Monday, November 23, 2009

ഇരുട്ട് പരക്കുന്ന വെയില്‍


തട്ടുകടക്കാരാ....

മാലാഖയുടെ വിളിയൊച്ചയോടെ കുട്ടയുടെ മുകളില്‍ ഇരിക്കുന്ന മുട്ട തട്ടുകടക്കാരനെ വിളിച്ചു. "ഭൂമിയുടെ നിറം കണ്ട്‌ പച്ചപ്പിന്റെ ഉടല്‍ തൊട്ടറിഞ്ഞ്‌ ആകാശത്തിന്റെ ചിത്രം വരയല്‍ കണ്ട്‌ മഴയുടെ കുളിര്‍മയും പുഴയുടെ സംഗീതവും കടലിന്റെ മുരളിച്ചയും അറിയുന്ന ഭൂമിയെക്കുറിച്ച്‌ ഞാനും സ്വപ്‌നം കണ്ടിരുന്നു."
പക്ഷേ,ബാക്കി പറയാനാകാതെ മുട്ടക്ക്‌ ശ്വാസം മുട്ടി. കുറച്ചു സമയം കഴിഞ്ഞ്‌ വാക്കുകള്‍ വീണ്ടെടുത്ത്‌ മുട്ട തുടര്‍ന്നു...." ചങ്ങാതീ" തട്ടുകടക്കാരനെ നീട്ടിവിളിച്ചു" ഏതു ദശാസന്ധിയില്‍ വച്ചാണ്‌ മുട്ടയും മനുഷ്യനും തമ്മില്‍ പരിചയപ്പെട്ടതെന്നറിഞ്ഞുകൂടാ. പരിചയപ്പെട്ടില്ലായിരുന്നുവെങ്കില്‍ കാക്കയെപ്പോലെ പെറ്റുപെരുകി ജീവിക്കാമായിരുന്നു.ങ്‌ഹേ, ഇനി പറഞ്ഞിട്ടു കാര്യമില്ല.മുട്ട ഉറക്കെ കരഞ്ഞു.എന്തെങ്കിലും നല്ല വാക്കുകള്‍ പറഞ്ഞ്‌ മുട്ടയെ ആശ്വസിപ്പിക്കണമെന്ന്‌ തട്ടുകടക്കാരന്‌ തോന്നി.' ഓരോ ജീവിതത്തിനും ഓരോ നിയോഗമുണ്ട്‌ ചങ്ങാതീ. അണ്ണാന്റെ ശരീരത്തില്‍ വരച്ച വരപോലെ മായ്‌ക്കാന്‍ പറ്റാത്ത തലവരയാണത്‌."തട്ടുകടക്കാരന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ദേഷ്യത്തോടെ മുട്ട മുരണ്ടു. മുട്ടയുടെ കണ്ണുകള്‍ തീ്‌ക്കട്ടയായി. 'മനുഷ്യന്മാര്‍ കണ്ടുപിടിച്ച സമവാക്യമല്ലാതെ എന്താണ്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌. പുഴുങ്ങിയും കറിവെച്ചും പൊരിച്ചും ഭ്രൂണത്തെ ഇല്ലാതാക്കിയിട്ട്‌ നിങ്ങള്‍ക്കെന്താണ്‌ കിട്ടുന്നത്‌? ഭൂമിയിലാണെങ്കില്‍ തളിര്‍ക്കുന്നതും കിളിര്‍ക്കുന്നതുമായ ഇഷ്ടം പോലെ വിഭവങ്ങളുണ്ടല്ലോ, എ്‌ന്നിട്ടും....