Wednesday, October 1, 2014

ഒ.വി.വിജയന്റെ ഇസ്രയേലും വര്‍ത്തമാനകാല അവസ്ഥയും

 
ഒ.വി.വിജയന്റെ കഥകളില്‍ എന്നും സ്‌നേഹത്തിന്റെ അനുസരണയുമുണ്ടാകും. വിജയന്റെ ആറ്റിക്കുറുക്കിയെടുത്ത കുറിപ്പുകളിലും, കാര്‍ട്ടൂണുകളിലും അധികാര സ്ഥാപനങ്ങളോടുള്ള പരിഹാസം നിറഞ്ഞിരുന്നു.
വിജയന്‍ മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു ഭാഷ സൃഷ്ടിക്കുകയായിരുന്നു. വിജയന്റെ സൃഷ്ടികളില്‍ അദ്ദേഹത്തിന്റെ പേര് അച്ചടിക്കാതെ തന്നെ വായനക്കാര്‍ക്ക് തിരിച്ചറിയാനാകും. ഇത് ഒരു എഴുത്തുകാരന്റെ മഹനീയ കഴിവുതന്നെയാണ്. എന്നാല്‍ ഒ.വി.വിജയന്‍ എന്നും ഇസ്രയേല്‍ പക്ഷക്കാരനായിരുന്നു(കുറിപ്പുകള്‍-ഒ.വി.വിജയന്‍,പേജ് 41-51) ജൂതന്റെ പ്രാചീന ദുഃഖത്തെ മാത്രം കാണുന്നുവെന്ന ന്യായീകരണമാണ് അതിന് അദ്ദേഹം നല്‍കുന്നത്.
സോവിയറ്റ് യൂണിയന്റെ പതനം മുന്‍കൂട്ടി കണ്ട പ്രവാചകനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒ.വി.വിജയന്‍ ഇസ്രയേലിന്റെ അമേരിക്കന്‍ കൂട്ടുകെട്ടിനെപോലും ന്യായീകരിക്കുന്നുണ്ട്. 'നിലനില്‍പ്പിന്റെ പരക്കമ്പാച്ചിലില്‍ ഒരു വ്യക്തി എന്ന പോലെ ഒരു രാഷ്ട്രവും എത്തിച്ചേരുന്നത് അലംഘ്യമായ പറ്റുകളിലാണെന്ന്' വിജയന്‍ ചൂണ്ടിക്കാണിക്കുന്നു. ചൈനയുമായി ഇന്ത്യ യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ടെന്നും, അത് നിലനില്‍പ്പിന്റെ സാന്ദര്‍ഭികത മാത്രമാണെന്നും അദ്ദേഹം പറയുന്നു. അമേരിക്ക എന്നും ഇസ്രയേലിന്റെ നടപടിക്ക് പ്രോല്‍സാഹനം നല്‍കിയിരുന്നു. യാസര്‍ അറഫാത്തിനെ ഒരിക്കലും ബഹുമാനിച്ചിരുന്നില്ലെന്ന ബുഷ് ഇസ്രയേലിനുവേണ്ടി പറയുന്നു.
ഇസ്രയേലിന്റെ നരനായാട്ടിന്റെ ധൈര്യവും സ്രോതസ്സും അഹങ്കാരവും അമേരിക്കയാണ്. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുടെയും മുകളില്‍ അമേരിക്ക അധീശത്വം സ്ഥാപിക്കുമ്പോഴും അമേരിക്കക്ക് ഇസ്രയേല്‍ അരുമയാകുന്നു. അമേരിക്കയും ഇസ്രയേലും ഒരു നാണയത്തിന്റെ ഇരുവശങ്ങളുമാണ്. ലോകഭീകരതക്കെതിരെ സ്വയം പ്രതിരോധം ഏറ്റെടുത്ത അമേരിക്ക ഫലസ്തീന്റെ മേല്‍ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ ഭീകരതയായി കണക്കാക്കുന്നില്ല. സ്വന്തം രാജ്യത്ത് ഫലസ്തീന്‍ ജനത അഭയാര്‍ത്ഥികളാവുകയും, ഇസ്രയേല്‍ പട്ടാളക്കാരുടെ തോക്കിന്‍ ഇരയാവുകയും രാഷ്ട്രനേതാവ് വെള്ളവും വെളിച്ചവുമില്ലാത്ത മുറിയില്‍ അടക്കപ്പെടുകയും ചെയ്യുമ്പോള്‍ ലോകം ദൃശ്യമാധ്യമങ്ങള്‍ക്കു മുന്നില്‍ കാഴ്ചക്കാരാകുന്നു.
