Sunday, December 21, 2014

പക്ഷികളെ പറവകളെ മാപ്പ്....

 
നിങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും  ഇല്ല. രാഷ്ട്രീയക്കാരില്ല, വോട്ടും സമുദായകച്ചവടവും ഇല്ല. അതുകൊണ്ട് ആരും ചോദിക്കാനും പറയാനും വരില്ല. എല്ലാം ഞങ്ങള്‍ക്കാണ്. ഞങ്ങളുടെ ജീവന് ഭീഷണിയായതുകൊണ്ടാണ് നിങ്ങളെ കൊല്ലുന്നതത്രെ. നിങ്ങള്‍ ഹിറ്റ്‌ലറെ കേട്ടിട്ടുണ്ടോ? ചോരകുടിയനാണ് ഹിറ്റ്‌ലര്‍. വംശീയ ഭ്രാന്തന്‍. സംസ്‌കാരം സംസ്‌കാരം എന്നാണ് പറയുക. ഹിറ്റ്‌ലര്‍ എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. ചോദ്യങ്ങളിലൂടെ തന്ത്രം മെനയുന്നവന്‍. വേട്ടക്കാരന്റെ തന്ത്രം. ഇരയെ കെണിയില്‍ വീഴ്ത്താന്‍വേണ്ടി  ചാണക്യന്‍ തന്ത്രം മെനയുന്നവന്‍. അങ്ങനെ ഇരയെ ഗ്യാസ് ചേമ്പറിലിട്ട് കൊല്ലുകയായാല്‍ ഇപ്പോഴും ഹിറ്റ്‌ലര്‍മാരുണ്ട്. ഗ്യാസ് ചേമ്പറുകളുമുണ്ട്... ചുട്ടുകൊല്ലുന്നവരുമുണ്ട്. ഗുജറാത്ത് നീ കേട്ടതല്ലേ? കൊല്ലുന്നതിനു മുമ്പ് അവിടെയും കണക്കെടുപ്പ് നടത്തിയിരുന്നു. കണക്കില്ലാതെ കൊല്ലാനാവില്ല. എങ്കിലേ പറയാന്‍ കഴിയൂ. ഇത്രപേരെ കൊന്നുവെന്ന്. എങ്കിലേ വിജയം നേടാനാകൂ. ഊറ്റം കൊള്ളാനാകൂ.. നിര്‍മ്മാര്‍ജ്ജനം എന്നുകേട്ടിട്ടില്ലേ അതുതന്നെ.
ഇവിടെ എത്ര നിമിഷം നിങ്ങള്‍ ജീവിക്കണണെന്ന് തീരുമാനിക്കുന്നത് ഞങ്ങളാണ്. ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണാന്‍ തുടങ്ങും. ഒരാള്‍ക്കും രക്ഷപ്പെടാനാകില്ല. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളും ഒത്തൊരുമിക്കും. ജാഗ്രതയോടെ.എന്താണ് നിങ്ങള്‍ ചെയ്ത കുറ്റം.പറവകളായി ജനിച്ചുവെന്നതാണ്. പറവകളെ മനുഷ്യന്മാര്‍ക്ക് പേടിയായിരിക്കുന്നു. വാര്‍ത്തകളാണ് അത് ഉണ്ടാക്കിയത്. കണ്ടുപിടിച്ചിരിക്കുന്നു രോഗകാരണങ്ങള്‍. ഉത്തരം കണ്ടെത്തി. പകര്‍ച്ചപ്പനിയാണ്. പനിപോലും പേടിയായിരിക്കുന്നു. നിങ്ങളാണ് പനിയുടെ കാരണക്കാര്‍. പനി കൊലപ്പനിയായിരിക്കുന്നു. എല്ലാറ്റിനേയും ഞങ്ങള്‍ക്ക് പേടിയാണ്. ഇപ്പോള്‍ അറവുകാരന്റെ കോഴിക്കൂട്ടിലെ കോഴികളെപ്പോലെയായിരിക്കുന്നു ഞങ്ങളുടെ അവസ്ഥ. 
ഹേ, മനുഷ്യാ... നിനക്ക് വേണ്ടി ഭൂമിയും ആകാശവും കടലും ലോകവുമുണ്ടാക്കി എന്നതാണ് വചനം. മനുഷ്യന്മാര്‍ക്ക് വേണ്ടിയാണ് പറവകളെ സൃഷ്ടിച്ചത്. അപ്പോള്‍ മനുഷ്യരുടെ ജീവിതത്തിന് വിഘാതമാകുന്നത് കൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്. ഒരു ദയയും ഇല്ല. രോഗിയെ മാത്രമല്ല കൊല്ലുക. എല്ലാറ്റിനേയും. അതാണ് ഉത്തരവ്. പണ്ട് പണ്ട് കേണല്‍ ഡയറിനെ കേട്ടിട്ടുണ്ടോ? ഉണ്ടാകില്ല. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല കേട്ടിട്ടുണ്ടോ? അതും ഉണ്ടാവില്ല. പറവകള്‍ക്ക് എന്ത് ചരിത്രപുസ്തകം അല്ലേ? ഗാന്ധിജിയെ കേട്ടിരുന്നോ? അതും ഉണ്ടാവില്ല. അങ്ങനെ കുറേ ആള്‍ക്കാറുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഇങ്ങനെ ആരും ഉണ്ടായില്ല. ഞങ്ങള്‍ക്ക് ചരിത്രമുണ്ട്, സംസ്‌കാരമുണ്ട്. നിങ്ങള്‍ക്ക് ഒന്നുമില്ല. നിങ്ങള്‍ക്ക് ഇതൊന്നും ഇല്ലാത്തതുകൊണ്ടാണ് രാജ്യം ഉണ്ടാകാത്തത്. ഭരണകൂടം ഉണ്ടാകാത്തത്. മനുഷ്യാവകാശം ഉണ്ടാകാത്തത്. 
