Wednesday, December 4, 2013

ജീവിതചിത്രം കോറിയിട്ട അടുക്കളകള്‍


ടുക്കളയില്‍ ഓരോ ദിവസവും ഓരോ ജീവിതമാണുണ്ടാകുക. അടുക്കളയിലെ ചുമര്‍പാടുകളില്‍ അധിവസിക്കുന്നവരുടെ ജീവിതചിത്രങ്ങള്‍ കോറിയിട്ടുണ്ടാകും. അതു കൊണ്ടുതന്നെ അടുക്കള സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവിടത്തെ ജീവിതം മനസ്സിലാക്കാന്‍ കഴിയും. ഓരോ അടുക്കളയ്ക്കും ഓരോ നിറമാണ്. ഓരോ അടുക്കളയില്‍നിന്നും ഉണ്ടാകുന്ന വിഭവങ്ങള്‍ വ്യത്യസ്ത രുചിഭേദങ്ങളായിരിക്കും. അതായത് ഓരോ അടുക്കളയിലെയും ചോറിനും കഞ്ഞിക്കും കറിക്കും വറവിനും ദോശക്കും പുട്ടിനും ഉപ്പുമാവിനും വ്യത്യസ്ത രുചിയായിരിക്കും. ചേരുവകള്‍ ഒന്നായാലും രുചിമാറും.

   


യന്ത്രങ്ങളില്‍നിന്ന് ഉണ്ടാക്കുന്നതുപോലെ അടുപ്പിലെ വേവുഭക്ഷണങ്ങള്‍, ഒരേ വലിപ്പത്തില്‍, ഒരേ അളവില്‍, ഒരേ തൂക്കത്തില്‍ അടുക്കളയില്‍ ഉണ്ടാക്കാന്‍ കഴിയില്ല. അടുക്കളയില്‍ ഉണ്ടാകുന്ന വിഭവങ്ങളുടെ രുചി ഓരോ നേരവും മാറുന്നു. എല്ലാ ദിവസവും ഒരേ തരത്തിലുള്ള വിഭവങ്ങള്‍ അടുക്കളയില്‍നിന്ന് ഉണ്ടാകില്ല. ഒരു ദിവസം കഞ്ഞിയാണെങ്കില്‍ മറ്റൊരു ദിവസം ചോറായിരിക്കും. ചോറിന് കറി വ്യത്യസ്തമാകാം. ചിലപ്പോള്‍ വറവുണ്ടാകും. പപ്പടം പൊരിക്കും. കൊണ്ടാട്ടവും തൈരും മോരും ഉണ്ടാകാം. പൊരിച്ചതും ഉണ്ടാകാം. അടുക്കളയിലെ കാര്യങ്ങള്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. അത് മാറിമറിഞ്ഞുവരും. ബിരിയാണിയും നെയ്ച്ചോറും പോത്തിറച്ചിയും കോഴിക്കറിയും പാല്‍പ്പായസവും അടപ്രഥമനും സാമ്പാറും അവിയലും കൂട്ടുകറിയും പുളിശ്ശേരിയും ചട്ടിണിയും അങ്ങനെ... അങ്ങനെ. ചിലപ്പോള്‍ കറിയുണ്ടാകില്ല, തോരനുണ്ടാകില്ല. പപ്പടമുണ്ടാകില്ല. ചോറുണ്ടാകില്ല, പൊരിച്ചതുണ്ടാകില്ല. ഒന്നും ഉണ്ടാകില്ല. പട്ടിണിയായിരിക്കും. ഒരു നേരം ആഹാരം ഉണ്ടാകാം; രണ്ടുനേരമാകാം. മൂന്നുനേരമാകാം. അതും പറയാന്‍ കഴിയില്ല. ജീവിതത്തിന്റെ പ്രതിഫലനം അടുക്കളയിലാണ് കാണാന്‍ കഴിയുക. അതുകൊണ്ടാണ് അടുക്കള വിഭവങ്ങള്‍ ഓരോ ദിവസവും വ്യത്യസ്തമാകുന്നതും വ്യത്യസ്ത രുചിയാകുന്നതും. വ്യത്യസ്ത നിറങ്ങളുടെ സമ്മിശ്രമാണ് ഓരോ അടുക്കളയും. കറിക്കൂട്ടുകളില്‍ പല നിറങ്ങള്‍. അതുകൊണ്ടാണ് അടുക്കളക്കാരികള്‍ ചിത്രകാരികളാണെന്നു പറയുന്നത്. പല നിറങ്ങളിലുള്ള നിറക്കൂട്ടുകള്‍ അവര്‍ ഉപയോഗിക്കുന്നു. ഇതൊക്കെ അടുക്കളയില്‍ കയറി ഭക്ഷണം കഴിക്കുന്നവര്‍ക്ക് അറിയാം. പല അടുക്കളയില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഓരോ അടുക്കളയുടെയും രുചിയറിയാം. പൊട്ടിച്ചിരികള്‍ അടുക്കളയില്‍നിന്ന് കേള്‍ക്കാന്‍ കഴിയില്ല. അടുക്കള എപ്പോഴും തിരക്കിന്റേതാണ്, ധൃതിയുടേതാണ്. വേഗതയോടെ ഭക്ഷണമുണ്ടാക്കിയാലേ നേരത്തിന് കഴിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് അടുക്കളയില്‍ സംസാരങ്ങള്‍ കുറവാകുന്നത്. പൊട്ടിച്ചിരികളും സംസാരങ്ങളും കുറവാകുന്നത്. പാത്രങ്ങളുടെ ഒച്ചയും ചീനച്ചട്ടിയുടെ സീല്‍ക്കാരവും മണവും വറുക്കലും പൊരിക്കലും കേള്‍ക്കാം. എല്ലാം കൃത്യതയോടെ ആയിരിക്കണം. ശ്രദ്ധ പാളിയാല്‍ രുചി തെറ്റും. മനസ്സും ശരീരവും കണ്ണും കാതും ഒരേ ദിശയില്‍ വച്ചാല്‍ മാത്രമേ നല്ല ഭക്ഷണം ഉണ്ടാക്കാന്‍ കഴിയൂ. കറിക്ക് ഉപ്പ് കൂടിയാല്‍, ചോറ് വാര്‍ക്കുന്ന സമയം തെറ്റിയാല്‍, വെള്ളം അധികമായാല്‍, വെളിച്ചെണ്ണ ഏറിയാല്‍, മുളക് കൂടിയാല്‍, പഞ്ചസാര ഇല്ലാതായാല്‍, പുളി ഉപയോഗിക്കാതിരുന്നാല്‍, കടുക് അധികമായാല്‍, കറിയുടെയും ചോറിന്റെയും വറവിന്റെയും ഉപ്പേരിയുടെയും രുചി തെറ്റും. പിന്നെ, വായില്‍ വയ്ക്കാന്‍ കൊള്ളില്ല. വായില്‍ വയ്ക്കാന്‍ കഴിയാത്ത ഭക്ഷണങ്ങള്‍ ആരും തിന്നില്ല.