ടാങ്കിനു മുന്നില്‍ ഫലസ്തീനികളെ കവചമാക്കി നിര്‍ത്തിയാണ് ഫലസ്തീന്‍ സുരക്ഷാ ആസ്ഥാനം ഇസ്രയേല്‍ ആക്രമിച്ചത്. ഫലസ്തീന്‍ ജനതയെ കെട്ടിടങ്ങളില്‍ കുഴിച്ചുമൂടി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തും, അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കുള്ള മരുന്നും, ഭക്ഷണവും, ഡോക്ടറെയും, ആംബുലന്‍സും തടഞ്ഞും, മാധ്യമക്കാരെ പുറത്താക്കിയും നടത്തുന്ന ഹീന അതിക്രമങ്ങള്‍ക്കെതിരെ ആരാണ് പ്രതിരോധിക്കുക. പശ്ചിമേഷ്യന്‍ സമാധാനത്തിന് വിലങ്ങുതടി യാസര്‍ അറഫാത്താണെന്നും, ഭീകരതക്കെതിരെയുള്ള പ്രതിരോധ യുദ്ധമാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നുമാണ് ആരാജ്യം പറയുന്നത്. ഡര്‍ബാനില്‍ വിവേചനങ്ങള്‍ ക്കെതിരെയുള്ള ലോകസമ്മേളനത്തില്‍ ഇസ്രയേലിനെതിരെ പ്രമേയം പാസ്സാക്കുന്നതില്‍ അമേരിക്ക വിട്ടുനിന്നു. ഫലസ്തീനില്‍ നിന്നും ഇസ്രയേല്‍ പി•ാറണമെന്ന യു.എന്‍.പ്രമേയത്തെ വീറ്റോ ചെയ്യുമെന്ന അമേരിക്കയുടെ ഭീഷണി നിമിത്തം പ്രമേയം മാറ്റിവെച്ചു. ഭീകരതക്കെതിരെയുള്ള ഇസ്രയേലിന്റെ നടപടിക്ക് അനുകൂലമായി ബുഷിന്റെ പ്രതിനിധി പോള്‍വോള്‍ഫിറ്റ്‌സ് അമേരിക്കയിലെ റാലി അഭിസംബോധന ചെയ്യുന്നു. യു.എന്‍.വസ്തുതാന്വേഷണം സംഘത്തെ കടത്തിവിടില്ലെന്ന് ഇസ്രയേല്‍ പറയുന്നു. ഇതിങ്ങനെയൊക്കെ ലോകത്തിലെ ഏതെങ്കിലും മൂന്നാലോക രാഷ്ട്രങ്ങള്‍ പ്രതികരിച്ചാല്‍ അമേരിക്കയും സഖ്യകക്ഷികളും യു.എന്നും എങ്ങനെയാണ് മറുപടി നല്‍കുകയെന്ന് നമുക്ക് അറിയാമല്ലോ....
ഇറാഖിന്റെ ഭൂമിയില്‍ സൂക്ഷ്മനിരീക്ഷണം നടത്തണമെന്ന് അമേരിക്കയും സഖ്യകക്ഷികളും, യു.എന്നും വാശിപിടിക്കുന്നത് നാം കാണുന്നതാണല്ലോ. ഇന്ന് അഫ്ഗാന്റെ ശരീരം അറുത്ത് മുറിച്ചുകഴിഞ്ഞു. കബന്ധങ്ങള്‍ നീരാടാന്‍ തുടങ്ങിയപ്പോള്‍ ഇറാഖിന്റെ ഭൂമിയിലേക്ക് തിരിഞ്ഞു കഴിഞ്ഞു.
