ചില്ല. മഞ്ഞ തൊട്ടുനോക്കി.
ഉമ്മാക്ക് വേണോ....
എന്റെ തല തലോടി. ഉമ്മയുടെ മുഖം വാടിയിട്ടുണ്ട്. അടുക്കളിലേക്ക് നടക്കുമ്പോള്‍ നിസ്സഹായതയുടെ നെടുവീര്‍പ്പുകള്‍ കേട്ടു.
പിറ്റേന്ന് ഉമ്മുക്കുലുസു മഞ്ഞവള തിരിച്ചു ചോദിച്ചു. കയ്യില്‍ കുപ്പിവള ഇല്ലായിരുന്നു. എളേമ്മയുടെ മോള് ചോദിച്ചപ്പോള്‍ ഊരിക്കൊടുത്തു. അവളുടെ സന്തോഷമുഖം കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു. ഇഷ്ടപ്പെട്ട സാധനങ്ങളാണ് മറ്റുള്ളവര്‍ക്ക് നല്‍കേണ്ടത്. അങ്ങനെ കൊടുക്കുമ്പോള്‍ ഇഷ്ടം ഉപേക്ഷിക്കലാകുന്നു. മറ്റുള്ളവര്‍ക്ക് കൊടുത്തതിനെക്കുറിച്ച് പിന്നീടൊരിക്കലും ആലോചിക്കരുത്. കൊടുത്തത് വീണ്ടും ചിന്തിക്കുമ്പോള്‍ കൊടുത്തത് നഷ്ടപ്പെടലാണെന്ന് തോന്നുകയും തിരിച്ചു കിട്ടാന്‍ ആഗ്രഹിക്കുകയും ചെയ്യും. അതുപോലെ തന്നെ കൊടുത്തതിനെക്കുറിച്ച് പലരോടും പറയുന്നതും തെറ്റാണ്. വാങ്ങിയവരെ വിധേയന്മാരാക്കുവാന് ആഗ്രഹിക്കുന്നവരാണ് അങ്ങനെ പറഞ്ഞു നടക്കുന്നത്.
''നിനക്ക് തന്നത് നീയെന്തിനാ മറ്റൊരാള്‍ക്ക് നല്‍കിയത്''
ഉമ്മക്കുലുസുവിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. എന്ത് പറയാന്‍. തന്നത് തിരിച്ചുചോദിക്കുന്ന മനസ്സിന്റെ കറുപ്പിനെക്കുറിച്ചാണ് ആലോചിച്ചത്. പിന്നെന്തിനാണ് തന്നത്. വാങ്ങേണ്ടതില്ലായിരുന്നു. ഇനി പറഞ്ഞിട്ടെന്ത് കാര്യം.
''ഇനീപ്പം വേറെ വാങ്ങിത്തരാന്‍ എന്റെ കയ്യില്‍ പൈസയില്ല''
കരച്ചിലോടെയാണ് ഉമ്മക്കുലുസുവിനോട് പറഞ്ഞത്.
ഒന്നും പറയാതെ ഉമ്മക്കുലുസു നടന്നുപോയി.
അതുപോലെയാണ് മകനും ചോദിക്കുന്നത്. അവന് വാങ്ങിത്തന്ന പുരയും സ്ഥലവും തിരിച്ചെഴുതി കൊടുക്കണമെന്നാണ് പറയുന്നത്. അന്ന് ആവശ്യപ്പെട്ടിട്ടൊന്നുമല്ല എന്റെ പേരില്‍ എഴുതിത്തന്നത്. കൂട്ടുകുടുംബ തറവാട്ടില്‍ നിന്നും ശ്വാസം മുട്ടുന്ന ജീവിതത്തില്‍ നിന്നും കരകയറ്റം.
മാറ്റി എഴുതാന്‍ പറയുന്നതില്‍ അവന് ന്യായീകരണമുണ്ട്. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ഈ സ്വത്തിന് അവന്റനിയന്മാര് അടിപിടി കൂടുമത്രെ. കൂടട്ടെ. അല്ലെങ്കില്‍ എല്ലാവര്ക്കും കൃത്യമായി വീതിച്ചു നല്കിയാല് പോരേ. ചിലര്‍ വേണ്ടായെന്ന് പറയും. ചിലര്‍ വേണമെന്ന് പറയും. വേണ്ടവര്‍ക്ക് കൊടുക്കണം. വേണ്ടാത്തവര്‍ക്ക് കൊടുക്കേണ്ട. തല പുണ്ണാക്കേണ്ട കാര്യമൊന്നുമില്ല. ഉമ്മയുടെ വീടാണിത്. അത് ആര് വാങ്ങിത്തന്നുവെന്നതിന് പ്രസക്തിയില്ല. തറവാട്ടുപുര ഭാഗം വെക്കുമ്പോള്‍ ആരാണിത് വാങ്ങിയതെന്ന് നോക്കാറില്ലല്ലോ...
