Wednesday, September 17, 2014

രോഗികളെ പിഴിയാനുള്ള അവകാശം

 
ജനകീയ ഇടപെടലുകളില്ലാതെ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും രോഗികളെ പിഴിയാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിത്തരണമെന്നു പറഞ്ഞുകൊണ്ടാണ് 'ഡോക്ടര്‍-രോഗി സംരക്ഷണദിനം' എന്ന പേരില്‍ കുറഞ്ഞകാലം മുമ്പ് ഡോക്ടര്‍മാര്‍ പണിമുടക്കിയത്.
ആരോഗ്യ സ്ഥാപനങ്ങളെ ആക്രമണങ്ങളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യേക മേഖലയായി പ്രഖ്യാപിക്കുക, ജീവനക്കാരെയും ഡോക്ടര്‍മാരെയും ആക്രമിക്കുന്നതിനെതിരെ ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തുക, അക്രമികള്‍ക്കു മൂന്നു വര്‍ഷം തടവും 50000 രുപ പിഴയും ശിക്ഷ വിധിക്കുക- തുടങ്ങിയവയായിരുന്നു ഐ.എം.എയുടെ ആവശ്യം. ആ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.
രോഗിയുടെ കാശ് പിഴിഞ്ഞെടുക്കണമെന്നു കരുതുന്ന ഡോക്ടര്‍മാരാണ് ജനകീയവിചാരണ ചെയ്യപ്പെടുന്നത്.എന്ത്‌കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതാണ് ഐ.എം.എ പോലുള്ള സംഘടന പഠിക്കേണ്ടത്. അതിനുശേഷം പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം. അല്ലാതെ, ശിക്ഷയും പിഴയും നല്‍കി ചോദ്യംചെയ്യുന്നവനെ അടിച്ചമര്‍ത്തി, വിധേയ•ാരുടെ സമൂഹമാക്കി മാറ്റാമെന്നു കരുതുന്നത് ശുദ്ധ ഭോഷ്‌ക്കാണ്; അതു നീതിയുമല്ല. കാരണം, കാരുണ്യപരമായി രോഗികളുമായി ഇടപെടുന്ന ഡോക്ടര്‍മാരെ പൊതുസമൂഹം വിചാരണ ചെയ്യാറില്ല; ആക്രമിക്കാറില്ല.
രോഗത്തെക്കുറിച്ച് അറിയാനുള്ള രോഗിയുടെ അവകാശം പോലും (എല്ലാ റിപ്പോര്‍ട്ടുകളും ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുന്നു) നിഷേധിക്കുന്ന കേരളീയ ഡോക്ടര്‍ സമൂഹം (ആശുപത്രികള്‍ ) മംഗലാപുരത്തെയും കോയമ്പത്തൂരിലെയും ഡോക്ടര്‍-രോഗീ ഇടപെടലുകള്‍ കണ്ടു പഠിക്കണം; രോഗികളുമായി ഇടപെടുന്നതു കാണണം. അശ്രദ്ധയോടെ രോഗം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരെ മാത്രമേ ജനകീയവിചാരണകള്‍ ചെയ്യാറുള്ളു. ഇതു പ്രതികരണമാണ്; രോഷമാണ്.
എല്ലാ ഡോക്ടര്‍മാരെയും ആക്രമിക്കാറില്ല. പിന്നെന്തിനാണ് ഐ.എം.എ സമൂഹത്തെ പേടിക്കുന്നത്? അനാവശ്യ ടെസ്റ്റിങ്ങും ഏകീകൃതമല്ലാത്ത കഴുത്തറുപ്പന്‍ ഫീസും മുറിവാടകയും അശ്രദ്ധയും മരുന്നുകച്ചവടവും കൊണ്ടു വട്ടിപ്പലിശക്കാരന്റെ സ്വഭാവമുള്ള ഡോക്ടര്‍മാരെ ചിലപ്പോള്‍ പൊതുജ•ം ആക്രമിച്ചേക്കാം. കാരണം, ഒരു ഡോക്ടര്‍ എന്നു പറയുന്നത് സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശമാണ്.
ഒരു നല്ല വാക്ക്, തലോടല്‍-ഇവ ചെയ്യാതെ, ശരീരം സ്പര്‍ശിക്കാതെ വലിയ ഗുളിക ശീട്ട് ഡോക്ടര്‍മാരെ നിര്‍മ്മിക്കുന്നത് സ്വാശ്രയ കച്ചവടസ്ഥാപനങ്ങള്‍ തന്നെയാണ്. പണം കൈയിലുണ്ടെങ്കില്‍ ഏത് 'അടകോടനും' ഡോക്ടരാവുമെന്ന കേരളീയ-ഇന്ത്യന്‍ സാഹചര്യത്തില്‍ എറിഞ്ഞ പണം തിരിച്ചുപിടിക്കാനുള്ള കച്ചവട സൂത്രവാക്യത്തിനു വേണ്ടി പൊതുസമൂഹത്തില്‍ മുറിവുണ്ടാക്കുമ്പോള്‍ ആശുപത്രികളും ഡോക്ടര്‍മാരും ആക്രമിക്കപ്പെട്ടേക്കാം. ഇത്തരം കാര്യങ്ങള്‍ വളര്‍ന്നുവരുന്നുണ്ടെങ്കില്‍ അത് ഇല്ലാതാക്കാന്‍ വേണ്ടി കൃത്യമായി പഠനങ്ങള്‍ നടത്തി ഉത്തരം കണ്ടെത്തുകയാണ് ഐ.എം.എ പോലുള്ള സംഘടന ചെയ്യേണ്ടത്. അല്ലാതെ പണിമുടക്കി ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള സൂത്രവിദ്യയല്ല പ്രയോഗിക്കേണ്ടത്. അല്ലാത്തപക്ഷം വീണ്ടും വീണ്ടും ഡോക്ടര്‍മാരെ വിചാരണ ചെയ്തുകൊണ്ടിരിക്കും. അങ്ങനെയാവുമ്പോള്‍ പൊതുസമൂഹത്തില്‍ നല്ല ഡോക്ടര്‍മാര്‍ പോലും കൃത്യമായി ഇടപെടാതിരിക്കുകയും ചെയ്യും. ഇതു ഭീതികരമായ അവസ്ഥയായി മാറും.