അല്ല, മൃഗാവകാശമുണ്ടാകാത്തത്.
നിങ്ങളെ കൊന്നുകഴിഞ്ഞാല്‍ പിന്നെ ഈ പനിയൊക്കെ ഇവിടെനിന്നും ഇല്ലാതാകും. ഇരുട്ടത്ത്, പോരാളിയെപ്പോലെ, ഒളിപ്പോരാളിയെപ്പോലെ വേഗത്തില്‍ കടവ്  കടന്ന് മറ്റെവിടെയെങ്കിലും പോയി രക്ഷപ്പെടൂ... എങ്കില്‍ ജീവന്‍ രക്ഷിക്കാം. നിങ്ങളില്‍ എല്ലാവരും രോഗവാഹകരല്ല. എന്നാല്‍ നിങ്ങളിലൂടെയാണ് രോഗം പകരുന്നത്. പടരുന്നത്. 
നിങ്ങള്‍ക്ക് വിവരമില്ലല്ലോ... ഇനി പറഞ്ഞിട്ട് കാര്യമില്ല. വിവരം വേണം. വിവരവും ബുദ്ധിയും കഴിവും കണ്ടുപിടുത്തങ്ങളും രോഗങ്ങളും ഔഷധങ്ങളും വിലനിലവാരവും ഒക്കെ മനുഷ്യന്മാര്‍ക്ക് പറഞ്ഞതാണല്ലോ.
പേടിയാണ് ഞങ്ങള്‍ക്ക്. പേടി. എല്ലാറ്റിനെയും പേടിയാണ്.
ഇനി വൃക്ഷങ്ങളുടെ ഇലകള്‍ വഴിയാണ് പനിരോഗം ഉണ്ടാവുകയെന്ന് ആരെങ്കിലും കണ്ടുപിടിച്ചാലോ. എല്ലാ വൃക്ഷങ്ങളും കൊത്തി കത്തിക്കും. കടല്‍വഴിയാണ് രോഗം വരുന്നതെന്ന് പറഞ്ഞാലോ. കടല്‍ കുടിച്ചു വറ്റിക്കും. അതാണ് മനുഷ്യര്‍. മനുഷ്യന് ഭ്രാന്താണെന്ന് മാത്രം പറയരുത്. പക്ഷിപ്പനിക്ക് മരുന്നുപോലും കണ്ടുപിടിച്ചിട്ടില്ലത്രേ. പിന്നെന്തു പുരോഗതിയാണ് നേടിയതെന്ന് ചോദിക്കരുത്. ഒരു പനിപോലും ഇല്ലാതാക്കാന്‍ കഴിയുന്നില്ലെങ്കില്‍...
പണ്ടുപണ്ട് വസൂരിയുണ്ടായിരുന്നു. വസൂരി പിടിച്ച വസൂരിക്കാരെ ആള്‍പ്പാര്‍പ്പില്ലാത്ത ഇടത്ത് കാട്ടില്‍ കൊണ്ടിരുന്നു. അവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നില്ല. അങ്ങനെ അവര്‍ അവിടെ നിന്ന് ചത്തൊടുങ്ങി.
വസൂരി വന്നവരെ വെടിവെച്ചു കൊന്നിരുന്നില്ല. 
എണ്ണമെടുത്തിരുന്നില്ല. അത് കൊല്ലങ്ങള്‍ക്ക് മുമ്പായിരുന്നു.
ഇന്നാണെങ്കില്‍ വിഷഗുളിക നല്‍കി കൊല്ലുമായിരുന്നു. അവര്‍ മരിച്ചാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് പകരില്ലല്ലോ. പരിചരിക്കുകയും വേണ്ട. 
മനുഷ്യാ,
അടുത്ത ഊഴം നിന്റേതാണ്. പനിപിടിച്ചാല്‍ നിന്നെ നിന്റെ വീട്ടുകാര്‍ തന്നെ, നാട്ടുകാര്‍ തന്നെ, അയല്‍പക്കക്കാര്‍ തന്നെ, ഭരണകൂടം കൊല്ലും. അതിന്റെ ആദ്യസൂചനയാണ് ഈ പറവകളെ കൊലചെയ്യുന്നത്. രോഗിയെ അല്ല കൊല്ലുന്നത്. എല്ലാറ്റിനേയും.
പറവകളേ, മാപ്പ്...

3 comments:

Unknown said...

പക്ഷികളെ പറവകളേ മാപ്പ് ....അല്ലാണ്ടെന്തു പറയാൻ .

ajith said...

ആര്‍ക്കായിരുന്നു യതാര്‍ത്ഥത്തില്‍ പനി!!

Unknown said...

അതെ സ്വാതി പ്രഭ ,അവരോടു നമുക്ക് മാപ്പ് പറയാം .അജിത്‌ ഇപ്പോള്‍ പറയുന്നു പക്ഷിപനി അല്ലായിരുന്നു എന്ന് .