Saturday, October 11, 2014

സ്‌നേഹ വീടുകളായി മാറുമോ രാജ്യങ്ങള്‍

 
രണാധികാരികള്‍ എന്നും ശക്തിയുടെയും ഹുങ്കിന്റെയും പാഠങ്ങളാണ് വിതരണം ചെയ്യുക. നാം പ്രകടിപ്പിച്ചു പോന്ന പരമ്പരാഗത ശീലങ്ങള്‍ (പണ്ട് രാജാക്ക•ാര്‍ പടക്കളത്തില്‍ നിന്നും വീരകഥകള്‍ ഉച്ചത്തില്‍ വിളിച്ചു പറയുമത്രെ) നാം തുടര്‍നടപടികളായി കൊണ്ടു നടക്കുന്ന സ്വഭാവങ്ങള്‍ പാലിച്ചുകൊണ്ടേയിരിക്കുന്നു.
രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും, ഭീഷണിക്കുമെതിരെ പൊട്ടിച്ചു കാണിച്ച, അണുബോംബുണ്ടാക്കുവാന്‍ ചെലവഴിച്ച കോടികളും, പ്രതിരോധത്തിനു ചെലവഴിച്ചുകൊണ്ടിരിക്കുന്ന കോടികളും നമ്മുടെ, ഭാരതമക്കളുടെ ഭക്ഷണത്തിനും വികസനത്തിനും ചെലവഴിക്കേണ്ടതാണെന്ന് എന്തുകൊണ്ട് നമ്മുടെ ഭരണാധികാരികള്‍ ചിന്തിക്കുന്നില്ല. മനുഷ്യസ്‌നേഹികളുടെ ആശങ്കകള്‍ അവിടേക്ക് നീങ്ങുന്നു.
രാഷ്ട്രം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നും ആഭ്യന്തരത്തിനപ്പുറം വൈദേശികവുമായയിരിക്കും. രാഷ്ട്രത്തിനകത്തെ ജനതയുടെ നിലനില്‍പ്പും വികസനവും ശ്രദ്ധിക്കുകയും അന്യരാഷ്ട്രങ്ങളില്‍ നിന്നുള്ള ആക്രമങ്ങളില്‍ നിന്നും രക്ഷിക്കുകയെന്ന ദൗത്യവും ഭരണാധികാരികളുടെ ചുമതലയാണ്.
ഒരു വീട് ഒരു രാഷ്ട്രമാണെന്നു കരുതുക. അടുത്ത വീട് അയല്‍ രാഷ്ട്രവും. അതിര്‍ത്തി തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. പരസ്പര സഹായം അത്യന്താപേക്ഷിതവും. നമുക്കില്ലാത്ത സൗകര്യങ്ങള്‍ അയല്‍ വീട്ടിലുണ്ടാകുമ്പോള്‍ നാം സഹായത്തിനും, സഹവര്‍ത്തിത്വത്തിനും തേടുക സ്വഭാവികമാണ്. അതു തിരിച്ചും. ഒരു വീട് (രാഷ്ട്രം) സ്വാര്‍ത്ഥത നിറഞ്ഞവരുടെ സങ്കേതമാണെങ്കിലോ? പകയും, ധൈര്യവും, അസൂയയും ഉള്ളവര്‍ വാഴുന്നവര്‍ നയിക്കുന്ന വീടാണെങ്കിലോ? അയല്‍ വീട്ടുകാര്‍ക്ക് സ്വസ്ഥമായി താമസിക്കുവാനും, ജീവിക്കുവാനും കഴിയുമോ? ഇല്ല തന്നെ. അപ്പോള്‍ അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും, അടിപിടിയും ഉണ്ടാകുന്നു. അപ്പോള്‍ വീട്ടിലുണ്ടാകുന്ന മുതിര്‍ന്ന അംഗങ്ങള്‍ (മന്ത്രിസഭ)കൂടിയാലോചന നടത്തുകയും എന്തു അനന്തര നടപടിയാണ് സ്വീകരിക്കേണ്ടതെന്ന തീരുമാനിത്തിലെത്തുകയും ചെയ്യുന്നുവെങ്കില്‍ അതു സ്വീകാര്യ നടപടിയായിരിക്കും. മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ തീരുമാനം ഏകരൂപത്തില്‍ എത്തുക നല്ല നടപടികളുടെ ലക്ഷണമാണ്.കാരണം വ്യത്യസ്ത സ്വഭാവക്കാരുടെ ഇടത്താവളമാണ് വീട്.