ഫലസ്തീന്റെ ഭൂമിയിലാണ് ഇസ്രയേല്‍ രാഷ്ട്രം കെട്ടിപ്പൊക്കിയതെന്ന് നിസ്തര്‍ക്കമാണ്. കിഴക്കന്‍ ജറുസലോം ആസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുവാനും 1967ല്‍ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത അറബി പ്രദേശങ്ങളില്‍ നിന്നും പി•ാറി 40ലക്ഷം ഫലസ്തീനുകളെ സ്വദേശത്ത് പോകുവാന്‍ അനുവദിക്കാത്തതുമാണ് വര്‍ത്തമാന ഫലസ്തീന്‍ പ്രശ്‌നത്തിന്റെ കാതല്‍. ഫലസ്തീന്‍ കൈവശമുള്ള ബാക്കി ഭൂമിയില്‍ ഇസ്രയേല്‍ കുടിയേറുകയും, ഫലസ്തീന്‍ കുഞ്ഞുങ്ങളെ കൊല്ലുകയും, സ്ത്രീകളെ അപമാനിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നു. ഇതിനെതിരെ കല്ലുകള്‍കൊണ്ട് പ്രധിരോധിച്ച ഫലസ്തീന്‍ ജനത ഗത്യന്തരമില്ലാതെ ചാവേര്‍ പടയാളികളാവുകയായിരുന്നു. ചാവേര്‍ ആക്രമണത്തെ പ്രതിരോധിക്കുവാനാണ് ഇസ്രയേല്‍ 'നരനായാട്ട്' നടത്തുന്നുവെന്നാണ് അമേരിക്ക പറയുന്നത്.
ഇസ്രയേല്‍ സമര സന്നദ്ധമായ ഒരു രാഷ്ട്രമാണെന്ന് ഒ.വി.വിജയന്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഈ സമരസന്നദ്ധത ഇന്ത്യയുമായി സാമ്യപ്പെടുത്തിയാണ് ഒ.വി.വിജയന്‍ ന്യായീകരിക്കുന്നത്. പാക്കിസ്ഥാന്റെ തുച്ഛമായ ആയുധസന്നാഹങ്ങള്‍ ഇന്ത്യയില്‍ എത്ര സൈനികത സൃഷ്ടിക്കുന്നതെന്ന് ഓര്‍ക്കണമെന്നും, കഠിന ശത്രുക്കളായ അറബിഗോത്രങ്ങളാല്‍ ചുറ്റപ്പെട്ട ഇസ്രയേല്‍ ആത്മരക്ഷാര്‍ത്ഥം സായുധത്വം പ്രകടിപ്പിക്കുന്നതില്‍ എന്താണല്‍ഭുതമെന്നും ഒ.വി.വിജയന്‍ എതിര്‍ചോദ്യം നമ്മോട് ഉന്നയിക്കുന്നു. എന്നാല്‍ ഇന്ത്യ ഒരിക്കലും പാക്കിസ്ഥാന്റെ മണ്ണില്‍ കുടിയേറുകയോ, പാക്കിസ്ഥാനികളെ കൊന്നുടുക്കുകയോ, ചെയ്തിട്ടില്ലായെന്ന് ഒ.വി.വിജയന് അറിയാതിരിക്കുമോ..?
ഒ.വി.വിജയന്‍ കുറ്റപ്പെടുത്തുന്ന അറബി രാഷ്ട്രങ്ങളുടെ (ഗോത്രങ്ങളുടെ) പൊരുത്തക്കേടുകള്‍ ഇന്ന് നാം കണ്ടതാണല്ലോ. അമേരിക്കയുടെ മേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഇറാഖ് ആവശ്യപ്പെട്ടപ്പോള്‍ ഇറാനും, ലിബിയയും മാത്രമാണ് പിന്താങ്ങിയത്. ഇത്തരം നടപടികള്‍ കഠിന അവസ്ഥ സംജാതമാക്കുമെന്ന് പറഞ്ഞ് കുവൈറ്റ് പി•ാറി. ഇറാഖ് സ്വയം പ്രതിരോധമേര്‍പ്പെടുത്തുകയും സ്വയം പി•ാറുകയും ചെയ്തു. അതാണോ അറബ് ഗോത്രങ്ങളുടെ കൂട്ടായ്മ. അറബ് രാഷ്ട്രങ്ങളെ പേടിപ്പെടുത്തിയില്ല, കീഴ്‌പ്പെടുത്തിയും അടിമയാക്കിവെക്കാനുള്ള ചെപ്പടിവിദ്യ അമേരിക്ക എന്നേ കൈവരിച്ചു കഴിഞ്ഞതാണല്ലോ...!!!
