Tuesday, June 4, 2013

കാര്ബണിട്ട് പഴുപ്പിക്കുന്ന കുട്ടികളുടെ കാലം


 
 
കുട്ടിക്കാലത്ത് അന്നത്തെ കുട്ടികളില്‍ എല്ലാവരെയുംപോലെ ഞാനും ലഗോണ്‍ കോഴികളെ പോറ്റിയിരുന്നു. തമിഴനില്‍ നിന്നും വാങ്ങിയ കളറടിച്ച കുഞ്ഞുകോഴികള്‍ക്ക് താമസിക്കുവാന്‍ പച്ചക്കറി നാരായണേട്ടന്റെ കടകളില്‍നിന്ന് ലഭിക്കുന്ന ഒഴിഞ്ഞ തക്കാളിപ്പെട്ടികൊണ്ട് ഒരു കൂടുണ്ടാക്കി കൊടുത്തു.
മഴക്കാലത്ത് കോഴിക്കുഞ്ഞുങ്ങള്‍ക്ക് ചൂടു ലഭിക്കുന്നതിന് നൂറ്റിപ്പത്തിന്റെ ബള്‍ബ് കോഴിക്കൂട്ടിനു മുകളില്‍ താഴ്ത്തിയിട്ട് കൊടുത്തു. കോഴിവസന്ത (തൂക്കം പിടിക്കുക) വരാതിരിക്കുവാന്‍ കണ്ണൂരിലെ മൃഗാശുപത്രിയില്‍ പോയി പ്രതിരോധ കുത്തിവെപ്പുനടത്തി. തുള്ളിമരുന്ന് വായില്‍ ഒഴിച്ചുകൊടുത്തു. മരക്കഷ്ണങ്ങള്‍ക്കടിയിലെ ചിതലുകളും മണ്ണിരകളും കോഴികള്‍ക്ക് വിളമ്പിക്കൊടുത്തു. തല കുടഞ്ഞ് കുഞ്ഞുകോഴികള്‍ അവ മത്സരിച്ചു തിന്നു, വളര്‍ന്നു, കൊഴുത്തു.
പ്രാപ്പിടിയന്മാരേയും പരുന്തിനേയും കീരിയേയും കുറുക്കനേയും പേടിക്കണം. എപ്പോഴാണ് ചാടി വീഴുകയെന്ന് പറയാന്‍ കഴിയില്ല. കയ്യില്‍ വടിപിടിച്ച് ആകാശത്ത് നോക്കി കുഞ്ഞുകോഴികള്‍ക്ക് കാവല്‍നിന്നു.
എന്റെ കോഴികള്‍ സുന്ദരക്കുട്ടികളായിരുന്നു. കുഞ്ഞു കോഴികള്‍ വളര്‍ന്ന് വലിയ കോഴികളായത് എത്രപെട്ടെന്നാണ്.
ലഗോണ്‍ കോഴികള്‍ക്ക് പെട്ടെന്ന് ഓടിപോകാനോ, ശത്രുക്കളില്‍നിന്ന് രക്ഷപ്പെടാനോ കഴിയില്ല. ആട്ടിതെളിച്ചാലും ഓടില്ല, അത് കണ്ടയിടത്തൊക്കെ തൂങ്ങിനില്‍ക്കും. എന്നാലും ലഗോണ്‍ കോഴികള്‍ ഇറച്ചിക്കോഴികളാണ്. വേഗത്തില്‍ വളരുന്ന ലഗോണ്‍ കോഴികള്‍ക്ക് ഉടമയ്ക്ക് ലാഭമുണ്ടാക്കി കൊടുക്കുകയെന്നതാണ് ജീവിതനിയോഗം. അതീവശ്രദ്ധയോടെ നോക്കണം. ഇന്ന് നമ്മള്‍ കുട്ടികളെ നോക്കുന്നത് പോലെ!
അക്കാലത്ത്,
തങ്ങള്‍ വയലിലെ പൊരിവെയിലത്ത് ഫുട്‌ബോള്‍ കളിച്ചും, പട്ടം പറപ്പിച്ചും, തോട്ടിലെ മീന്‍ പിടിച്ചും, സാലിക്കയുടെ പീടികയില്‍ നിന്ന് ലഭിക്കുന്ന വാടക സൈക്കിള്‍ ഓടിച്ചും, ചുറ്റുപാടുമുള്ള മാവില്‍നിന്ന് മാങ്ങ എറിഞ്ഞുവീഴ്ത്തിയും മൂന്നാം കുഞ്ചത്ത് കൊട്ടിനടിച്ച് ഗോട്ടി കളിച്ചും ഇന്നത്തെ ക്രിക്കറ്റിനെ വെല്ലുന്ന ഇട്ടിയും കോലും കളിച്ചും ഞങ്ങള്‍ ആവോളം കളിച്ചു. തലമയും, ഡപ്പിക്കളിയും, ഏണിയും പാമ്പും, കൊള്ളിയും, സിക്കിണിയുമൊക്കെ  കളിച്ച് അങ്ങിനെയങ്ങിനെ ഞങ്ങള്‍ വളരുകയായിരുന്നു.