                              വയറ് നിറയാതിരുന്നാല്‍ ജീവിതത്തിന്റെ ഗതി തെറ്റും. മനസ്സും മാറും. ദിശ മാറും, പട്ടിണിയാകും. സങ്കടങ്ങള്‍ പറയുന്നത് എപ്പോഴും അടുക്കളയില്‍ വച്ചാണ്. ജീവിതത്തിന്റെ വറചട്ടി അടുക്കളയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിന്റെ മുന്നില്‍ ഇരുന്ന്, കത്താത്ത അടുപ്പിന് സാക്ഷിയായി ജീവിതം പറയുന്നു. അത് കരച്ചിലിന്റെ, വിശപ്പിന്റെ, നിലവിളിയുടെ, ആധിയുടെ, വയറ് നിറയാത്തതിന്റെ മക്കളുടെ, മാതാപിതാക്കളുടെ, ഭര്‍ത്താക്കന്മാരുടെ, പെണ്‍മക്കളുടെ, കെട്ടിയോന്‍ ഉപേക്ഷിച്ചതിന്റെ സങ്കടങ്ങളുടെ വചനങ്ങളാകുന്നു. പണ്ട് നമ്മള്‍ കേട്ടുവളര്‍ന്ന കഥയുണ്ട്. ഖലീഫയുടെ കഥ. നാട് ഭരിച്ചിരുന്ന ഖലീഫ പ്രജകളുടെ ക്ഷേമശൈ്വര്യങ്ങള്‍ അറിയാന്‍ വേഷം മാറി നടന്നുപോയത് അടുക്കള മുറ്റത്തേക്കായിരുന്നു. ഇരുട്ടത്ത്, നഗരപ്രാന്തത്തിലെത്തിയപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട ഭാഗത്തേക്ക് അദ്ദേഹം നടന്നു. ""വിശന്നു ചാകാറായി വല്ലതും താ..."" കരച്ചിലോടെയാണ് കുട്ടി പറയുന്നത്. കൊച്ചു കിളിവാതിലിലൂടെ അദ്ദേഹം എത്തി നോക്കിയപ്പോള്‍ ഒരു സ്ത്രീ കത്തുന്ന അടുപ്പില്‍ വച്ചിരിക്കുന്ന കലത്തില്‍ തവിയിട്ട് ഇളക്കുകയാണ്. അമ്മയും അഞ്ചുമക്കളും. ഇളയ കുട്ടികള്‍ അടുക്കളയില്‍ ഉറങ്ങുകയാണ്. വിശന്നു വാടിയ മുഖങ്ങള്‍. ആ സ്ത്രീ കലത്തില്‍ തവിയിട്ട് ഇളക്കുന്നത് മക്കള്‍ എല്ലാവരും ഉറങ്ങുവാനാണ്. വിശന്നുകരഞ്ഞു തളര്‍ന്ന ഉറക്കത്തെ കാത്ത്. കരളലിയിപ്പിക്കുന്ന കാഴ്ച കണ്ട് ഖലീഫയുടെ മനസ്സ് വെന്തു. ആ അടുപ്പില്‍ വേവുന്നത് അദ്ദേഹത്തിന്റെ മനസ്സായിരുന്നു. ""ഭരണം ശരിയല്ല,"" അദ്ദേഹം സ്വയം പിറുപിറുത്തു. അദ്ദേഹം സ്വന്തം വീട്ടിലേക്ക് ഓടി. ഭാര്യയോട് കാര്യം പറഞ്ഞു. കുറച്ച് മാവും എണ്ണയും ധാന്യങ്ങളും കൂട്ടയിലാക്കി ആ സ്ത്രീക്ക് കൊണ്ടുകൊടുത്ത് കുട്ടികള്‍ക്ക് വേഗത്തില്‍ ഭക്ഷണമുണ്ടാക്കിക്കൊടുക്കാന്‍ പറഞ്ഞു. ഇങ്ങനെ നമ്മുടെ ഭരണാധികാരികള്‍ ഒരിക്കലും ചെയ്യില്ല. പാവപ്പെട്ടവന്റെ അടുക്കളയിലേക്ക് എത്തിനോക്കില്ല. അത് എനിക്കും നിങ്ങള്‍ക്കും അറിയാം. നമ്മുടെ ഭരണാധികാരികള്‍ യാത്ര പോകുന്നതും സന്ദര്‍ശിക്കുന്നതും പഞ്ചനക്ഷത്ര ഇടങ്ങളിലെ സുഖജീവിതങ്ങളിലേക്കാണ്. അവര്‍ക്ക് അരികു ജീവിതങ്ങളുടെ അവസ്ഥ നോക്കാന്‍ സമയമില്ല. ഇനി സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെങ്കില്‍ തന്നെ പ്രമാണിമാരുടെ അരമനകളിലായിരിക്കും. അരമനയിലെ സ്വീകരണമുറിയില്‍ അദ്ദേഹം ഇരിക്കും. അവിടം ചമയിച്ചൊരുക്കും. മുന്തിയ വാഹനത്തിലായിരിക്കും വരവ്. അന്നേരം നിരത്തുകളിലെ "കുണ്ടുകള്‍" അടക്കും. വേഗത്തില്‍ താറിടും, റോഡ് നന്നാക്കും.
 