ആദ്യം ഇരു വീട്ടുകാരും (രണ്ട് രാഷ്ട്രങ്ങള്‍) തമ്മില്‍ കൂടിയാലോചന നടത്തുന്നു. ആ കൂട്ടായ്മ സ്‌നേഹചര്‍ച്ചയില്‍ ഉരിത്തിരിയുന്ന ഫോര്‍മുലകള്‍ സ്വീകാര്യമാകുന്നുവെങ്കില്‍ അങ്ങോട്ടുമിങ്ങീട്ടും വിട്ടുവീഴ്ച മനോഭാവം പുലര്‍ത്തുന്ന അധികാരികളാണെങ്കില്‍ തര്‍ക്കങ്ങള്‍ ബാഷ്പീകൃതമാകും. രണ്ട് വീട്ടുകാരുടെ നിലനില്‍പ് സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും കൂട്ടായ്മയായിരിക്കും. അല്ലെങ്കില്‍ അവിടെ യുദ്ധം സംഭവ്യമാകുന്നു.
യുദ്ധം എന്ന മ്ലേച്ഛത
യുദ്ധമുഖം-ഒരു വീട്ടിന്റെ സ്ഥല അതിര്‍ത്തിയില്‍ വീട്ടിനകത്തെ ആയുധങ്ങള്‍-വാള്‍, കത്തി, അരിവാള്‍, മുട്ടി, ഉലക്ക, തീക്കൊള്ളി, മഴു-എന്നിവ അതിര്‍ത്തിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ അടുത്ത വീട്ടുകാര്‍ അനങ്ങാതെ നില്‍ക്കുമോ? ഇല്ലതന്നെ.അടുത്ത വീട്ടുകാരും ആയുധ പ്രദര്‍ശനവും, പടക്കം പൊട്ടിക്കലും ഹുങ്കോടെ നടത്തുന്നു.
വീട്ടിനുള്ളില്‍ സൂക്ഷിപ്പിലില്ലാത്ത ആയുധങ്ങള്‍ അടുത്ത വീട്ടില്‍ നിന്നും (അന്യരാഷ്ട്രങ്ങളില്‍ നിന്നും) വാങ്ങുന്നു.
അപ്പോള്‍ എതിര്‍പക്ഷവും വീട്ടിനകത്തെ സ്വത്തുക്കള്‍ വിറ്റ് കടം വാങ്ങിയും ആയുധങ്ങള്‍ വാങ്ങുന്നു.
അയല്‍കൂട്ടങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ നിന്നും മുതലെടുക്കുന്നതും, അതു ഊതിവീര്‍പ്പിച്ചു രക്തം കുടിക്കുന്നതും, കടക്കാരനാകുന്നതും ഈ ആയുധകച്ചവടക്കാരാണ്. അതാണ് നേതൃത്വങ്ങള്‍ തിരിച്ചറിയേണ്ടതും.
അണുയുദ്ധം എന്ന അറിവ്
ആയുധത്തിന്റെയും, ആള്‍+ബലത്തിന്റെയും ശക്തിപ്രകടനരൂപമാണ് യുദ്ധം. അണുബോംബിന്റെ നികൃഷ്ടമായ അനുഭവത്തിന്റെ സാക്ഷ്യപത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്,ജപ്പാന്‍. അണുയുദ്ധമെന്ന പാപത്തിന്റെ അനന്തരഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ബലിയാടുകളുടെ ക്ലേശപരമായ അവസ്ഥ നമുക്കറിയാവുന്നതാണ് .ആ അറിവായിരിക്കണം നമ്മുടെ അണുബോംബ് ചിന്തകളെ അലോസരപ്പെടുത്തേണ്ടത്.
