ആടുകളുടെ റിപ്പബ്ലിക്ക് ഒരു സ്വപ്‌നഭൂമിയാണ്. മാര്‍ക്കേസിന്റെ മക്കോണ്ട പോലെ തികച്ചും സ്വപനത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒരു ഇടം. എന്നാല്‍ ഈ സ്വപ്‌നഭൂമിക്ക് തികച്ചും റിയലിസത്തിന്റേതായ രാഷ്ട്രീയം പറയാനുണ്ട്. മാജിക്കല്‍ റിയലിസത്തില്‍ ചാലിച്ചെടുത്ത ആടുകളുടെ റിപ്പബ്ലിക് അതുകൊണ്ട് തന്നെ മലയാളത്തിലെ മികച്ച രാഷ്ട്രീയ നോവലായി മാറുന്നു. മാര്‍ക്കേസിന്റെ ഭാഷയില്‍ മാക്‌സിംഗോര്‍ക്കിയുടെ വിപ്ലവചിന്തകള്‍ തുന്നിച്ചേര്‍ക്കാന്‍ നടത്തിയ ശ്രമമായി ചില ഘട്ടങ്ങളിലെങ്കിലും തോന്നിപോകുന്നു എന്നത് ആടുകളുടെ റിപ്പബ്ലിക്കിനെ ശ്രദ്ധേയമാക്കുന്നു. മാജിക്കല്‍ റിയലിസമാണ് നോവലിന്റെ ഭാവുകത്വത്തെ നിര്‍ണയിക്കുന്നതെങ്കിലും രാഷ്ട്രീയ റിയലിസത്തിന്റെ കണ്ണാടിയായി ഈ നോവല്‍ മാറുന്നു. സ്വപ്‌നത്താല്‍ നെയ്തതാണെങ്കിലും വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയുടെ അടയാളപ്പെടുത്തലായി മാറുകയാണ് ഇയ്യ വളപട്ടണത്തിന്റെ അടുകളുടെ റിപ്പബ്ലിക്. അടിമയായി സ്വയം അടയാളപ്പെടുത്തുന്ന ഭരണാധികാരികളെയും അവര്‍ കാവലാളാവുന്ന നാടിന്റെ തലയ്ക്കുമീതെ തൂങ്ങുന്ന ദുരന്തങ്ങളെയും വരച്ചുകാട്ടുന്ന ഈയ്യ വളപട്ടണത്തിന്റെ ‘ആടുകളുടെ റിപബ്ലിക്’ ഫാന്റസിയും പൊളിറ്റിക്കലുമായ അപൂര്‍വം മലയാളം നോവലുകളില്‍ ഒന്നാണ്. എഴുത്തില്‍ കാലദേശങ്ങളുടെ അടയാളങ്ങള്‍ ഉണ്ടാവുമെന്ന പരമ്പരാഗതമായ വിശ്വാസത്തിന്റെ പൊളിച്ചെഴുത്തു കൂടിയാണ് ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കിയ ഈ ലഘുനോവലില്‍ സംഭവിക്കുന്നത്. കാലത്തെ വെല്ലുന്ന ക്ലാസിക്കുകള്‍ക്ക് പോലും എടുത്തുപറയാന്‍ കഥാപശ്ചാത്തലമായി ഒരു സമയമോ ഇടമോ ഉണ്ടായിരുന്നെങ്കില്‍ ഔട്ടിയാക്കയുടെയും സ്വര്‍ഗസ്ഥലിയുടെയും അവര്‍ക്കിടയിലെ ജീവിതങ്ങളുടെയും കഥ പറയുന്ന ആടുകളുടെ റിപബ്ലിക്കില്‍ ഇത്തരം എല്ലാ ശീലങ്ങളും അപ്രസക്തമാവുന്നതു കാണാം. അതുകൊണ്ടാണ് രാജാവും രാജഗുരുവും മന്ത്രവാദങ്ങളും നിറയുന്ന അധ്യായങ്ങളില്‍നിന്ന് തീവണ്ടിപ്പാളങ്ങളിലേക്കും തപാല്‍ ആപ്പീസിലേക്കുമുള്ള കഥാദൂരം കേവലം താളുകള്‍ മാത്രമാവുന്നത്. അപ്പോഴും നടപ്പുകാലത്തിന്റെ ശീലങ്ങളെയും വെല്ലുവിളികളെയും തെല്ലും ചോര്‍ന്നുപോവാതെ അവതരിപ്പിക്കുന്നുമുണ്ട് ഈ നോവല്‍.