വംശീയതയില്ല, ജനതയില്ല മുമ്പെരെന്നും, വേദഗ്രന്ഥമായ തോറയുടെ മേ•യില്‍ അഭിമാനം കൊണ്ടും മറ്റെല്ലാവരേക്കാളും ശ്രേഷ്ഠരും തെരഞ്ഞടുക്കപ്പെട്ട ജനതയാണ് തങ്ങളെന്നും ഇസ്രയേല്‍ ജനതയായ യഹൂദര്‍ കരുതുന്നു. ഗോത്ര സ്മരണകളാണ് വംശീയ അഹങ്കാരത്തിന് നിദാനം. ഓരോ മനുഷ്യഗോത്രവും തങ്ങളുടേതായ കമ്മ്യൂണിറ്റിയും, രക്തവും നിറവും, ചിഹ്നങ്ങളും, ബുദ്ധിയും, കഴിവും, പ്രതാപവും സ്ഥലവും, ഗ്രന്ഥവും മികച്ചതാണെന്ന് അഹങ്കരിക്കുകയും, അന്യവംശക്കാരെ വക വരുത്തി ചോരകുടിച്ച് ഭേദ്യവും പീഡനവും ബലാല്‍സംഗവും ചെയ്ത്, ചുട്ടുകൊന്ന് ഇല്ലാതാക്കുകയെന്നതാണ് കടമയെന്ന് സ്വയം ഭാഷ്യവും കാര്യവും ചെയ്യുന്നിടത്താണ് വംശീയ കലാപങ്ങള്‍ ഉണ്ടാകുന്നതും സൃഷ്ടിക്കുന്നതും. ഈ രീതിയിലുള്ള ചെയ്തികളാണ് ഗുജറാത്തില്‍ സവര്‍ണ്ണ ഹൈന്ദവ ഫാഷിസ്റ്റുകള്‍ നടപ്പിലാക്കിയതും നടപ്പിലാക്കുന്നതും.
ഇവിടെ  ഒ.വി.വിജയന്‍  ഇസ്രയേലിന്റെ ഭീകരമുഖം സ്വന്തം ശരീരം കൊണ്ട് മറച്ചുപിടിച്ച് ഫലസ്തീനെ കുറ്റപ്പെടുത്തുന്നുണ്ട്. ഒരു ആക്രമിയായിട്ടോ സൈനിക രാഷ്ട്രമായിട്ടോ അല്ല ഇസ്രയേല്‍ ജീവിതമാരംഭിച്ചത്. ആക്രമണങ്ങളെ ചെറുത്തുകൊണ്ട് മാത്രമായിരുന്നു. എന്ന് പറയുന്ന ഒ.വി.വിജയന്‍ ഫലസ്തീന്റെയും ജൂതന്റെയും പ്രശ്‌നങ്ങള്‍ അറബികള്‍ സ•നസ്സോടെ കൈകാര്യം ചെയ്യുന്നില്ലായെന്നും, അറബിയുടെ വിസ്തൃതിയില്‍ ലോകരാഷ്ട്രങ്ങള്‍ സഹകരിച്ചാല്‍ ഫലസ്തീന്‍ അറബികളെ ജോര്‍ദ്ദാനിലേക്കോ, സൈനായിലോ, കുടിയിരുത്താമെന്നും ഒ.വി.വിജയന്‍ പറയുന്നു. ജോര്‍ദ്ദാനും, സൈനായിയും സഊദി അറേബ്യയും എല്ലാം അറബി വംശത്തിന്റേതാണെന്നും, എന്നാല്‍ ജര്‍മ്മനിയോ, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളോ ജൂതന്റെ ജ•ഭൂമിയല്ലായെന്നും, ജൂതന്റെ ജ•ഭൂമി ജറുസലേം മാത്രമാണെന്നും വിജയന്‍ പറയുന്നുണ്ട്.