കുറച്ചു സമയം ഇരുവരും ഒന്നും സംസാരിച്ചില്ലതോടിന്റെ ഉള്ളിലേക്ക്‌ മുട്ടയുടെ ചുണ്ടുകള്‍ ഉള്‍വലിഞ്ഞു. മുട്ട സമാധിയായി.തട്ടുകടക്കാരന്‍ പുറത്തേക്ക്‌ നോക്കി. വെയില്‍ ചായുവാന്‍ തുടങ്ങിയിരിക്കുന്നു. ബേക്കറിയില്‍ നിന്നും വാങ്ങിയ റൊട്ടിക്കഷ്‌ണങ്ങള്‍ അലമാരിയില്‍ അടുക്കിവെച്ചു. അതിനു ശേഷം ഓംലെറ്റിനു വേണ്ടി ഉള്ളിമുറിച്ചു അപ്പോഴാണ്‌.തട്ടുകടക്കാരന്റെ കണ്ണുകളിലേക്ക്‌ ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്ന്‌ ഒരു ബുള്‍സൈ എന്നു പറഞ്ഞത്‌. ആദ്യകച്ചവടത്തിന്റെ പ്രാര്‍ഥനയോടെ കച്ചവടക്കാരന്‍ സ്‌റ്റൗവിന്റെ തിരിനീട്ടി തീ കൊളുത്തി. ചീനച്ചട്ടിയുടെ അകം തുടച്ചു. തീച്ചൂടിന്റെ മുകളില്‍ ചീനച്ചട്ടി വെച്ചു. മുട്ടക്കൂട്ടയില്‍ ഒന്നും ഒരു മുട്ടയെടുത്ത്‌ കൈവെള്ളയിലെ ആയുര്‍രേഖകളിലൂടെ ഉരുട്ടിക്കളിച്ച ശേഷം സ്‌റ്റീല്‍സ്‌പൂണനെടുത്ത്‌ ആകാശത്തിലേക്ക്‌ ഉയര്‍ത്തിത്താഴ്‌ത്തി. പതക്കുന്ന ചീനച്ചട്ടിയിലേക്ക്‌ തോട്‌ വിടര്‍ത്തി മുട്ട ഒഴിച്ചപ്പോള്‍ നിലവിളിക്കുന്ന ഒച്ച തട്ടുകടക്കാരന്‍ കേട്ടു.
അപ്പോള്‍ മുട്ട പറഞ്ഞ കാര്യം തട്ടുകടക്കാരന്‍ ഓര്‍മിച്ചു.മനസ്സില്‍ കനലെരിഞ്ഞു. തട്ടുകടക്കാരന്‌ പെട്ടെന്ന്‌ തളര്‍ച്ച തോന്നി. പിന്നീടയാള്‍ താന്‍ പാപി പാപി എന്ന്‌ പറഞ്ഞ്‌ നിലത്തിരുന്ന്‌ മണ്ണു വാരി തലയിടാന്‍ തുടങ്ങി.ബുള്‍സൈ കാത്തിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി തട്ടുകടക്കാരന്‍ ഉറക്കെ ചിരിച്ചു.' എന്റെ ചങ്ങാതീ'ചെറുപ്പക്കാരന്റെ ചുമല്‍തൊട്ട്‌ അയാള്‍ പറഞ്ഞു:"നിങ്ങള്‍ തിന്നുവാന്‍ കാത്തിരിക്കുന്നത്‌ പിറക്കാതെപോയ കുഞ്ഞിന്റെ സ്വപ്‌നത്തെയാണ്‌. ആ മുട്ടയില്‍ കുഞ്ഞുണ്ടായിരുന്നു. കുഞ്ഞിന്‌ ഒരു സ്വപ്‌നമുണ്ടായിരുന്നു. ഭൂമിയുടെ നിറത്തെക്കുറിച്ച്‌ പറഞ്ഞ്‌ അവരന്യോന്യം തര്‍ക്കിച്ചിരുന്നു."