ഒരുവശത്ത് പൊരുതിനേടിയ നാടിന്റെ സ്വാതന്ത്രത്തെയും പരമാധികാരത്തെയും കുറിച്ച് വീമ്പുപറയുകയും മറുവശത്തുനിന്ന് അതേ സ്വാതന്ത്രവും പരമാധികാരവും അപരന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവയ്ക്കാന്‍ വെമ്പുകയും ചെയ്യുന്ന ഭരണാധികാരികളുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കുന്ന ഈ സാങ്കല്‍പ്പിക നോവല്‍ ഒടുവില്‍ ചെന്നവസാനിക്കുന്നത് വിശക്കുന്നവന് അന്നം കിട്ടുകയും അവനവനാല്‍ കഴിയുംവിധം ഓരോരുത്തരും അധ്വാനിക്കുകയും ചെയ്യുന്ന സമത്വസുന്ദര ലോകമെന്ന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിലാണ്. പക്ഷേ നോവലിലെ ജനത അവരനുഭവിക്കുന്ന ഈ സോഷ്യലിസം പൊരുതി നേടിയെടുക്കുന്നതല്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത. ആകാശത്തിന്റെ കഥപറച്ചിലിനും ഭൂമിയുടെ സാക്ഷിവിവരണത്തിനും കാറ്റിന്റെ വിധിപ്രസ്താവത്തിനുമൊടുവില്‍ ഭരണാധികാരികളും അവരുടെ അധികാരമുഷ്‌ക്കും മണ്ണടിയുന്ന മഹാത്ഭുതം നോവലുകളില്‍ മാത്രമാണ് സാധ്യമാവുകയെന്ന് എഴുത്തുകാരന്‍ ഓര്‍ക്കേണ്ടിയിരുന്നു. ഇതുപോലൊരു മഹാത്ഭുതം നാളെ തന്റെ മണ്ണിലും സംഭവിക്കുമെന്നും താന്‍ താനായി മാത്രം നടന്നാലും മണ്ണ് അതിന്റെ വിശുദ്ധിയും നാട് അതിന്റെ സ്വാതന്ത്രവും തിരിച്ചുപിടിച്ചോളും എന്നുമുള്ള അപകടകരമായ ആത്മവിശ്വാസം ഇടയ്‌ക്കെങ്കിലും എഴുത്തുകാരന്റെ ഈ ഓര്‍മപ്പിശകിലൂടെ പങ്കുവയ്ക്കപ്പെടുന്നു.
എഴുത്തിന്റെ പക്ഷമേതെന്ന ചോദ്യത്തിന് ജാള്യതയേതുമില്ലാതെ നിഷ്പക്ഷം എന്ന ഡിപ്ലൊമാറ്റിക് മറുപടി പറഞ്ഞ് തടിതപ്പുന്നതിനേക്കാള്‍ തന്റെ രാഷ്ട്രീയം വിളിച്ചുപറയാനാണ് എഴുത്തുകാരന്‍ താല്‍പര്യപ്പെടുന്നത് എന്നത് ആശ്വാസകരം തന്നെ. കക്ഷിരാഷ്ടീയത്തിനപ്പുറത്ത് അത് മാനവികതയുടെ മാനിഫെസ്റ്റോ ആകുന്നുവെന്നതും ആ മാനവികത അപ്പാടെ ഓരോ വരിയിലും പ്രതിഫലിക്കുന്നുവെന്നതും ആശ്വാസകരമാണ്. വരണ്ട മണ്ണില്‍നിന്ന് മുള പൊട്ടില്ല, ഉറവയുണ്ടാകില്ല. മരിക്കാന്‍ പോകുന്നവന് കാവല്‍ നിന്നിട്ടെന്തു കാര്യം.