പക്ഷെ, ഹുങ്കിന്റെയും, വൈര്യത്തിന്റെയും തി•യുടെയും ശക്തി കൂട്ടുകയും, രാഷ്ട്രത്തിനകത്ത് അസഹിഷ്ണുതകള്‍ വളര്‍ത്തിയും, സ്വാര്‍ത്ഥത നിറഞ്ഞ ദേശഭ്രാന്തെന്ന മാനസിക രോഗം സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന നമ്മുടെ ഭരണാധികാരികള്‍ ലോകം ചുടലക്കളമാക്കുമെന്നത് നിസ്തര്‍ക്കമാണ്.
യുദ്ധത്തിലേക്കുള്ള യാത്ര
യുദ്ധം എന്നും ഒരു എടുത്തുചാട്ടതീരുമാനമായിരിക്കും. യുദ്ധം എന്ന മ്ലേഛമായ അവസ്ഥ സൃഷ്ടിക്കപ്പെടുന്ന നിമിഷം ഉപജാപകഥകളുടെ കളിയരങ്ങാകും നമ്മുടെ ഭൂമി. എവിടെയും ഭീതി. രാഷ്ട്രത്തിനകത്ത് ശത്രു നിഗ്രഹ പ്രാര്‍ത്ഥനകള്‍.
ആരാണ് ശത്രു? നമ്മെപോലെ കുടുംബത്തോടൊപ്പം ജീവിക്കുന്ന സാധാമനുഷ്യരുടെ മുകളിലാണ് നാം നിഗ്രഹപ്രാര്‍ത്ഥന നടത്തുന്നത്. കാണാത്തമുഖവും, ശരീരവുമുള്ള ഒരു വ്യക്തിയുടെ സൈ്വരജീവിതം തകര്‍ക്കുവാനാണു നാം അണുബോംബുകള്‍ നിര്‍മ്മിച്ചെടുക്കുന്നതും, അതു പ്രദര്‍ശനപൊട്ടിക്കല്‍ നടത്തുന്നതും. നിഗ്രഹത്തിന്റെ പാഠങ്ങളാണൂ അണുബോംബുകള്‍ വിതരണം ചെയ്യുകയെന്ന അറിവ് സൃഷ്ടിച്ചെടുക്കുന്ന ശാസ്ത്രജ്ഞ•ാര്‍ക്കും, ലക്ഷ്യം കാണിച്ചു കൊടുക്കുന്ന ഭരണാധികാരികള്‍ക്കും അറിയാം.
പഴയകാല യുദ്ധങ്ങള്‍ ബലാബലത്തിന്റെതാണ്. അങ്കത്തട്ടില്‍ നിന്നു ശക്തിതെളിയിച്ചും, കാണിച്ചും, യുദ്ധതന്ത്രം കൊണ്ട് വിജയിയെ നിര്‍ണ്ണയിക്കുന്നു.
ഇവിടെ ആധുനികലോകത്ത് ബട്ടനുകളമര്‍ത്തി ശാസ്ത്രബുദ്ധികൊണ്ട് അളക്കുന്ന യുദ്ധമാണ് നടക്കുക.
നമ്മുടെ ലോകം നമ്മുടെ ഭാരതം
ഭരണാധികാരികളുടെ അപക്വമായ വീക്ഷണത്തിനു വിധേയമായിരിക്കും നമ്മുടെ ലോകത്തിന്റെ നിലനില്‍പു തന്നെ. 'അവന്‍ ചിന്തിക്കുന്നതിന് മുമ്പ് നീ പ്രവര്‍ത്തിക്കുക'എന്ന തന്ത്രം പ്രയോഗിക്കുന്ന രാഷ്ട്രനേതാക്ക•ാര്‍ നിറഞ്ഞലോകത്ത് ലോകസ്‌നേഹഭാഷ സംസാരിക്കുന്നവരുടെ ജീവിതം അപ്രാപ്യമാണെന്നറിയുക.
ഉ•ൂലനത്തിന്റെ ഭാഷ സംസാരിക്കുന്ന രാഷ്ട്ര നേതൃത്വത്തില്‍ നിന്നും സാന്ത്വനത്തിന്റെ ഭാഷ കാതോര്‍ക്കുന്ന സഹൃദയരായ മനസ്സുകളുടെ ദുഃഖം ഏതു രൂപത്തിലാണ് പ്രകടിപ്പിക്കുകയെന്നത് സ•നസ്സുകള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യ മൂന്നാംലോകരാഷ്ട്രമാണ്. പട്ടിണിയും, ദാരിദ്രവും, അഴിമതിയും, സ്ത്രീപീഡനങ്ങളും, നരഹത്യയും, വംശഹത്യയും, വര്‍ഗ്ഗീയസംഘട്ടനങ്ങളും, തൊഴിലില്ലായ്മ, നിറഞ്ഞ ലോകം. ഒരു ഭാഗത്ത് സ്വര്‍ഗ്ഗതുല്യ ജീവിതവും മറുഭാഗത്ത് നരകജീവിതവും അനുഭവിക്കുന്നവരുടെ ലോകം.