സ്വത്ത് ആര്‍ക്കെഴുതി കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണല്ലോ. ഉമ്മക്കുലുസു കുപ്പിവള തന്നതുപോലെ വീടും പറമ്പും വാങ്ങിത്തന്നു. തരികയെന്നത് ഉപേക്ഷിക്കലാണെന്നും പിന്നീടൊരിക്കലും ആഗ്രഹിക്കരുതെന്നും ഉമ്മുക്കുലുസുവിനോട് പറയാന്‍ നാവ് പൊന്തിയില്ല. മകനോട് പറയാന്‍ ത്രാണിയുണ്ട്. എന്തിന് മക്കളെ പേടിക്കണം?
ജീവിതത്തില്‍ ഇതുവരെ സന്തോഷിച്ചിട്ടില്ല. മക്കള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ മനഃസമാധാനമുണ്ടാകുമെന്ന് കരുതിയിരുന്നു. അതും ഉണ്ടായില്ല. ഭാഗ്യം വേണം നല്ല മക്കളെ കിട്ടാന്‍. മക്കളന്യോന്യം കീരിയും പാമ്പും പോലെ വെറുപ്പും വൈരാഗ്യവും പകയുമായി നടക്കുകയാണ്. ഒരൊറ്റ വയറില്‍ പിറന്നതെന്ന് പറയില്ല.
വീടും പറമ്പും ഞാനാര്‍ക്കെങ്കിലും നല്‍കും. അതെന്റെ ഇഷ്ടമാണ്. അക്കാര്യത്തില്‍ ഇവനെന്തിനാണ് ഇടപെടുന്നത്. കാരണമുണ്ട്. ഈ സ്വത്തിന് അവന് കണ്ണുണ്ട്. ഇപ്പോള്‍ സ്ഥലത്തിനൊക്കെ നല്ല വില കിട്ടുന്നുണ്ട്. ലാഭത്തിന്റെ കണക്ക് കൂട്ടുന്നുണ്ടാകും. എന്തിനാണ് അവനിത്രയധികം പണം. ഇപ്പോള്‍ തന്നെ കോടികളുടെ ആസ്തിയുണ്ട്. മക്കളെല്ലാവരും നല്ല നിലയിലാണ്.
ഇനി,
അവന് പറയുന്നതുപോലെ അവന്റെ പേരിലേക്ക് എഴുതിക്കൊടുത്തുവെന്ന് വിചാരിക്കുക. അതിനുശേഷം അവന് മരിച്ചാലോ. ആരാണ് ആദ്യം മരിക്കുകയെന്ന് പറയാന്‍ കഴിയില്ലല്ലോ. അവന്റെ മക്കള്‍ ഈ വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കും. അല്ലെങ്കില്‍ താമസിക്കുന്നതിന് വാടക ചോദിക്കും.
അങ്ങനെയൊന്നും സംഭവിക്കില്ലായെന്നും നല്ല രീതിയിലാണ് മക്കളെ വളര്‍ത്തിയതെന്നും പറയുന്നത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. പട്ടിണികിടന്ന് എത്ര കഷ്ടപ്പെട്ടിട്ടാണ് നിന്നെയൊക്കെ വളര്‍ത്തിയത്?
എന്നിട്ടെന്തായി. വയസ്സുകാലത്ത് മക്കള്‍ നോക്കിയോ. പിന്നെയാ മക്കളുടെ മകന്. ആരും ആരെയും നോക്കില്ല. എല്ലാം തോന്നലുകളാണ്. ഓരോരുത്തരും ഓരോ രീതിയില്‍ സ്വപ്നം കാണുന്നു. സംഭവിക്കുന്നത് മറിച്ചായിരിക്കും.
എഴുതിക്കൊടുത്താല്‍ ഇതെന്റെ വീടെല്ലാതാകും. ഹൃദയം പറിച്ചെടുക്കുന്നത് പോലെയാകും. അനാഥയാകും,
ഒറ്റപ്പെട്ടവളാകും. അവസാനം ഏതെങ്കിലും അനാഥാലയത്തില്‍ തള്ളും.
എഴുതി തരില്ലായെന്ന് പറഞ്ഞപ്പോള്‍ എന്തൊരു ദേഷ്യമായിരുന്നു അവന്. ഒച്ച ഉയര്‍ത്തിയുള്ള സംസാരം വീട് കുലുങ്ങി. അപ്പുറുത്തുള്ളോരും ഇപ്പുറത്തുള്ളോരും കേള്‍ക്കാതിരിക്കാന്‍ ചെവിപൊത്തി. ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ കാര്യങ്ങള്‍ തകിടം മറയുമ്പോള്‍ ഹാലിളക്കം സ്വാഭാവികമാണ്. അതാണ് അവനും സംഭവിച്ചത്.
-ആഗ്രഹിക്കരുത് ഒന്നും.
-സ്വപ്നം കാണരുത് ഒന്നും.