കത്തുന്ന ശരീരമാണ് തനിക്കു വേണ്ടതെന്ന് പ്രഖ്യാപിച്ച് തീവണ്ടിമുറിയില്‍ കയറിപ്പായുന്ന നോവലിലെ സ്വര്‍ഗസ്ഥലി തീര്‍ച്ചയായും ഒരോര്‍മപ്പെടുത്തലാണ്. ചോരയും നീരും വറ്റുന്ന നാളില്‍ ഇതുപോലെ നമ്മെ വലിച്ചെറിയുന്നവര്‍ക്കു മുന്നിലാണ് ദാസ്യരായി തലകുനിച്ച് അനുസരണയോടെ നമ്മുടെ ഭരണകൂടവും നിന്നുകൊടുക്കുന്നത് എന്ന ഓര്‍മ്മപ്പെടുത്തല്‍. മനുഷ്യമലത്തിനുപോലും നികുതിചുമത്തുകയും ഭാരിച്ച ആ നികുതിയില്‍ നിന്നൊഴിയുന്നതിനുള്ള ഏകവഴി പട്ടിണി കിടക്കലാണെന്ന പരിഹാസ മറുപടിയിലൂടെ പാവപ്പെട്ടവനെ പുച്ഛിക്കുകയും ചെയ്യുന്ന അധിനിവേശത്തിന്റെ ആള്‍രൂപങ്ങളെ വിമര്‍ശിക്കാനും മരണം പോലും രാജാവിനും പ്രജയ്ക്കും രണ്ടുവിധമാണെന്ന വിളിച്ചുപറച്ചിലിലൂടെ നമുക്കിടയിലെ അകലം കൂട്ടുന്ന പുത്തന്‍നയങ്ങളെ ചോദ്യം ചെയ്യാനുമാവുന്നത് എഴുത്തുകാരന്റെ നിലപാടിലെ ധീരത കൊണ്ടാണ്.
മൂന്നാം ലോകങ്ങള്‍ക്കുമേല്‍ നടത്തുന്ന മുതലാളിത്ത രാജ്യങ്ങളുടെ അധിനിവേശങ്ങളെ കണക്കിനു പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു എന്നത് എഴുത്തിലെ ധീരതയായി കാണുമ്പോഴും ആ മുതലാളിത്ത രാജ്യത്തെ ഒരു പെണ്ണുടലിലും സ്വര്‍ഗസ്ഥലിയെന്ന രാജകുമാരിയിലും ഒതുക്കുന്നതിന്റെ രാഷ്ട്രീയം സ്ത്രീവിരുദ്ധമാണെന്നു പറയാതെ വയ്യ. രാജാവ് വഞ്ചിക്കപ്പെട്ടുപോയവനും ഔട്ടിയാക്ക രക്തസാക്ഷിയുമാവുന്ന നോവലില്‍ എതിര്‍സ്ഥാനത്ത് സ്വര്‍ഗസ്ഥലിയെന്ന മോഹിനീരൂപം എത്തുന്നത് യാദൃശ്ചികതയല്ലെന്നു കൂട്ടിച്ചേര്‍ത്തെഴുതേണ്ടിവരും. മേനിക്കൊഴുപ്പ് കാട്ടിയും പാ വിരിച്ച് ഒപ്പംകിടത്തിയും ആണിനെ വഴിപിഴപ്പിക്കുന്ന പെണ്ണിന്റെ കഥയില്‍നിന്ന് നമ്മുടെ എഴുത്തുകാര്‍ക്ക് ഇനിയും മോചനം കിട്ടിയിട്ടില്ലെന്ന് ഈ നോവല്‍ അടിവരയിടുന്നു.
തപാല്‍ പരിഷ്‌ക്കരണത്തിലൂടെ രാജ്യത്തിന്റെ ഖജനാവ് നിറച്ച് പ്രജകളുടെ വയറ്റത്തടിക്കുന്ന ഭരണാധികാരികളാണ് നമുക്ക് ചുറ്റുമെന്ന് പറയാതെ പറയുകയാണ് ഇയ്യ വളപട്ടണം ആടുകളുടെ റിപ്പബ്ലിക്കില്‍. ഐ.പി.എല്‍. ക്രിക്കറ്റിലും കുംഭകോണങ്ങളിലും തല്‍പരരായ മന്ത്രിമാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന യാഥാര്‍ത്യത്തിന് നേരെയുള്ള പ്രതിഷേധമായി അതുകണ്ട് തന്നെ ഈ നോവല്‍ സൂക്ഷ്മമായ രാഷ്ട്രീയ വായന ആവശ്യപ്പെടുന്നു. വിശക്കുന്നവന്റെ വായില്‍ പന്ത് തിരുകി കയറ്റി കൊഞ്ഞനം കുത്തുന്ന ഭരണാധികാരികളെ വിമര്‍ശിക്കുന്ന ചാട്ടുളിയാണ് ആടുകളുടെ റിപ്പബ്ലിക്. കുത്തകകള്‍ക്ക് നികുതിയിളവ് നല്‍കിയും ക്രിക്കറ്റ് മാമാങ്കങ്ങള്‍ നടത്താന്‍ ആവശ്യത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയും നമ്മെ ഭരിച്ച് മുടിക്കുന്നവരെ കുറിച്ചാണ് ഈ നോവല്‍ സംസാരിക്കുന്നത്. വിദര്‍ഭയിലെ കര്‍ഷകര്‍ക്ക് നല്‍കാന്‍ വെള്ളമില്ലാതെ ഇരിക്കുമ്പോഴും ഐ.പി.എല്‍. മാമാങ്കത്തിന് വെള്ളവും വൈദ്യുതിയും നല്‍കിയ ഭരണകൂടമാണല്ലോ നമുക്കുള്ളത്. ഈ സ്ഥിതിവിശേഷത്തെ കറുത്ത ഹാസ്യത്തിന്റെ കണ്ണടയിലൂടെ നോക്കിക്കാണുകയാണ് ഇയ്യ വളപട്ടണം.