ഇട്ടിയും കോലും കളിക്കുമ്പോള്‍ റാഫിയുടെ നീണ്ട കൈവിരല്‍ ഞങ്ങള്‍ക്കൊക്കെ പേടിയായിരുന്നു. കക്കുളങ്കര പള്ളിക്ക് അരികിലുള്ള കണ്ടത്തില്‍ ഇട്ടിയും കോലും കളിക്കുമ്പോള്‍ കീശയിലെ മണിക്കടല എടുത്ത് ഞങ്ങള്‍ക്കൊക്കെ വീതിച്ചു തരുമായിരുന്ന റാഫി കളിക്കുമ്പോള്‍ തന്റെ കൈവിരല്‍ കളിപോയിന്റില്‍ നീട്ടി ഇട്ടി തൊടുമ്പോള്‍ എതിര്‍ ടീമിന്റെ ചങ്കിടിക്കും. അത്രയ്ക്ക് വലിപ്പമാ അവന്റെ കൈവിരലുകള്‍ക്ക്! ഫുട്‌ബോള്‍ തന്റെ ആ വലിയ കൈവെള്ളയില്‍ ചുരുട്ടിപ്പിടിച്ച് റാഫി ഞങ്ങളെ വെല്ലുവിളിക്കും. ഞങ്ങള്‍ അത്ഭുതകണ്ണുകളോടെ നോക്കി നില്‍ക്കും. അക്കാലത്താണ് തോട്ടിന്‍കര വളപ്പില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് എന്റെ ഇടത്തെ കൈയുടെ എല്ലുപൊട്ടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് അത് ശരിയാക്കിയത്. മമ്മത് മൂപ്പന്റെ മകന്‍ ഹനീഫയാണ് ടീമിനെ ഇറക്കിയത്. ഇന്റര്‍ബെല്ലിന്റെ സമയത്ത് അവന്‍ വാങ്ങിച്ചുതരുമായിരുന്ന ഗ്യാസ് നിറച്ച 'ഗോട്ടി സോഡയും', ഗ്ലൂക്കോസ് പൊടിയും വിചാരിച്ചിട്ടാണ് ഞാനടക്കമുള്ള കുട്ടികള്‍ മൈതാനത്തിലേക്ക് ഇറങ്ങുന്നത്.
തങ്ങള്‍വയലിലെ തോട്ടില്‍ കുഞ്ഞുമീനുകളുണ്ടായിരുന്നു. ഉമ്മ കാണാതെ എടുത്ത് കൊണ്ടുപോയ തോര്‍ത്തുമുണ്ടുമായി ചങ്ങാതിയെ കൊണ്ട് ഒരറ്റം പിടിപ്പിച്ച് വെള്ളത്തില്‍ താഴ്ത്തി ആ കുഞ്ഞുമീനുകളെ ഞങ്ങള്‍ പിടിക്കും. അരികിലെ ചളിക്കൂട്ടത്തില്‍ ഒളിച്ചിരിക്കുന്ന ചെമ്മീനിനെയും മുശുവിനെയുമൊക്കെ പിടിക്കുകയെന്നതായിരുന്നു അക്കാലത്തെ ഞങ്ങളുടെ ഹോബി. അല്‍-അമാന്‍ ഹോട്ടലില്‍ നിന്നുള്ള ഇറച്ചിക്കറിയും വെല്‍ക്കം ഹോട്ടലില്‍ നിന്നുള്ള കല്ലുമ്മക്കായ നിറച്ചതും ജയഭാരയില്‍നിന്നുള്ള  മസാലദോശയും ഇതൊക്കെയായിരുന്നു ഞങ്ങളുടെ പുറംതീറ്റ. മമ്മുഞ്ഞിക്കയുടെ ചെത്തിക്കുടിയും ബെഞ്ചിയയും സീറും, പിന്നെ യൂസഫ്ക്കയുടെ ഷാപ്പിലെ കുറി, എവര്‍ഗ്രീന്‍, വറൈറ്റി, റീന കട്ട്പീസ്, ശാന്ത ഫൂട്‌വേര്‍, ഗോപീന്റെ പീടിക, വേണുവിന്റെ അച്ഛന്റെ തൈര്-പച്ചക്കറിപീടിക, കേവീന്റെ പീടിക, കുഞ്ഞമ്പുവിന്റെ പീടിക, ഉപ്പുപെട്ടി, ഹമീദ്ക്കയുടെ പൊറോട്ട, ഭാസ്‌കരന്‍മാഷിന്റെ NCC... ഇനിയും എഴുതാന്‍ എത്രയെത്ര ഓര്‍മ്മകള്‍ ബാക്കിയുണ്ട്. കാക്കി ട്രൗസറിട്ട പോലീസുകാരന്റെ ചുകന്ന കണ്ണ്... മൈയ്ക്കാരന്‍ ഹുസൈന്റെ 'ഗൗസുമുഹ്യദ്ദീന്‍' എന്ന പാട്ട്...