     നമ്മുടെ ഖലീഫമാര്‍ ദാരിദ്ര്യത്തിന്റെ മുഖങ്ങള്‍ കാണാന്‍


ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഡല്‍ഹിയിലെ ചേരിപ്രദേശം ബുള്‍ഡോസര്‍കൊണ്ട്      അടിച്ചുനിര പ്പാക്കിയത്. ആ ചേരിയില്‍ അനേകം കുടുംബങ്ങള്‍ താമസിച്ചിരുന്നു. അവര്‍ പകല്‍ ജോലിചെയ്ത് രാത്രി കുടുംബമായി ഭക്ഷണം കഴിക്കുന്നവരായിരുന്നു. അന്നേരമാണ് അടുക്കള പുകയുക. ഒരു നേരം മാത്രം. അന്ന്, ഡല്‍ഹിയില്‍ നടക്കുന്ന മാമാങ്കത്തിന് വിദേശരാഷ്ട്ര ത്തലവന്മാര്‍ വരുന്നുണ്ട്. അവര്‍ ചേരിപ്രദേശം കണ്ടാല്‍ രാജ്യത്തിന്റെ അന്തസ്സു കെട്ടുപോകും. നാലാള് കാണുന്നതാണ് പ്രശ്നം. അല്ലാതെ ഈ സാഹചര്യം സൃഷ്ടിച്ചതിന്റെ ഉത്തരവാദി ആരാണെന്നും എന്തുകൊണ്ടാണ് ഈ അരികുജീവിതം അനുഭവിക്കേണ്ടി വരുന്നതെന്നുമുള്ള ചോദ്യത്തിന് ഉത്തരം അവര്‍ തേടിയില്ല. താല്‍പര്യവുമില്ല. ഇടിച്ചു നിരപ്പാക്കിയ സ്ഥലത്ത് താമസിച്ചവര്‍ ഇനി എവിടെയാണ് അന്തിയുറങ്ങുകയെന്ന ആധി ആ ഭരണാധികാരിക്ക് ഉണ്ടായില്ല. അവര്‍ ജീവിച്ചാലെന്ത് മരിച്ചാലെന്ത് അല്ലേ? തെരുവുജീവിതങ്ങളുടെ അടുപ്പുകള്‍ ഓരോ ദിവസവും ഓരോ ഇടത്തായിരിക്കും. അവരുടെ ജീവിതത്തിന് സ്ഥിരതയില്ലാത്തതിനാല്‍ അടുക്കളക്കും അടുപ്പിനും സ്ഥിരതയുണ്ടാവില്ല. സ്വന്തമായി അടുക്കളയുള്ളവരുടെ ജീവിതം ഒരിടത്ത് കുറ്റിയടിച്ച് വയ്ക്കുന്നു. ഭരണാധികാരികള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കും നാടന്‍ കുത്തകകള്‍ക്കും ചുവന്ന പരവതാനി വിരിയ്ക്കുമ്പോള്‍ അരികു ജീവിതത്തിലേക്ക് പലരും കാലിടറി വീഴുന്നു. അപ്പോള്‍ അവരുടെയൊക്കെ അടുക്കളയില്‍ തീ പിടിക്കാതെ ചാകുന്നു. തീ പിടിക്കാത്ത അടുക്കളയില്‍നിന്ന് ഭക്ഷണമുണ്ടാകില്ല. തീയില്ലാതെ പുകയുണ്ടാകില്ല.