ചെറുപ്പക്കാരന്റെ കണ്ണുകളിലേക്ക്‌ നോക്കി തട്ടുകടക്കാരന്‍ ചോദിച്ചു:" നമ്മുടെയൊക്കെ കുഞ്ഞിനെ ഇങ്ങനെ വറുത്ത്‌ തിന്നാന്‍ കഴിയുമോ?തട്ടുകടക്കാരന്റെ രൂപമാറ്റം കണ്ടപ്പോള്‍ ചെറുപ്പക്കാരന്‍ പേടിച്ചു. അയാള്‍ ഓടാന്‍ തുടങ്ങി. ഇതു കണ്ടപ്പോള്‍ തട്ടുകടക്കാരന്‍ ചിരിക്കാന്‍ തുടങ്ങി." ആ തീയൊന്നു കെടു്‌ത്തൂ. കുഞ്ഞ്‌ നിലവിളിക്കുന്നത്‌ നിങ്ങള്‍ കേള്‍ക്കുന്നില്ലേ?"മുട്ട അങ്ങനെ പറഞ്ഞപ്പോള്‍ ചീനച്ചട്ടിയുടെ അരികിലേക്ക്‌ തട്ടുകടക്കാരന്‍ ചെവി നീട്ടിവെച്ചു. കേള്‍ക്കുന്നുണ്ട്‌്‌. ഏങ്ങിയേങ്ങിയുള്ള ഒരു കരച്ചില്‍...തട്ടുകടക്കാരന്‍ വേഗത്തില്‍ തീകെടുത്തി. ചീനച്ചട്ടിയില്‍ പറ്റിപ്പിടിച്ച കുഞ്ഞിന്റെ മജ്ജയും മാംസവും മനസ്സും തലച്ചോറുമൊക്കെ ചുരണ്ടിയെടുത്ത്‌ മണ്‍പാത്രത്തിലാ്‌ക്കി. ആ മണ്‍പാത്രം ഉള്ളംകൈയ്യില്‍ ഭദ്രമാക്കിപ്പിടിച്ച്‌ നനഞ്ഞ മണ്ണിനടുത്തേക്ക്‌ മെല്ലെ നടന്നു. അയാള്‍ മണ്ണില്‍ കുഴി കുഴിച്ചു. അതില്‍ താന്‍ അടക്കിപ്പിടിച്ചത്‌ വളരെ ശ്രദ്ധയോടെ, ഒരു പ്രാര്‍ഥനപോലെ കുഴിയിലേക്ക്‌ ഇറക്കിവെച്ചു. ശേഷം അതിനു മുകളില്‍ മണ്ണുവിരിച്ച്‌ കൊച്ചു കല്ലുകള്‍ നിരത്തിവെച്ചു. പച്ചിലക്കമ്പ്‌ നട്ടു. ഒരു കുടംവെള്ളമൊഴിച്ചു.അപ്പോഴേക്കും തട്ടുകടക്കാരന്‍ തളര്‍ന്നിരുന്നു.തട്ടുകടയുടെ ഇരുഭാഗങ്ങളിലേക്കും കൈകള്‍ നിവര്‍ത്തിവെച്ച്‌ അയാള്‍ കിതച്ചു.അപ്പോള്‍ അയാളുടെ കൈകാളുകള്‍ തടിയന്‍ കൊമ്പുകളായി. കാല്‍വിരലുകള്‍ വേരുകളെന്നവണ്ണം ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങി. തലയിലാകമാനം ആല്‍മരത്തിന്റെ ഇലകള്‍ മുളച്ചു.തട്ടുകടക്കാരന്റെ രൂപം കണ്ടപ്പോള്‍ മുട്ടയ്‌ക്ക്‌ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.മുട്ട ഉറക്കെ ചിരിച്ചുആല്‍മരവും....