തലകുനിച്ച് ആകാശം നോക്കാതെ സ്വപ്‌നം കാണാതെ നടക്കുന്ന ആടുകളില്‍ വിപ്ലവകാരികളെയോ വ്യത്യസ്ത വ്യക്തികളെയോ സൃഷ്ടിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നില്ല എന്നത് പ്രധാനപോരായ്മയായി മാറുന്നു. നോവലിസ്റ്റ് എതിര്‍ക്കുന്ന പ്രതികരണമില്ലാത്ത പൗരന്മാര്‍ തന്നെയാണ് ഔട്ടിയാക്കയുടെ ജനതയും എന്നത് നോവലിന്റെ പരിമിതിയായി മാറുന്നു. ഈ പരിമിതി ഉപരിപ്ലവമായ രാഷ്ട്രീയത്തെ പ്രചരിപ്പിക്കുകയും കടുത്ത മതാത്മകതയിലേക്ക് നയിക്കുകയും ഏകീകരിക്കപ്പെട്ട പൗരന്മാരെ സൃഷ്ടിക്കുകയും ചെയ്യും. ആടുകളുടെ റിപ്പബ്ലിക്കിലൂടെ ഇയ്യ വളപട്ടണം മുന്നോട്ട് വെക്കാന്‍ ശ്രമിച്ച സാംസ്‌കാരികമായ ബഹുസ്വരത നോവലില്‍ കൃത്യമായി ദൃശ്യമാകുന്നില്ല. നോവലിന്റെ അന്ത്യത്തില്‍ ഔട്ടിയാക്ക പുതിയ ദേശം സൃഷ്ടിക്കുമ്പോള്‍ സാംസ്‌കാരികതയുടെ ഏകരൂപത്തിലേക്ക് ആ ദേശം ചുരുങ്ങിപ്പോകുകയാണ് ചെയ്തത്.
ഏകാധിപതികളും കുടുംബവാഴ്ചകളും ജനാധിപത്യത്തെ എങ്ങനെ കശാപ്പ് ചെയ്യുന്നു എന്നും ദരിദ്രനാരായണന്മാരായ ജനത എങ്ങനെ പ്രതിരോധങ്ങളില്ലാതെ വേരറ്റ് പോകുന്നു എന്നും ഈ നോവല്‍ വരച്ചിടുന്നു. അന്ത്യനാളിലെ നാശത്തിന് ശേഷം പുനര്‍ജനിക്കുന്ന ദേശത്തിന്റെ കഥ പൗലോ കൊയ്‌ലോയുടെ ഫിഫ്ത്ത് മൗണ്ടണിനോട് ചേര്‍ത്തുവെക്കാനുള്ള ഉള്‍ക്കരുത്ത് നല്‍കുന്നുണ്ട്. എന്നാല്‍ അന്തിമപരിഹാരമായി നോവലിസ്റ്റ് നിര്‍ദേശിക്കുന്ന ദൈവികവിമോചന ശാസ്ത്രം അതുവരെ പറഞ്ഞ പൊതുഭാവുകത്വത്തിനും പുരോഗമന വീക്ഷണത്തിനും എതിരായി തീരുകയാണ്. ദൈവം ലോകത്തെ രക്ഷിക്കുമെന്നും പ്രവാചകനായി ഉയര്‍പ്പെട്ട ഔട്ടിയാക്കയിലൂടെ വിപ്ലവം വരുമെന്നും പറയുന്ന കപടആത്മീയതയിലേക്കുള്ള സഞ്ചാരമായി വ്യതിചലിക്കുന്നുണ്ട്. വിപ്ലവം ദൈവികമാണെന്ന ഹെഗലിയന്‍ സിദ്ധാന്തത്തോടും ഹുകുമത്തെ ഇലാഹി എന്ന മൗമൂദിയന്‍ ദര്‍ശനത്തോടും ഏറിയും കുറഞ്ഞും ചാര്‍ച്ച പ്രകടിപ്പിക്കുകയാണ് ഈ നോവലിലൂടെ ഇയ്യ വളപട്ടണം.