ഈ ക്രൗര്യം നിറഞ്ഞ ലോകത്ത് സാത്വികനായ രാഷ്ട്രപിതാവിന്റെ വചനങ്ങളും ക്രിയകളും പിന്തുടരേണ്ട കലികാലമാണിത്.
ഗാന്ധിസത്തിന്റെ പ്രസ്‌ക്തി
ഒരു സംയുക്തരാഷ്ട്രമെന്ന ചിന്ത അക്രമരാഹിത്യത്തിന്റെ അടിസ്ഥാനത്തിലെ കെട്ടിയുയര്‍ത്താന്‍ കഴിയൂ. അവിടെ ലോക വ്യവഹാരത്തില്‍ അക്രമം തീര്‍ത്തും വര്‍ജിക്കും. സംയുക്ത രാഷ്ട്രത്തില്‍ നമുക്ക് ശത്രുവില്ല. എവിടെയും സ്‌നേഹം മാത്രം.
ഗാന്ധിജി പറഞ്ഞു. സംയുക്ത രാഷ്ട്രം എന്നത് സ്വാതന്ത്ര രാഷ്ട്രങ്ങളുടെ മഹത്തായതും മാന്യമേറിയതുമായ ലക്ഷ്യമാകുന്നു. സ്വാര്‍ത്ഥതല്‍പരാവാതെ സ്വന്തം സ്വാതന്ത്രം മാത്രം പരിരക്ഷിച്ചു കഴിയാതെ ആ മഹത്തായാശയത്തിനു ഔന്നത്യം കൊടുക്കുവാന്‍ അവര്‍ തയ്യാറാക്കുന്നു. കീഴടക്കപ്പെട്ടവരും, ചൂഷിതരുമായ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കികൊണ്ടാവട്ടെ അത്തരമൊരു ലോകസഖ്യത്തിനുള്ള ആദ്യകാല്‍വെപ്പ്.
ഗാന്ധിജിയുടെ ലക്ഷ്യം സ്‌നേഹത്തിലധിഷ്ഠിതമായ മനുഷ്യ സമൂഹത്തിന്റെ ഏകത്വമാണ്. അവിടെ നമുക്ക് പ്രതിരോധത്തിനുവേണ്ടി കോടികള്‍ ചെലവഴിക്കുകയോ, അണുബോംബു പൊട്ടിക്കുകയുാ വേണ്ട. എവിടെയും സ്‌നേഹം മാത്രം വൈരമില്ലാത്ത ലോകം.
നോക്കൂ, ആ സുന്ദര ലോകത്തെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ.അതൊരു സ്വപ്നമാണെന്നു നമുക്കറിയാം. അതു സംഭവ്യമല്ലെന്നു പറഞ്ഞ് തര്‍ക്കിക്കലുമാവാം. പക്ഷെ ആ നല്ല നാളെ കുറിച്ചുള്ള സ്വപ്നത്തിനുവേണ്ടി പ്രവൃത്തിക്കുവാന്‍ ഏകമനസ്സോടെ, സ്‌നേഹമനസ്സോടെ നാം ഇന്ത്യക്കാര്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
എങ്കില്‍ ലോകനേത്രത്വങ്ങളുടെ, ഭാരത നേതൃത്വത്തിന്റെ ക്രൗര്യം നിറഞ്ഞ, യുദ്ധവെറി തുറന്നുകാട്ടാനാകും. ദാരിദ്രത്തിന്റെ അവസാനവും സുഭിക്ഷയുടെ നല്ല നാളുകളുമായിരിക്കും പുലരുക.. എന്നാണ് ആ സുദിനം

3 comments:

ബഷീർ said...

നല്ല ലേഖനം. നല്ല ചിന്തകൾ.. ലോകരാഷ്ട്രങ്ങൾ ഒത്തു ചേർന്ന സമാധാന ലോകത്തിനായി പ്രാർത്ഥിക്കാ‍ാം

Unknown said...

Good. Work

Unknown said...

യുദ്ധം എന്നും നാഷനഷ്ട്ടങ്ങള്‍ മാത്രമേ ലോകത്തിനു സംമാനിചിട്ടുള്ളൂ.സമാധാനവും സഹവര്‍ത്തിത്വവും ഉള്ള ഒരു ലോകമാണ് ഞാന്‍ സ്വപ്നം കാണുന്നത് ...ആഴമുള്ള ചിന്തകള്‍ ..നളാ ലേഖനം...ഒരു പാട് ഇഷ്ട്ടായി .