       കുടുംബത്തിന്റെ, നാടിന്റെ, ജീവിതത്തിന്റെ, ദേശ ചരിത്രത്തിന്റെ പരിഛേദങ്ങളാണ് അടുക്കള. കഞ്ഞിക്കലത്തില്‍ വേവുന്ന കണ്ണീരാണ് ഖലീഫ കണ്ടത്. നെഞ്ചെരിച്ചിലാണ് വേവുന്ന ചട്ടിയിലുള്ളത്. പൊരിയുന്ന ജീവിതമാണ് കത്തുന്നത്. അടുക്കളയില്‍ എപ്പോഴും അമ്മമാരുടെ ഇല്ലായ്മയുടെ നിലവിളിയാണ് കേള്‍ക്കുന്നത്. നമ്മുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള മുന്‍ പ്രധാനമന്ത്രിയുടെ പുത്രന്‍ പറയുന്നത് ദാരിദ്ര്യമെന്നത് മാനസികാവസ്ഥ മാത്രമാണെന്നാണ്. ആത്മവിശ്വാസമുണ്ടെങ്കില്‍ ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ എളുപ്പമാണെന്നാണ്. അങ്ങനെ ദാരിദ്ര്യത്തിന് പുതിയ നിര്‍വചനം ഉണ്ടായിരിക്കുന്നു. എല്ലാ അടുക്കളയ്ക്കും ജീവിതത്തിന്റെ കഥ പറയാനുണ്ടാകും. അടുക്കളയിലേക്ക് നോക്കുന്നവന്‍ വീട് നോക്കുന്നവനാണ്. വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവനാണ്. വീട് നോക്കുന്നവന്‍ മനുഷ്യസ്നേഹിയായിരിക്കാം. അടുക്കളയിലെ കരച്ചിലാണ് മനുഷ്യനെ അധ്വാനിയാക്കുന്നത്. വിശക്കുന്ന വയറില്ലെങ്കില്‍, വീട്ടിനകത്തുള്ളവര്‍ക്കൊക്കെ വിശപ്പില്ലെങ്കില്‍ നമ്മള്‍ സുഖിയന്മാരായി മാറും. വിശപ്പാണ് ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. വിശപ്പ് മാറ്റുകയെന്നാണ് അധ്വാനത്തിന്റെ പ്രാഥമിക ഘടകം. വിശപ്പ് അടക്കാനുള്ള പണം കഴിച്ച് ബാക്കിയുള്ളതാണ് മിച്ചം. അടുക്കളച്ചെലവ് കൂടുമ്പോള്‍ ജീവിതത്തിന്റെ ബാധ്യതയേറുന്നു. അടുക്കള നിലവിളിക്കുമ്പോള്‍ മനുഷ്യന്‍ ഓടുന്നു. തെരുവില്‍ അധ്വാനം വില്‍ക്കുന്നു. ദാരിദ്ര്യം കുടുംബത്തിലെ എല്ലാവരും വീതം വച്ച് എടുക്കാനുള്ളതാണ്. ഒരു ദിവസം ഭക്ഷണം കിട്ടിയിട്ടില്ലെങ്കില്‍ വീട്ടുകാരോട് പ്രതിഷേധിക്കരുത്. അതെന്നെ പഠിപ്പിച്ചത് ഉമ്മയാണ്. ആ ദിവസം എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഉപ്പ ഞങ്ങളെ ഉപേക്ഷിച്ച കാലമായിരുന്നു. മൂത്ത കാരണവരാണ് ഞങ്ങളെ സംരക്ഷിച്ചുപോന്നത്. ഞാനും അനിയന്മാരും പഠിക്കുകയായിരുന്നു. കീറിപ്പറിഞ്ഞ പുസ്തകങ്ങള്‍ ചുമലിലേറ്റി നടന്നുപോകുന്നത് ഞങ്ങള്‍ക്ക് കുറച്ചിലായി തോന്നിയില്ല. എല്ലാ കുട്ടികളും അങ്ങനെയായിരുന്നുവല്ലോ. നല്ല വസ്ത്രങ്ങള്‍ ധരിച്ചാല്‍ മാനസിക ധൈര്യമുണ്ടാകുമെന്നും വില കൂടിയ കാറുകള്‍ ഉപയോഗിച്ചാല്‍ സാമൂഹിക അന്തസ്സ് കൂടുമെന്നും വിവരിക്കുന്ന കാലമായിരുന്നില്ല അത്. പരസ്യങ്ങളാണ്ഇത്തരം രീതി നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയത്. അതൊരു വിപണന തന്ത്രമാണ്. നിങ്ങള്‍ ഏത് വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഏത് വാഹനത്തില്‍ സഞ്ചരിക്കണമെന്നും ഏത് ഭക്ഷണം കഴിക്കണമെന്നും ഏത് ഫോണ്‍ ഉപയോഗിക്കണമെന്നും ഏത് ആശുപത്രിയില്‍, സ്കൂളില്‍ പോകണമെന്നും ഏത് വഴിയില്‍ സഞ്ചരിക്കണമെന്നും നമ്മോട് പരസ്യങ്ങള്‍ പറയുന്നു. അല്ലെങ്കില്‍ സ്വര്‍ണം വാങ്ങാന്‍ പോലും നല്ല ദിവസം നിശ്ചയിച്ച നാടാണിത്. അന്ന്, കഞ്ഞിവയ്ക്കാന്‍ അരിയില്ല. അയല്‍പക്കത്ത് അരി കടം വാങ്ങാന്‍പോയ ഉമ്മാമ തിരിച്ചുവന്നു. അവിടെ അരിയില്ലത്രെ. അയല്‍പക്കത്തെ അടുക്കളയില്‍ നെയ്ച്ചോറിന്റെയും പോത്തിറച്ചിയുടെയും മണമുണ്ടായിരുന്നു. അരിച്ചാക്കിന്റെ മുകളില്‍ ഇരുന്നാണ് അവിടെ അരി ഇല്ലായെന്ന് അയല്‍ക്കാരി പറഞ്ഞതത്രെ. അടുക്കളയില്‍ ഇരുന്ന് കരച്ചിലോടെ ഉമ്മാമ ദൈവത്തെ വിളിച്ചു. അപ്പോഴും ഉമ്മയുടെ മുഖം നിര്‍വികാരമായിരുന്നു. ഉമ്മയുടെ മുഖത്ത് ജീവിതത്തിന്റെ നിറവ്യത്യാസങ്ങള്‍ കാണാന്‍ കഴിയില്ല. അടുക്കളപ്പടിയില്‍ കാല്‍കയറ്റിവെച്ച് ദൂരേക്ക് നോക്കി നില്‍പ്പാണ് ഉമ്മ. അടുപ്പിന് മുകളില്‍ കഞ്ഞിക്കലം വച്ച് ഉണങ്ങിയ മരക്കൊമ്പുകളും ഇലകളും കത്തിച്ചുവച്ച അടുപ്പിന് മുന്നില്‍ ഉമ്മാമ കാത്തിരിക്കുന്നത് കാരണവര്‍ കൊണ്ടുവരുന്ന അരിമണികളെയാണ്. അന്ന് കാരണവര്‍ അരി കൊണ്ടുവന്നില്ല. കാരണവര്‍ക്ക് ജോലിയില്ല. നല്ല മഴയായിരുന്നു. ഞാന്‍ മഴയിലേക്ക് ഇറങ്ങി. മഴയുടെ ആരവത്തിലേക്ക് ഇടിമിന്നലിന്റെ ഒച്ചയില്‍ ബട്ടണ്‍ പൊട്ടിയ ട്രൗസറിട്ട്, കുപ്പായം ഇടാതെ മഴ കൊള്ളുകയാണ്. ഞാന്‍ കരയുന്നുണ്ടായിരുന്നു. അതെന്റെ സ്വഭാവമാണ്. സങ്കടം വരുമ്പോള്‍ കുളിമുറിയില്‍ കയറി തലയില്‍ വെള്ളമൊഴിക്കും. വെള്ളത്തില്‍ കരച്ചിലും കണ്ണീരും മിശ്രിതമായി ദേഹത്തൂടെ ഒഴുകുന്നു. സങ്കടങ്ങള്‍ ആരും കേള്‍ക്കില്ല. മഴ കൊള്ളുന്നത് ഉമ്മാമ കണ്ടു. ""യെന്റെ... മോനെ..."" മഴയത്ത് ഇറങ്ങിവന്ന് എന്നെ കോരിയെടുത്ത് വീടിന്റെ അകത്തേക്ക് കൊണ്ടുപോയി തല തുവര്‍ത്തി തന്നു. ഉമ്മാമ കരയുന്നുണ്ടായിരുന്നു. ""നീയെന്തിനാ മഴ കൊണ്ടത്"" അങ്ങനെ ഉമ്മാമ ചോദിച്ചപ്പോഴാണ് ഉമ്മ വടി എടുത്ത് എന്നെ അടിക്കാന്‍ തുടങ്ങിയത്. തലങ്ങൂം വിലങ്ങും പൊതിരെ തല്ലിച്ചതച്ചു. കണ്ണില്‍ മുളക് തേച്ചു. ""എന്തിനാടാ മഴ കൊണ്ടത്. നീയെന്നെ പഠിപ്പിക്കുകയാ..."" അങ്ങനെ ചോദിച്ചിട്ടാ ഉമ്മ അടിച്ചത്. പിടിച്ചുവയ്ക്കുന്ന ഉമ്മാമയെ തള്ളിമാറ്റിക്കെണ്ട്. അതെ, ദാരിദ്ര്യം എല്ലാവരും വീതം വച്ച്, എടുക്കാനുള്ളതാണ്. ഒരു ദിവസം ഭക്ഷണം കിട്ടിയിട്ടില്ലെങ്കില്‍ വീട്ടുകാരോട് പ്രതിഷേധിക്കരുത്. ഇതാണ് ഉമ്മ തന്ന പാഠം. പറഞ്ഞുതരാതെ അടിച്ചു പഠിപ്പിച്ച പാഠം. ഞങ്ങളുടെ തലമുറയെ അടിച്ചു വളര്‍ത്തുകയാണ് ചെയ്തത്. എന്നിട്ട് ഞങ്ങളാരും വളഞ്ഞുപോയിട്ടില്ല, ആത്മഹത്യ ചെയ്തിട്ടില്ല. പരീക്ഷക്ക് തോറ്റാലും ജയിച്ചാലും ഉമ്മയുടെ മുഖം തെളിയില്ല. അതൊന്നും വലിയ കാര്യമല്ല. അവര്‍ക്ക് ചിന്തിക്കാന്‍ മറ്റൊരു കാര്യമുണ്ട്; അടുക്കള. അതുകൊണ്ട് ഞങ്ങള്‍ വെയിലത്തും മഴയത്തും വാടിയില്ല. ഇന്നത്തെ കുട്ടികള്‍ നാലുമണിപ്പൂക്കളാണ്. ഇപ്പോഴും അടുക്കളയിലേക്ക് കയറുമ്പോള്‍ ഉമ്മാമയുടെ നിലവിളി കേള്‍ക്കാറുണ്ട്. സ്ത്രീകള്‍ എപ്പോഴും പട്ടിണിയായിരിക്കും. എല്ലാവരും തിന്നശേഷം സ്ത്രീകള്‍ തിന്നുന്നതിന്റെ കാരണം അതാണ്. അവര്‍ ത്യാഗികളാണ്. ഊട്ടുന്നവരാണ്. അതുകൊണ്ടാണ് അമ്മയുടെ കണ്ണുനീര്‍ വീണ ഭൂമി ഭസ്മമായി പോകുമെന്നു പറയുന്നത്. അവരുടെ ശാപം ജീവിതകാലം പിന്തുടരുമെന്നു പറഞ്ഞത്. ഉമ്മയുടെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്നു പറഞ്ഞത്. അന്ന്, ഉമ്മ ദോശ ചുടുകയാണ്. കത്തുന്ന അടുപ്പിന് ചുറ്റും ഞാനും അനിയന്മാരും അനിയത്തിയും ഇരിക്കുകയാണ്. ഖലീഫ ഉമര്‍ കണ്ട അതേ ചിത്രം. ദോശ ചുടുന്നതിനിടയില്‍ കഴിക്കാന്‍ തരില്ല. ചുട്ട് തീരണം. ചുട്ട ദോശ എത്രയെന്ന് എണ്ണും. ഞങ്ങളെ നോക്കും. മനസ്സില്‍ ഉമ്മ വീതം വയ്ക്കുകയാണ്. ഒരാള്‍ക്ക് എത്രയെന്ന്. പാത്രത്തില്‍ ദോശ വീണു. മുട്ട പുഴുങ്ങിയിട്ട കറിയാണ്. ഒരു മുട്ട, നൂലുകൊണ്ട് നാലുഭാഗമായി മുറിച്ചു. അനിയന്‍ വേഗത്തില്‍ ദോശ തിന്നശേഷം വിശക്കുന്നുവെന്ന് പറഞ്ഞ്, കരയുവാന്‍ തുടങ്ങി. ഉമ്മാക്ക് വച്ച ഒറ്റ ദോശയില്‍നിന്നും പകുതി അവന് കൊടുത്തു. ബാക്കി പകുതി അനിയത്തിക്കും. അന്ന് രാത്രി ഉമ്മ പട്ടിണി കിടന്നിട്ടുണ്ടാകും. അതൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. വിശപ്പടങ്ങാത്ത വയറിന്റെ ആര്‍ത്തിയുള്ള ജീവിതമായിരുന്നു അന്ന്. കൊതിയന്മാരാണ് ഞങ്ങള്‍. പെട്ടിക്കൂട്ടിലെ ഭക്ഷണ സാധനങ്ങള്‍ കൊതിയോടെ നോക്കിനില്‍ക്കാറുണ്ട്. കിട്ടിയ കഷ്ണങ്ങള്‍ തിന്നശേഷം നക്കി നക്കി കൈവിരലുകള്‍ വെളുപ്പിക്കുമായിരുന്നു. എല്ലാ അമ്മമാരും ഒടുങ്ങാത്ത മക്കളുടെ വിശപ്പടക്കാന്‍ അവരുടെ ഭക്ഷണ വിഹിതം നല്‍കി പട്ടിണി കിടന്ന കാലം. നേന്ത്രക്കായയുടെ തോടും മാങ്ങയുടെ കൊരട്ടയും പുഴുങ്ങിത്തിന്ന കഥ കാരണവരുടെ ഉമ്മാമയും ഉമ്മയും പറയുന്നത് കേട്ടിട്ടുണ്ട്. അടുക്കളകള്‍ എന്നും കത്തിയേറിന്റെ നിലവിളിയായിരിക്കും. പൊരിക്കലിന്റെ വേവലിന്റെ, വേവലാതികളുടെ, അറവിന്റെ, അരിയലിന്റെ, ആളിക്കത്തലിന്റെ, പുഴുങ്ങലിന്റെ പൊട്ടിക്കലിന്റെ, കുത്തലിന്റെ, ഇടിക്കലിന്റെ,
പരത്തലിന്റെ കഥകളാണ് സമൃദ്ധിയുടെ അടുക്കളകള്‍ക്ക് പറയാനുണ്ടാകുക. അടുക്കള സജീവമാകുന്നുവെന്നു പറഞ്ഞാല്‍