ഇതൊക്കെ പറഞ്ഞത് ഇന്നത്തെ കുട്ടികളുടെ കളിയില്ലായ്മയെക്കുറിച്ചും, ചുറുചുറുക്കില്ലായ്മയെക്കുറിച്ചും പറയാനാണ്. ഇന്നത്തെ കുട്ടികള്‍ ടെലിവിഷന്റെ മുന്നില്‍ പടിഞ്ഞിരുന്ന് കമ്പ്യൂട്ടറിന്റെ മായാജാലങ്ങള്‍ക്കിടയില്‍ കണ്ണുകള്‍ കൂര്‍പ്പിച്ച് മറ്റൊരു വിനോദത്തിനും സ്‌പോര്‍ട്‌സിനും വിധേയരാവാതെ ഒതുങ്ങിക്കൂടുകയാണ്. പഠിത്തം, ട്യൂഷന്‍, എ പ്ലസ്, ഇംപോസിഷന്‍, എന്നിവയില്‍ മാത്രം നാം അവരെ ഒതുക്കി. ലഗോണ്‍ കോഴികളെപ്പോലെയോ, ഇറച്ചിക്കോഴികളെപ്പോലെയോ വീട്ടിനകത്ത് നിര്‍ത്തി വളര്‍ത്തുകയാണ് എല്ലാവരും. ഇന്നത്തെ കുട്ടികളില്‍ ഒരുതരം ഭയാനകമായ നിശബ്ദതയും നിശ്ചലതയുമാണെങ്ങും. കളിയും ചിരിയുമില്ലാത്ത ഒരു യാന്ത്രികാവസ്ഥ ഏറ്റുവാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ചിരട്ടപുട്ടു പോയിട്ട് തേങ്ങയെന്താണെന്നുപോലും ഇന്നത്തെ കുട്ടികള്‍ക്ക് അറിയില്ല. മാതാപിതാക്കള്‍ക്കാണെങ്കില്‍ മക്കളുടെ പൊങ്ങച്ച വിദ്യാഭ്യാസകാര്യം മാത്രമേ പറയാനുള്ളൂ. വ്യത്യസ്ത കഴിവുള്ളവരാണ് കുട്ടികള്‍. ഒറ്റകാര്യത്തിലേക്കു മാത്രം ഒറ്റ അജണ്ട നിശ്ചയിച്ച് കുത്തിപഴുപ്പിക്കാന്‍ നാം നോക്കുന്നു. ഇങ്ങനെ പഴുപ്പിക്കുന്നതിലാണ് ഏറിയകൂറും യഥാര്‍ത്ഥ പഴുപ്പ് നേടാത്തതും കൃത്യഫലം തരാത്തതും. കുട്ടികളുടെ കുട്ടിത്തം നഷ്ടപ്പെടുത്തിയതാണ് ആധുനിക മാതാപിതാക്കള്‍ ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന മഹാപാതകമെന്ന മനഃശാസ്ത്ര വിശകലനത്തെ മുന്‍നിര്‍ത്താനും പാഠമുള്‍ക്കൊള്ളാനും നാം എത്രയും പെട്ടെന്ന് തയ്യാറാവേണ്ടിയിരിക്കുന്നു.
10-ാം ക്ലാസ്സ് വിജയം 100% മാക്കാന്‍ വേണ്ടി ഒന്‍പതാം ക്ലാസ്സില്‍ നിന്നും കുട്ടികളെ ടി.സി നല്‍കി ഒഴിവാക്കുന്ന വിഭ്രാന്തി, എല്ലാം ഉപഭോഗസമാനമാകുന്ന വ്യവസ്ഥിതിയിന്‍കീഴില്‍ വിദ്യാലയം കമ്പോളവും വിദ്യാഭ്യാസം വില്പനച്ചരക്കും അധ്യാപകര്‍ അത് വില്‍ക്കുന്നവരും വിദ്യാര്‍ത്ഥികള്‍ അത് വാങ്ങാന്‍ വരുന്നവര്‍ മാത്രവുമായി അധഃപതിച്ചതിന്റെ ദൃഷ്ടാന്തമാണ്. കെട്ടിയാഘോഷത്തിന്റെ ഈ വിദ്യാഭ്യാസക്കച്ചവടത്തില്‍ നഷ്ടപ്പെടുന്നത് അറിവിന്റെ യഥാര്‍ത്ഥ ആത്മാവാണെന്ന സത്യം ഈ പാതകം ചെയ്യുന്നവര്‍ ഓര്‍ത്തെങ്കില്‍.


1 comment:

ajith said...

മിടുക്കന്മാര്‍ ഉണ്ടാകുന്നുണ്ട്
മനുഷ്യന്മാര്‍ വളരെക്കുറവ്