ഇസ്രയേലിനെതിരെ അറബികള്‍ യുദ്ധങ്ങള്‍ സംവിധാനം ചെയ്യുന്നതിന് മുടക്കിയ മുതലിന്റെ ഒരു ഭിന്നത മാത്രം മതി ഫലസ്തീനികളെ (സ്വന്തം ഭൂമിയില്‍ നിന്നും അടുത്തിയെടുത്ത്) ജോര്‍ദ്ദാനിലോ, സൈനായിലോ കുടിയിരുത്താനെന്ന് വിജയന്‍ കണ്ടെത്തുന്നു. സ്വേഛാധിപതികളായ അറബികള്‍ ഫലസ്തീന്‍ ജനതയെ ഭയപ്പെടുന്നത് കൊണ്ടാണ് (?) അങ്ങനെ സ്ഥലം നല്‍കി പ്രശ്‌നപരിഹരിക്കാത്തതെന്നുള്ള ഉത്തരവും വിജയന്‍ നല്‍കുന്നു. ഇസ്രയേല്‍ അല്ല ഭീകരത സൃഷ്ടിക്കുന്നത്, ഫലസ്തീനികളാണെന്നാണ് വിജയനും വിജയന്റെ അമേരിക്കയും ഇസ്രയേലും പറയുന്നത്.
ജൂതരാഷ്ട്രം ആസ്‌ത്രേലിയയിലോ, അമേരിക്കയിലോ, ജര്‍മ്മനിയിലോ സ്ഥാപിച്ചാല്‍ മതിയായിരുന്നുവെന്ന് പറയുന്നതില്‍ കഴമ്പില്ലായെന്നും, ജൂതന് പ്രധാനം ജ•സങ്കല്‍പ്പമാണത്രെ. ജ•ഭൂമികള്‍ ഗോത്രസ്മരണകളുടെ ഇരിപ്പിടമാണെന്നും, രണ്ടായിരം കൊല്ലത്തെ ഗോത്രസ്മരണയാണ് ജൂതന്റേതെന്നും, അതിന്റെ വേരുകള്‍ ജറുസലേമാണെന്നും വിജയന്‍ ആണയിടുന്നു. എന്നാല്‍ യഹൂദമരത്തില്‍ ജ•ഭൂമി സങ്കല്‍പ്പമില്ലായെന്ന് 'സയണിസം'എന്ന പുസ്തകമെഴുതിയ ഫ്രഞ്ചുകാരനായ രാജഗരോദി ചൂണ്ടിക്കാണിക്കുന്നുണ്ട്.
യഹൂദമതത്തിലെ അപൂര്‍വ്വ ജ്ഞാനികളായ മിസ്റ്റിക്കുകള്‍ പ്രചരിപ്പിച്ചിട്ടുള്ള മതകീയ സയണിസം രക്ഷകന്‍ വരുന്നുവെന്ന യഹൂദമതത്തിന്റെ പ്രതീക്ഷയുമായി ബന്ധപ്പെട്ടിട്ടുള്ളതാണത്രെ. ഈ വിശ്വാസമനുസരിച്ച് ലോക അവസാനം മിശിഹ പ്രത്യക്ഷപ്പെടുകയും ഭൂമിയിലെ എല്ലാ കുടുംബങ്ങളും (ഉല്‍പത്തി ഃ11:3) ദൈവരാജ്യത്തിലേക്ക് വിളിക്കപ്പെടുകയും, മുഴുവന്‍ മനുഷ്യരാശിക്കുംവേണ്ടി ദൈവരാജ്യം സ്ഥാപിതമാകുകയും ചെയ്യും. വിശുദ്ധ ദൈവത്തിലേക്കുള്ള ജൂത•ാരുടെ യാത്ര എന്ന പാരമ്പര്യത്തിന് മതകീയ സയണിസത്തിന്റെ രീതി മാറ്റിമറിച്ചത് രാഷ്ട്രീയ സയണിസമാണ്. അധികാരത്തിന്റെ ഗൂഡതാല്‍പര്യം നിമിത്തമാണ് രാഷ്ട്രീയ സയണിസം ഉരുത്തിയിരിയുന്നത്. തിയോഡോര്‍ ഹെര്‍സലാണ് രാഷ്ട്രീയ സയണിസത്തിന് തുടക്കം കുറിച്ചത്. 1882 വിയന്നയില്‍വെച്ച് 'യഹൂദ രാഷ്ട്രം' എന്ന കൃതിയിലൂടെ ഹെര്‍സല്‍ സിദ്ധാന്തം കൊണ്ടുവന്നു. 1897ല്‍ ബാസിലില്‍ ചേര്‍ന്ന ആദ്യ സയണിസ്റ്റ് കോണ്‍ഗ്രസ്സില്‍ സിദ്ധാന്തം അവതരിപ്പിച്ചു.. ഹെര്‍സലിന് താല്‍പര്യം മതത്തിലായിരുന്നില്ല-രാഷ്ട്രീയത്തിലായിരുന്നു; രാഷ്ട്രീയത്തില്‍നിന്നും കിട്ടുന്ന അധികാരത്തിലായിരുന്നു.