ആ പാഠം ഇവന് പഠിച്ചിട്ടില്ല. ഞാന്‍ പഠിച്ചിരുന്നു. ഈ വീട് വേണ്ട എനിക്ക്. മരിച്ചാല്‍ കൊണ്ടുപോകാനൊന്നും കഴിയില്ല. അതറിയാം. പക്ഷെ മരിക്കുന്നത് വരെ ഇവിടെ താമസിക്കണം. അതിന് ജന്മാവകാശം എഴുതിവെക്കാന്‍ പറഞ്ഞിട്ട് അവന് തയ്യാറായില്ല. ശരിയാകില്ലത്രെ. ഉമ്മാക്ക് പണം തന്ന് വാങ്ങുന്നതുപോലെയാണ് ആധാരത്തില്‍ എഴുതിയിരിക്കുന്നത്. എങ്കിലേ നിയമത്തിന് കൃത്യതയുണ്ടാകുവത്രെ. ബന്ധം അറ്റുവീഴുന്നിടത്താണ് നിയമം ഉയര്‍ന്നുവരുന്നത്.
''വയസ്സായില്ലേ പിന്നെന്തിനാ കെട്ടിപ്പിടിച്ച് കിടക്കുന്നത്''
എന്റെ മരണം വീണ്ടും അവന് ഓര്‍മ്മിപ്പിക്കുകയാണ്. ഉണങ്ങിയതല്ല പച്ച മരങ്ങളാണ് കാറ്റത്ത് വീണുപോകുന്നത്. മരിക്കുന്നതുവരെ ജീവിക്കണം.
എന്റെ മുഖത്തേക്ക് ആധാരം വലിച്ചെറിഞ്ഞു. നിലത്തുവീണ ആധാരം തല ഉയര്‍ത്തി നോക്കിച്ചിരിക്കുന്നു.
അവനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ നല്ലതുപോലെ അന്ന് രാത്രി ഉറങ്ങി. കാലിന്റെ വേദനയൊക്കെ കുറഞ്ഞു. മങ്ങിയ കാഴ്ചകള്‍ തെളിഞ്ഞുവരുന്നുണ്ട്. അതങ്ങനെയാണ് മനഃസമാധാനമുണ്ടാകുമ്പോള് ശരീരവേദനയൊക്കെ കുറയും. മുഖത്ത് തെളിച്ചമുണ്ടാകും.
മൂളിപ്പാട്ട് പാടി. കെസ്സ് പാട്ട്....
മോനേ...
ഇന്നുമുതല്‍ നിന്നെ മനസ്സില്‍ നിന്നും ഇറക്കിവിട്ടു. ശാപജന്മമാണ് നിന്റേത്. നിന്റെ തലയില്‍ ഉമിത്തീയിട്ട് ഊതി ഊതി കത്തിക്കും. ജീവിതത്തിന്റെ ചൂട് നീയനുഭവിക്കണം. ഉമ്മയുടെ ശാപം കിട്ടിയ ജന്മം. നിനക്ക് ഞാന്‍ തുറന്നുതന്ന കിളിവാതിലുകളും ഉമ്മറവാതിലും അടക്കുകയാണ്. ഇരുട്ടായിരിക്കും നിന്റെ ചുറ്റുപാടുകള്‍. എന്റെ മക്കളാരും ഇങ്ങോട്ടേക്ക് വരേണ്ട. തിരിഞ്ഞു നോക്കേണ്ട. ഉമ്മയുടെ വഴി ഇരുട്ടിന്റേതാണ്. ഉമ്മയുടെ കാഴ്ചകളാണ് മക്കള്‍.
ഇനിയൊരിക്കലും വാതിലുകള്‍ മലര്‍ക്കെ തുറന്നിടില്ല.
നിന്റെ കാലൊച്ചകള്‍ എനിക്ക് പേടിയുണ്ടാക്കുന്നുണ്ട്.
ചിലപ്പോള്‍,
നീ എന്നെ കൊന്നെങ്കിലോ...
നിന്നെ എനിക്ക് പേടിയാണ് മോനേ...
നീയെങ്ങിനെയാണ് എന്റെ വയറ്റില്‍ പിറന്നത്?
9 comments:
നല്ല കഥ
വായിച്ചിട്ട് വിലയേറിയ അഭിപ്രായം പറഞ്ഞതിന് എന്റെ സ്നേഹം
വായിച്ചതിനു/അഭിപ്രായം പറഞ്ഞതിനും എന്റെ സ്നേഹം അറിയിക്കുന്നു
വായിച്ചതിനു/അഭിപ്രായം പറഞ്ഞതിനും എന്റെ സ്നേഹം അറിയിക്കുന്നു
കഥ ഇഷ്ടമായി
ഒന്നും ആർക്കും സ്വന്തമല്ല..
ഇന്ന് നിന്റെതെന്നു കരുതി അന്യരെ ഇറക്കിവിടുന്ന ഇടത്തിൽ നിന്നും നാളെ നീ ഇറക്കിവിടപ്പെടും..
NANNAAYI,....
good story
Post a Comment