മാര്‍ക്‌സിയന്‍ ദര്‍ശനത്തോട് കൂട്ടുചേരുന്നില്ലെങ്കിലും സൂഫി ഇസ്ലാമിനോടും അതിന്റെ സൗന്ദര്യശാസ്ത്രത്തോടും ആഭിമുഖ്യം പുലര്‍ത്തുകയും അത്തരം ഒരു ആത്മീയത പ്രതിഫലിക്കുകയും ചെയ്യുന്നു എന്നത് ആടുകളുടെ റിപ്പബ്ലിക്കിന്റെ സവിശേഷതയാകുന്നു. മോദി ഭീതിയുടെ കെട്ടകാലത്ത് ജീവിക്കുകയും ആരാധനാലയങ്ങളോട് ചുറ്റിപ്പറ്റി അധികാരശക്തികള്‍ ശക്തിപ്പെടുകയും ചെയ്യുന്ന കാലത്ത് ഈ നോവല്‍ ഒരു ചെറുത്ത് നില്‍പ്പാണ്.
മണ്ണിനെയും മനുഷ്യനെയും രണ്ടായി കാണുന്ന പുത്തന്‍ ശീലത്തില്‍നിന്ന് വഴിമാറിയുള്ള നോവലിന്റെ ആഖ്യാനരീതിയും എടുത്തുപറയേണ്ടതാണ്. ഇവിടെ കഥപറച്ചിലിനിടയില്‍ മനുഷ്യന്റെ കാലുകള്‍ വേരുകളാവുകയും അവന് ചിറകുകള്‍ മുളയ്ക്കുകയും അവന്റെ സിരകളില്‍ നിന്നൊഴുകുന്ന ചുവപ്പ് ആകാശത്തിലും കടലിലും പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ വിശാലമായ ബോധം പേറുന്നിടത്തുവച്ചാണ് മമ്മൂഞ്ഞി പിക്കാസും കോടാലിയും എടുത്തുനടന്നു എന്ന് എഴുതുന്നതിനു പകരം പിക്കാസും കോടാലിയും മമ്മൂഞ്ഞിയുടെ ചുമലിലേറി വന്നു എന്ന് എഴുതാന്‍ നോവലിസ്റ്റ് തീരുമാനിക്കുന്നത്. പച്ചയുടെ ഈ ശരിയായ രാഷ്ട്രീയം ഇല്ലാതെ പോവുന്നതിനാലാണ് നമ്മുടെ ചില എഴുത്തുകാര്‍ക്കെങ്കിലും പച്ചപ്പിനെക്കുറിച്ച് നിരന്തരമായി കവലപ്രസംഗം നടത്തേണ്ടിവരുന്നത്.
ആടുകളുടെ റിപ്പബ്ലിക്
നോവല്‍
ഇയ്യ വളപട്ടണം
ചിന്ത പബ്ലിഷേഴ്‌സ്
വില: 70 രൂപ
നോവല്‍
ഇയ്യ വളപട്ടണം
ചിന്ത പബ്ലിഷേഴ്‌സ്
വില: 70 രൂപ
2 comments:
ആടുകളുടെ റിപ്പബ്ലിക്: രാഷ്ട്രീയ റിയലിസത്തിന്റെ അടയാളപ്പെടുത്തലുകള്‍ ജെ സി തേജസ്വിനി
Casino - Dr.MD
The world's leading slot machine game provider offers 양산 출장샵 the most thrilling 춘천 출장마사지 casino gaming experience 고양 출장안마 in the 고양 출장샵 iGaming industry. It offers over 100 slot machines, $2,000.00 정읍 출장샵
Post a Comment