യഹൂദ•ാര്‍ ലോകത്തിലെവിടെ ആയിരുന്നാലും, ഏത് രാജ്യത്ത് ജീവിക്കുന്നതെങ്കിലും ഒരേയൊരു ജനതയാണെന്നും, ലോകത്തിലെ എല്ലാ യഹൂദ•ാരെയും ഒരുമിച്ചുകൂട്ടുന്ന യഹൂദരാഷ്ട്രം സ്ഥാപിക്കുക യെന്നതായിരുന്നു ഹെര്‍സലിയന്‍ മതം. സ്ഥാപിക്കുവാന്‍ തീരുമാനിച്ച സ്ഥലത്ത്  (രാഷ്ട്രത്തിനകത്ത് മുന്‍പ് പാര്‍ത്തിന്നവരുടെ വികാരങ്ങള്‍ തെല്ലും പരിഗണിക്കരുതെന്ന് ഹെര്‍സലിയന്‍ നിയമത്തില്‍ പറയുന്നു. എന്നാല്‍ ഗോള്‍വാള്‍ക്കാര്‍ പറയുന്നതും ഇങ്ങനെതന്നെയാണ്: 'ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുങ്കില്‍ അവകാശങ്ങളൊന്നുമില്ലാതെ, പൗരവകാശങ്ങ ളൊന്നുമില്ലാതെ ഹിന്ദു ജനതക്ക് പൂര്‍ണ്ണമായി കീഴ്‌പ്പെട്ട് ഇവിടെ കഴിഞ്ഞുകൂടുകയോ ചെയ്യണം.(എം.എസ്.ഗോള്‍വാള്‍ക്കര്‍-നാം അഥവാ നമ്മുടെ രാഷ്ട്രത്തിന്റെ നിര്‍വചനം.പേജ് 55-56).
ഹെര്‍സലിന്റെ രാഷ്ട്രീയ സയണിസത്തിനുള്ള ജൂത രാഷ്ട്രത്തിന് അര്‍ജന്റീനയും ഉഗാണ്ടയും പരിഗണനക്ക് വന്നു. ഫലസ്തീന്‍ മുന്തിയ പരിഗണന നല്‍കി. ഉഗാണ്ട തെരഞ്ഞെടുക്കുവാനാണ് ബ്രിട്ടീഷ് ഗവര്‍മെണ്ട് നിര്‍ദ്ദേശിച്ചിരുന്നത്.
ഹെര്‍സല്‍ മരിച്ചശേഷം 1917ല്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെയാണ് ഫലസ്തീനില്‍ യഹൂദരാഷ്ട്ര്ം കണ്ടെത്തുന്നത്. തദ്ദേശീയരായ ഫലസ്തീനുകളുടെ താല്‍പര്യത്തിന് ഹാനി വരുത്താതെ ദേശീയ ഗേഹമുണ്ടാക്കുന്നതിനായിരുന്നു ബാല്‍ഫര്‍ പ്രഖ്യാപനം. ഇങ്ങനെയുള്ള രീതിക്കാണ് ബ്രിട്ടീഷ് ഗവര്‍മെന്റ് പിന്തുണ നല്‍കിയതും. നൂറ്റാണ്ടുകളായി അറബികളും കൃസ്ത്യാനികളും യഹൂദ•ാരും സ്‌നേഹത്തോടെ താമസിച്ച സ്ഥലമാണ് ഫലസ്തീന്‍. അവസാനം 1948 മെയ് 14ന് അമേരിക്കയുടെ പിന്‍ബലത്തോടെ ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം ഫലസ്തീനുള്ളില്‍ സ്ഥാപിതമായി. ഇന്ന് ഫലസ്തീന്റെ കൈവശമുള്ള ബാക്കിഭൂമിയില്‍നിന്നും ഓടിപ്പോയിക്കൊള്ളണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെടുന്നത്.