അടുക്കളയില്‍ സമൃദ്ധിയുണ്ടായി എന്നാണ് അര്‍ഥം. ഭക്ഷണത്തിന് വൈവിധ്യമുണ്ടാകുന്നതും പാചകക്കുറിപ്പിന്റെ ഭക്ഷണമുണ്ടാകുന്നതും അറിയാത്ത രുചി തേടുന്നതും സമൃദ്ധിയുടെ അടയാളമായി കാണാവുന്നതാണ്. ഇങ്ങനെ രാജ്യത്തിലെ എല്ലാ അടുക്കളയും സമൃദ്ധിയാകുമ്പോഴാണ് ഭരണം ജനാധിപത്യമാകുന്നത്. ഇരുട്ടായിരിക്കും അടുക്കളയില്‍ എപ്പോഴും. അടുക്കളയില്‍ വെളിച്ചം കിട്ടുവാന്‍ മുകളില്‍ മേഞ്ഞ ഓടുകള്‍ക്കിടയില്‍ ഒന്നുരണ്ട് ചില്ലുകള്‍ വയ്ക്കും. ഇരട്ടച്ചില്ലും ഒറ്റ ചില്ലും. ഒരു ഓട് മാറ്റി അവിടെ ചില്ലുവയ്ക്കുന്നതിന് ഒരൊറ്റ ചില്ല്. രണ്ട് ഓട് മാറ്റി ഇടുന്ന ചില്ലിനെ ഇരട്ട ചില്ല് എന്നും. ഈ ചില്ലുകളിലൂടെ വരുന്ന വെളിച്ചമാണ് അടുക്കളയിലെ ഇരുട്ടിനെ മാറ്റുക. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ചില്ലിനെ പുക മൂടും. വെളിച്ചം കുറയും. ചില്ല് മഞ്ഞ നിറമാകും. അടുക്കളയിലെ ചുമരുകളില്‍ കട്ടിയേറിയ നിറമായിരിക്കും പൂശുക. വെളുത്തനിറം പൂശാറില്ല. വെളുപ്പിനെ വേഗത്തില്‍ പുക നശിപ്പിക്കും. അടുക്കളയെ ആരും ശപിക്കാറില്ല. ഈ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കിയത് കൊണ്ടാണ് എല്ലാനേരവും കഴിക്കാന്‍ കഴിയാത്തതെന്നും പറയാറില്ല. അങ്ങനെ വിചാരിച്ചാല്‍ അടുക്കളക്ക് ദേഷ്യം പിടിക്കും. അടുക്കളക്ക് ദേഷ്യം പിടിച്ചാല്‍ അടുപ്പ് കത്തില്ല. അടുപ്പ് കെടും. പുക കൊണ്ടുമൂടും. അടുക്കളയിലുള്ളവരുടെയും വീട്ടിലുള്ളവരുടെയും കണ്ണിലും മൂക്കിലും കയറും. കരയും
, ശ്വാസം മുട്ടും. കെട്ടുപോയ അടുപ്പില്‍ പ്രാര്‍ഥനയുടെ മനസ്സോടെ ഊതും. അടുപ്പിന്റെ മുഖം തെളിയും. ആളിക്കത്തും. അന്നേരം കത്താത്ത വിറകിനെയാണ് ശപിക്കാറുള്ളത്. അടുക്കളയില്‍ ചേര പായുന്നുവെന്നാല്‍ ഒന്നും വെച്ചു വിളമ്പാറില്ലായെന്നാണ് അര്‍ഥം. തീവ്രമായ ദാരിദ്ര്യത്തിന്റെ സൂചന. അടുക്കളയിലെ പാത്രങ്ങളുടെ ഒച്ചയും കിണറില്‍ തൂക്കിയിട്ടിരിക്കുന്ന കപ്പിയുടെ കരച്ചിലും വിശന്ന വയറുകളുടെ പൊരിച്ചിലും കെടാത്ത ആര്‍ത്തിയുമാണ് അടുക്കളക്കഥകളായി ഞങ്ങളുടെ തലമുറയ്ക്ക് പറയാനുണ്ടാകുക. തീ കത്തുന്ന അടുക്കളയില്‍നിന്നാണ് അടുക്കളക്കാരികള്‍ ചിത്രങ്ങള്‍ വരയ്ക്കുക. അടുക്കളക്കാരികള്‍ ചിത്രകാരികളാണ്. മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഗോതമ്പുപൊടി... എന്നിങ്ങനെ പല നിറങ്ങള്‍കൊണ്ടാണ് കറികളും മറ്റും ഉണ്ടാക്കുന്നത്. വയറ് നിറഞ്ഞാലെ ഉറക്കം വരൂ. സ്വപ്നങ്ങള്‍ കാണാന്‍ കഴിയൂ. പാതിവെന്ത ചോറും വേവാത്ത കറിയും വയറ് നിറയ്ക്കില്ല. വായയ്ക്ക് രുചി കിട്ടില്ല. രുചിക്കൂട്ടുകളാണ്, രുചി മന്ത്രങ്ങളാണ് നാവിന് ഊര്‍ജമാകുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ഏതാണ്ട് പകുതിവരെയും അടുപ്പുകള്‍ അടുക്കളയുടെ തറനിരപ്പില്‍ തന്നെയാണ് പണിതിരുന്നത്. ഉയര്‍ന്ന പ്ലാറ്റ്ഫോമുകളില്‍ അടുപ്പ് നിര്‍മിക്കുന്ന പാശ്ചാത്യരീതി കുറച്ചുകാലമായി നമ്മള്‍ പിന്തുടരുന്നത്.