9 comments:

കനല്‍ said...

തട്ടുകടക്കാരന്റെ രൂപം കണ്ടപ്പോള്‍ മുട്ടയ്‌ക്ക്‌ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.മുട്ട ഉറക്കെ ചിരിച്ചുആല്‍മരവും

സന്തോഷ്‌ പല്ലശ്ശന said...

ഇതൊരു മനോഹരമായ കഥയാണ്‌ എന്നതില്‍ സംശയമില്ല നല്ല ആഖ്യാനവും ബിംബങ്ങളുടേ വിന്യാസവും കൊണ്ട്‌ വാസനഭദ്രമാകിയ ഈ കഥയുടെ വായനയിലേക്ക്‌ നയിച്ച നാസറിന്‌ നന്ദി (ആദ്ദേഹമാണ്‌ ഈ ബ്ളോഗ്ഗിന്‍റെ ലിങ്ക്‌ അയച്ചു തന്നത്‌). കഥാകാരന്‌ എന്‍റേ പ്രത്യേക അഭിനന്ദനം.

സന്തോഷ്‌ പല്ലശ്ശന said...

ഇതിലെ പ്രമേയത്തെക്കുറിച്ച്‌ ലോകം സ്ഫോടനാത്മകമായ ഒരു ചര്‍ച്ചയിലേക്ക്‌ വഴുതിവിഴുന്ന ഒരു സാഹചര്യം അതി വിദൂരമല്ല. തികച്ചു വൈകാരികമായ ഒരു അവസ്ഥയില്‍ സമീപിക്കുമ്പോള്‍ ബ്രൂണത്തിന്‍റേ - പിറവിയെടുക്കാനാവാതെ ഒടുങ്ങേണ്ടി വരുന്ന അനേക ലക്ഷം കുഞ്ഞുങ്ങളുടെ (അനുദിനം) നിലവിളികള്‍ കഥാകാരനെപോലെ (തട്ടുകടക്കാരനെപ്പോലെ) തന്നെ എന്‍റെ മനസ്സിലും കടന്നു വരുന്നുണ്ട്‌. പക്ഷെ എനിക്കു തോന്നുന്ന ഒരു കാര്യം വളരെ വിനീതമായി ഞാന്‍ അവതരിപ്പിക്കാം. സൈദ്ധാന്തികപരമായി അതിന്‌ ചില അടിസ്ഥാനങ്ങള്‍ കാണുമെങ്കിലും അത്‌ നൈതികമായി എത്രത്തോളം ശരിയാണ്‌ എന്ന്‌ എനിക്കറിഞ്ഞു കൂടാ. മാര്‍ക്സിന്‍റെ വൈരുദ്ധ്യാത്മക സൌന്ദര്യ ശാസ്ത്രമാണ്‌ എന്‍റേ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്ന ചിന്തയുടെ അടിസ്ഥാനം. മനുഷ്യന്‍ പ്രകൃതിയില്‍ തികച്ചും വൈരുദ്ധ്യാത്മകമായി പ്രതിപ്രവര്‍ത്തിക്കേണ്ടുന്നവനാണ്‌ എന്ന്‌ മാര്‍ക്സ്‌ സമര്‍ത്ഥിക്കുന്നു. നദി തടഞ്ഞു നിര്‍ത്തി അതിനെ ചെറിയ ഒരു വിടവിലൂടെ കടത്തി ഊര്‍ജ്ജത്തെ ഉല്‍പാദിപ്പിക്കുന്നു. ഇത്‌ പ്രകൃതിയുടെ ജൈവഘടനയില്‍ മനുഷ്യന്‍റെ വൈരുദ്ധ്യാത്മകമായ ഒരു കടന്നു കയറ്റമാണ്‌ അതിന്‍റെ ഫലമാണ്‌ വൈദ്യുതി. അതുകൊണ്ട്‌ ഇവിടെ എല്ലാ പ്രകൃതിയിലെ വിത്തുകളും മുളക്കപ്പെടാനുള്ളതാണെന്ന പ്രകൃതി നിയമത്തില്‍ മനുഷ്യന്‍ വരുദ്ധ്യാത്മകമായി ഇടപെടുന്നു; വിത്തുകളെ അവന്‍ പുഴുങ്ങി തിന്നുന്നു. എന്‍റെ വിശപ്പു ശമിപ്പിക്കാന്‍ എനിക്ക്‌ വേണ്ടിയുള്ളതാണ്‌ ഈ പ്രകൃതി എന്ന ഒരു ചിന്തയാണ്‌ (പലപ്പോഴും "ദുര") അവനുള്ളത്‌. അവന്‍ പത്യുല്‍പാദനാത്തെ വരെ നിയന്ത്രിക്കുകയും ലോകത്തെ അവന്‍റേ ജീവിതത്തിന്‌ അനുയോജ്യമാക്കി മാറ്റിക്കൊണ്ടേയിരിക്കും. പുഴുങ്ങിയ മുട്ടകളെ തിന്നാനും വിരിയിക്കാനും മനുഷ്യന്‍ ഒരുപോലെ ഉത്സാഹിക്കുന്നത്‌ അതുകൊണ്ടാണ്‌.

സന്തോഷ്‌ പല്ലശ്ശന said...