3 comments:

Koya Kutty olippuzha said...

ഡോക്ടർ എന്ന് വാക്കിനു കരുണ എന്ന ഒരർത്ഥം കൂടിയുണ്ടെന്ന് ഇന്ന് ലക്ഷങ്ങൾ കോഴകൊടുത്ത്‌ പഠിച്ചിറങ്ങുന്ന ബ്രോയിലർ ഡോക്ടർമ്മാർക്ക്‌ അറിയില്ല. മെഡിക്കൽ വിദ്യഭ്യാസത്തിന്റെ ഒരു ഘട്ടത്തിലും മനുഷ്യത്വത്തെകുറിച്ച്‌ അവരെ ബോധവത്കരിക്കുന്നില്ല. ഈ സ്തിഥി മാറണമെങ്കിൽ, ഇതൊരു സേവനമാണെന്ന ഉള്ളറിവിലേക്കവർ എത്തിപ്പെടണമെങ്കിൽ പാഠ്യപദ്ധതിയിലും, പ്രവേഷന രീതികളിലും മാറ്റം വെരേണ്ടിയിരിക്കുന്നു. കഴിവുള്ളവരുടെ, ഇത്തിരി കരുണ മനസ്സിൽ സൂക്ഷിക്കുന്നവരുടെ ചുമരിൽ മാത്രമെ ഈ ഡോക്ടർ എന്ന നൈം ബോർഡ്‌ തൂങ്ങാൻ പാടുള്ളൂ. അത്‌ ഉറപ്പ്‌ വരുത്തേണ്ട കടമ ഒരു ജനാധിപത്യ ഗവർമ്മെന്റിനുണ്ട്‌.
നല്ല പോസ്റ്റ്‌. ആശംസകൾ.

ajith said...

നല്ലൊരു പോസ്റ്റ്!

Basheer Vellarakad said...

നന്നായി പ്രതികരണം..