                 


ഇന്ന് അടുക്കളയിലെ ചിത്രങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കാഴ്ചക്കാരെ തൃപ്തിപ്പെടുത്താനാണ് അടുക്കള മോടി പിടിപ്പിക്കുന്നത്. അടുക്കളക്ക് വേണ്ടി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. അടുക്കളയുടെ ചുമരില്‍ ഇളംനിറം നല്‍കുന്നു. ഇന്നത്തെ അടുക്കളയില്‍ പുകയില്ല, അടുപ്പും ഇല്ല. അടുക്കളക്ക് ദേഷ്യം വന്നാല്‍ ആരും ശ്രദ്ധിക്കാറില്ല. പ്രാര്‍ഥനയോടെ അടുപ്പ് ഊതാറുമില്ല. ഗ്യാസടുപ്പാ... കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന കാഴ്ചബംഗ്ലാവായി അടുക്കള മാറുകയാണോ. അടുക്കളയില്‍ ഇപ്പോള്‍ പൊട്ടിച്ചിരികളാണ് മുഴങ്ങുന്നത്. ധൃതി കുറയുന്നു. വേഗത കുറയുന്നു. യന്ത്രങ്ങളാണ് അടുക്കള ഭരിക്കുന്നത്. അടുക്കളകളില്‍ ഉണ്ടാക്കുന്ന വിഭവങ്ങളൊക്കെ ഒരേ അച്ചില്‍ രൂപപ്പെടുത്തിയതുപോലെയാണ്. ഒരേ രുചിയും ഒരേ മണവും. കൈപ്പുണ്യം നഷ്ടമായിരിക്കുന്നു. അടുക്കളക്കാരികള്‍ ഇപ്പോള്‍ ചിത്രം വരയ്ക്കാറില്ല. അടുക്കള ഇപ്പോള്‍ രസക്കൂട്ടുകളുടെ മിശ്രിതമാണ്. പല അടുക്കളയിലും വെച്ചു വിളമ്പാറില്ല. പാക്കറ്റുകളില്‍ അടക്കം ചെയ്ത സാധനങ്ങള്‍ ഒന്ന് ചൂടാക്കുന്ന ഇടമായി അടുക്കള മാറുകയാണ്.

                        ഗ്യാസടുപ്പുകളാണ് അടുക്കള ഭരിക്കുന്നത്. കുക്കറുകളും ഗ്രയിന്ററുകളും ഓവനുകളും മിക്സികളും ഭരിക്കുന്ന അടുക്കളയിലെ യന്ത്രങ്ങള്‍ ഇനി സ്വീകരണ മുറിയിലേക്കും ഉറക്കമുറിയിലേക്കും കയറിക്കൂടെന്നില്ല. നിങ്ങള്‍ കസേരയില്‍ ഇരുന്നാല്‍ മതി ഞങ്ങള്‍ ഭക്ഷണം എത്തിച്ചുതരാമെന്ന് യന്ത്രങ്ങളും ഹോട്ടലുകാരും പറയുന്നു. ഭക്ഷണങ്ങള്‍ വീട്ടുമുറ്റത്ത് എത്തുന്നു. തീന്‍മേശയില്‍ നിരത്തുന്നു. നിങ്ങളുടെ ദൗത്യം ഭക്ഷണം കഴിക്കുകയെന്നത് മാത്രമായി മാറുന്നു. വച്ചുവിളമ്പേണ്ട. ഇനി വാരിവലിച്ച് വയറുനിറയെ തിന്നണ്ടായെന്നും ഓരോ നേരവും കൃത്യമായ അളവില്‍ വിറ്റാമിനുകള്‍ അടങ്ങിയ ഗുളികകള്‍ കഴിച്ചാല്‍ മതിയെന്നും കേള്‍ക്കുന്നുണ്ട്. വിറ്റാമിനുകളാണ് ശരീരത്തില്‍ വേണ്ടതത്രെ. വാരിവലിച്ചു തിന്നുമ്പോള്‍ നിങ്ങളുടെ സമയം നഷ്ടമാകുന്നുവെന്നും സമയമാണ് ജീവിതഗതിയെ നിയന്ത്രിക്കുന്നതെന്നുമാണ് പുതിയകാല സമവാക്യം.