മതാധിഷ്ടിതമായ അയുക്തിക ജഠിലതകള്‍ ഉപയോഗിച്ച്‌ ചില മനുഷ്യര്‍ മനുഷ്യന്‍റേ വളരെ സ്വാഭാവികമായ ഈ വരുദ്ധ്യാത്മക പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നു. നടുകയും വെട്ടിനിരത്തുകയും ചെയ്യുന്ന മനുഷ്യന്‍റേ ഈ വൈരുദ്ധ്യാത്മകതയിലാണ്‌ ലോകത്തിലെ ചരിത്രം തന്നെ എഴുതപ്പെട്ടിട്ടുള്ളത്‌. ലൈംഗികതയില്‍ അവന്‍ സുഖം തേടണോ അതോടൊപ്പം പ്രത്യ്ല്‍പാദനം കൂടി നടത്തണൊ എന്ന്‌ അവന്‍ തിരുമാനിച്ചു തുടങ്ങിയത്‌ അവന്‍റേ ഇച്ച്ഛ ശക്തിയും ഈ ലോകത്തെ തന്‍റേ ജീവിതത്തിനുള്ള ഉപാധിയാക്കി മാറ്റുക എന്ന അതി ജൈവീകമായ മാനവ പ്രകൃതിയും അവനുള്ളതുകൊണ്ടാണ്‌. അത്‌ ഒരു തരത്തിലും ദൈവ നിഷേധം ആകുന്നില്ല. ഒരു ജീവന്‍റേ പോടിപ്പിനെ വെട്ടിക്കളയുമ്പോള്‍ സ്വന്തം വര്‍ഗ്ഗത്തിലെ ഏറെ കായ്ച്ചു നില്‍ക്കുന്ന ഒരു ജീവനെയാകുമ്പോള്‍ അത്‌ പ്രാകൃതം തന്നെയാണ്‌. ജനനത്തിനു മുന്‍പേതന്നെ (ബ്രൂണാവസ്ഥയില്‍ തന്നെ) ഭൂമിയിലേക്കുള്ള ജീവന്‍റേ വരവിനെ തടയുന്നതിലെ ശരിതെറ്റുകള്‍ വളരെ ആപേക്ഷികമാണ്‌. അതുകൊണ്ട്‌ ഏകീകൃതമായ ബ്രൂണഹത്യ നിരോധനം ഒരു അസംബന്ധമായിരിക്കും എന്ന്‌ എനിക്കു തോന്നുന്നു. പലപ്പോഴും ഒരു കുഞ്ഞിന്‍റെ ജനനത്തെ മനുഷ്യനു പ്രതിരോധിക്കേണ്ടി വരാറുണ്ട്‌. പക്ഷെ മനുഷ്യന്‍ ദുരമൂത്ത്‌ സന്തുലിത തകര്‍ക്കുന്നതരത്തില്‍ സ്ത്രീഭ്രൂണഹത്യ നടത്തുന്നത്‌ എതിര്‍ക്കപ്പെടേണ്ടതാണ്‌. ഇതൊക്കെ കൊണ്ടാണ്‌ ഇതിന്‍റെ നന്‍മ തിന്‍മകള്‍ തികച്ചും ആപേക്ഷികമാണ്‌ എന്ന് ഞാന്‍ പറയുന്നത്‌ (ഇതൊരു ഒഫ്‌ സബ്ജ്ക്ടാണ്‌ എന്നറിയാം എന്നാലും ഒരു ചര്‍ച്ചയ്ക്കു വേണ്ടി പറയുന്നു എന്നു മാത്രം) എന്‍റെ നിലപാടുകളില്‍ തെറ്റുകള്‍ ഉണ്ടാകാം നല്ലൊരു ദര്‍ശനം ഈ വിഷയത്തില്‍ ആരെങ്കിലും ഇവിടെ അവതരിപ്പിച്ചു കാണാന്‍ ആഗ്രഹമുണ്ട്‌.

കഥാകാരന്‌ ഒരിക്കല്‍ കൂടി എന്‍റെ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌
സന്തോഷ്‌ പല്ലശ്ശന

സന്തോഷ്‌ പല്ലശ്ശന said...

കമ്മെന്‍റേ ഒന്നിച്ചു പോസ്റ്റിയപ്പോ പോസ്റ്റാവുന്നുണ്ടായിരുന്നില്ല അതുകൊണ്ടാണ്‌ ഇങ്ങിനെ സ്പ്ളിറ്റ്‌ ചെയ്ത്‌ പബ്ളിഷ്‌ ചെയ്തത്‌
ക്ഷമിക്കുക

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

Manoraj said...

nannayirikkunnu...theere pratheekshikkatha oru dimension... edakk enneyum sandarsikkumallo?

തെച്ചിക്കോടന്‍ said...

നല്ല കഥ, മനോഹരമായ ആഖ്യാനവും.
അഭിനന്ദനങ്ങള്‍

Iyya Valapattanam said...

സന്തോഷമുണ്ട് ,ചങ്ങാതിമാരെ ,എങ്ങനെ എന്റെ കഥ വായിച്ചു കൃത്യമായും വസ്തു നിഷ്ടമായും അഭിപ്രായം പറഞ്ഞതിന് എല്ലാവരോടും