ഇസ്രയേലിന്റെ അതിരുകള്‍ അറബികള്‍ വകവെച്ചുകൊടുത്തിരുന്നുവെങ്കില്‍ അതിരുകള്‍ക്കുള്ളില്‍ സൈ്വര്യമായി അവര്‍ ജീവിക്കുമെന്ന് വിജയന്‍ പറയുന്നു. ഇറാഖിനെ ഇസ്രയേല്‍ ആക്രമിച്ചത് ഇറാഖിന്റെ ആണവ ഊര്‍ജത്തിന്റെ ആവശ്യമില്ലായെന്നും, ലിബിയയെപ്പോലെയുള്ള അസ്ഥിരമനസ്‌കരമായ ഭരണാധിപരുടെ കൈയില്‍ അണുവായുധം കിട്ടിയാല്‍ ഇസ്രയേലിനെ ആറ്റികുടുക്കുമെന്നും വിജയന്‍ പറയുന്നുണ്ട്. അറബികളുടെ റോക്കറ്റുകള്‍കൊണ്ടുള്ള ഗറില്ലാ ആക്രമണത്തെ പ്രതിരോധിക്കാന്‍ മാത്രമാണ് ഇസ്രയേല്‍ യുദ്ധം ചെയ്തതത്രെ!
എന്നാല്‍ 1967 മുതല്‍ ഇസ്രയേല്‍ അനധികൃതമായ സൈനിക അധിനിവേഷം നടത്തിയിരുന്നുവെന്ന് എഡ്‌വേര്‍ഡ് സെയ്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 1967ലും 75ലും ഫലസ്ഥീന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ അമേരിക്കയൂടെ സന്നാഹം ഉണ്ടായിരുന്നു .ബെയ്‌റൂത്തിലെ കൂട്ടക്കൊലയെയും ഒ.വി.വിജയന്‍ ന്യായീകരിക്കുന്നുണ്ട്.
ജനായത്ത വിരുദ്ധങ്ങളായ മദ്ധ്യ-പൗരസ്ത്യദേശത്ത് ഏകജനാധിപത്യവും, കമ്മ്യൂണിസ്റ്റുകളുടെ സോഷ്യലിസവും(!?) പ്രയോഗത്തില്‍ വരുത്തിയിട്ടുള്ള രാഷ്ട്രമായ ഇസ്രയേലിനെ നെഹ്‌റു മുതല്‍ രാജീവ്ഗാന്ധി വരെ അംഗീകരിക്കാത്തതിന്റെ മുഖ്യകാരണം മുസ്ലിം ന്യൂനപക്ഷ വോട്ടും, അറബിയുടെ എണ്ണയുമാണെന്നും ഇത് പുറത്ത് പറയാന്‍ പാടില്ലാത്ത അശ്ലീലഫലിതമാണെന്നും ഒ.വി.വിജയന്‍ പരിഹസിക്കുന്നു.
ഇത് തന്നെയാണ് ജ•ഭൂമിയുടെ (12.01.02) പത്രാധിപക്കുറിപ്പില്‍ പറയുന്നതും. കോണ്‍ഗ്രസ്സുകാരുടെ കണ്ണൂകള്‍ മുസ്ലിം വോട്ടിലായതിനാല്‍ 1947 മുതല്‍ ഇസ്രയേലിനെ പുറത്ത് നിര്‍ത്തിയെന്നും, മുസ്ലിം ഭീകരതക്കെതിരെ പോരാട്ടം നടത്തുന്ന ഇസ്രയേലി പ്രധാനമന്ത്രി മോഷെദയാന്‍ വേഷം മാറി ഇന്ത്യയിലെത്തുകയും അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയിയുമായി ചര്‍ച്ച നടത്തി. (അന്ന് ജനതാ ഭരണമായിരുന്നു) ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്ത്രമന്ത്രിയായിരുന്ന എല്‍.കെ.അഡ്വാനി ഇസ്രയേല്‍ സന്ദര്‍ശിച്ചതും പറയുന്നു. ഭാരതത്തിന്റെ എംബസ്സി ടെല്‍അവീവിലുണ്ട്.ഡിസംബര്‍ 13ന് ശേഷമുണ്ടായ സാഹചര്യം വിലയിരുത്തുവാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസ് ഭാരതത്തിലെത്തിയതും മുഖക്കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.