        സമയമില്ലായെന്നാണ് പരാതി. സമയം ലാഭിക്കാനാണ് അടുക്കളയില്‍ യന്ത്രങ്ങള്‍ വന്നത്. രുചിയില്ലെങ്കിലും വയറ് നിറഞ്ഞാല്‍ മതിയത്രെ. ഇരുപത്തിനാല് മണിക്കൂര്‍ പോരത്രെ ചിലര്‍ക്ക്. സമയത്തോട് അത്ര അത്യാര്‍ത്തിയാ. കാലം മാറുകയാണ്. അടുക്കളയും മനുഷ്യനും മാറുകയാണ്. ആഗോളവല്‍ക്കരണകാലത്ത് എല്ലാം മാറിക്കൊണ്ടിരിക്കുകയും മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്ത് അടുക്കളയും അതിന്റെ നിലനില്‍പ്പും നഷ്ടപ്പെടുകയാണ്. കാലം മാറുമ്പോള്‍ അടുക്കളക്ക് മാത്രം എങ്ങനെയാണ് മാറാതിരിക്കാന്‍ കഴിയുക. തനത് രൂപങ്ങള്‍ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണല്ലോ. കാലം മാറുമ്പോള്‍ കോലം മാറണമെന്നല്ലേ പ്രമാണം.
 
ദേശാഭിമാനി വാരിക  ഒക്ടോബർ 2013 
 

8 comments:

Unknown said...

ദേശാഭിമാനി വാരിക ഒക്ടോബർ 2013

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇതില്‍ ഒരുപാട് മനസ്സിലാക്കാനുണ്ട്.

ബൈജു മണിയങ്കാല said...

മനുഷ്യൻ കഞ്ഞിയിൽ നിന്ന് ചോറിലെക്കും ഇപ്പൊ കറിയിലേക്കും മാറി പക്ഷെ ഇപ്പോഴും കഞ്ഞി വെള്ളം വെള്ളം പോലും കുടിക്കാനില്ലാത്ത ഒരു പാട് പേർ

satheesan narakkode said...

ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍

shameerasi.blogspot.com said...

മനുഷ്യന്‍ മാറ്റങ്ങളുടെ പാതയില്‍ ആണ് അനുദിനം അവന്‍റെ ജീവിത രീതികള്‍ മാറിക്കൊണ്ടിരിക്കുന്നു .,.,.കുട്ടിക്കാലത്ത് പലരുടെയും ഭക്ഷണം എന്ന് പറയുന്നത് കുറച്ച് കഞ്ഞിയോ ചക്കക്കുരു ഉപ്പെരിയോ ചീര ഇലയോ മുരിങ്ങിലയോ മുള്ളന്‍ മീന്‍ മത്തി എന്നിവ ചുട്ടതും പപ്പടം ചുട്ടതും ഒക്കെ ആയിരുന്നു ഇന്നു ചിലര്‍ക്ക് അത് കേള്‍ക്കുന്നത് പോലും അലര്‍ജ്ജിയാണ് അത്രക്കും മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു ..,.,നല്ലൊരു ആത്മാര്‍ഥമായ നേര്‍ചിത്രം ഈയ്യ ഇക്ക ,.,.,.ആശംസകള്‍ .,.,

Madhusudanan P.V. said...

അടുക്കളക്കാര്യം സൂക്ഷ്മമായിത്തന്നെ ഇയ്യ വിശദീകരിച്ചല്ലൊ. അഭിനന്ദനങ്ങൾ.ഒരു 50 കൊല്ലം കഴിഞ്ഞാൽ മിക്ക കേരളീയ ഭവനങ്ങളിലും അടുക്കളയുണ്ടാവുമെന്നു തോന്നുന്നില്ല. ഭക്ഷണം ഹോട്ടലിൽനിന്ന്‌ വരുത്തുന്ന സമ്പ്രദായത്തിലേക്കു മലയാളികൾ നീങ്ങിത്തുടങ്ങി. വീട്ടിൽ അടുക്കള, സ്റ്റോർ റൂം, ഗേസ് എന്നിവയൊക്കെ ഭാവിയിൽ അനാവശ്യമായേക്കാം. സ്ത്രീകൾക്ക്‌ അധ്വാനത്തിൽനിന്നു മോചനവും. മറ്റു കാര്യങ്ങൾക്കു സമയവും..

Unknown said...

മുഹമ്മദ്‌ ആറങ്ങോട്ടുകര സ\\ന്തോഷം \\\\\\\








\\\\\\\\\\\\













മുഹമ്മദ്‌ ആറങ്ങോട്ടുകര /ബൈജു /സതീശന്‍ /അസിഫ് ഷമീര്‍ /മധുസൂദനന്‍ ,നിങ്ങളുടെ പ്രതികരണത്തിനും അനുമോധനതിനു എന്റെ സന്തോഷം അറിയിക്കുന്നു








Unknown said...

ബൈജു മണിയന്‍ /സതീശന്‍ /അസിഫ് /മധുസൂദനന്‍ പി.വി, .നിങ്ങളുടെ പ്രതികരണത്തില്‍ നിന്നും കിട്ടുന്ന ഊര്‍ജമാണ് എനിക്ക് എഴുത്ത് ........