ഇ.എം.എസ്സും കരുണാകരനും ഇസ്രയേലിനെ വലതുപക്ഷത്തു നിര്‍ത്തി കുറ്റപ്പെടുത്തുന്നതിനെ ഒ.വി.വിജയന്‍ ചോദ്യം ചെയ്യുന്നുണ്ട്. ഒ.വി.വിജയനും ബി.ജെ.പി.യുടെ പ്രകടനപത്രികയുമായിരുന്ന ഇസ്രയേലിനെ അംഗീകരിക്കുവാന്‍ ആവശ്യപ്പെടുന്നത്. 1992 ബാബറി പള്ളി പൊളിക്കുവാന്‍ കൂട്ടുനിന്ന നരസിംഹറാവു ഇസ്രയേലിനെ അംഗീകരിച്ചു. ഇസ്രയേലിന്റെ മൊസാദും ചന്ദ്രസ്വാമിയും നരസിംഹറാവുമായുള്ള ബന്ധം നിമിത്തമാണ് ഇസ്രയേലിനെ അംഗീകരിച്ചതിന്റെ പിന്നിലെന്ന് മുകുന്ദന്‍ സി.മേനോന്‍ തന്റെ 'മനുഷ്യാവകാശത്തിന്റെ സ്വന്തം പ്രതിനിധി'എന്ന പുസ്തകത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്.
ഒരു എഴുത്തുകാരന്‍ 'ഇരയുടെ'പക്ഷത്ത് നില്‍ക്കണമെന്ന് എഡ്വോര്‍ഡ് സെയ്ദ് പറയുന്നു. എന്നാല്‍ ഒ.വി.വിജയന്‍ അറവുകാരന്റെ പക്ഷത്ത് നിന്നാണ് സംസാരിക്കുന്നത്. ഒ.വി.വിജയനും നമ്മോട് ചോദ്യം ചോദിക്കുന്നുണ്ട്. 'സഹജരേ നിങ്ങള്‍ ആരുടെ ഭാഗത്താണ്? വാതകചൂളയിലേക്ക് ഒന്നുമറിയാതെ പോകുന്ന ഈ കൈക്കുഞ്ഞിന്റെ ഭാഗത്തോ, അതോ ആ ചൂളകള്‍ ഇവിടെ സ്ഥാപിച്ചവരുടെ ഭാഗത്തോ...?' (സന്ദേഹിയുടെ സംവാദം പേജ് 90 ).എന്നാല്‍ ഒ.വി.വിജയന്‍ ജൂതന്റെ പ്രാചീന ദുഃഖത്തെക്കുറിച്ച് പറഞ്ഞ് ഇസ്രയേലിന്റെ നരനായാട്ടിനോട് സ്‌നേഹം പ്രകടിപ്പിക്കുമ്പോഴും ഫലസ്തീനുകാര്‍ ഇന്ന് അനുഭവിക്കുന്ന അവസ്ഥക്ക് നേരെ കറുത്ത മറയിടുന്നു. അറവുകാരന്‍ നിഗൂഡ താല്പര്യങ്ങളും സൂക്ഷ്മലക്ഷ്യങ്ങളുമാണ് നടപ്പിലാക്കുക. സവര്‍ണ്ണ ഹൈന്ദവ ഫാഷിസ്റ്റുകളുടെ ഇന്നത്തെ വംശീയ നായാട്ടും ഒ.വി.വിജയന്റെ വീക്ഷണങ്ങളും നാം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.

3 comments:

Eyya Valapattanam said...

ഒ.വി.വിജയന്റെ ഇസ്രയേലും വര്‍ത്തമാനകാല അവസ്ഥയും

madhunambiar said...

പഠനം നന്നായിട്ടുണ്ട്..ആശംസകള്‍..

Iyya Valapattanam said...

സന്തോഷം മധു