ജീവിക്കാനുള്ള ലോകം നഷ്ടമാകുന്ന ഒരു കാലത്താണ് നമ്മളിപ്പോള്‍. വാഗ്ദാനപ്രളയത്തില്‍ ഒലിച്ചു പോകുന്നത് ഒരു ജനതയുടെ ജീവിതത്തനിമയാണെന്ന് തിരിച്ചറിയാത്ത ഭരണകൂടങ്ങളുണ്ടാകുമ്പോള്‍, എല്ലാപ്രതീക്ഷകളും കുറ്റിയറ്റുപോകുന്ന വര്‍ത്തമാനകാലത്തിന്റെ തുടിപ്പുകളെയാണ് ശ്രീ, ഇയ്യ വളപട്ടണം 'ആടുകളുടെ റിപ്പബ്ലിക്ക് ' എന്ന നോവലില്‍ വരച്ചുകാട്ടുന്നത്.
നേടിയ സ്വാതന്ത്ര്യത്തെ വിരുന്നുകാര്‍ക്ക് സൗജന്യമായി നല്കപ്പെടുന്ന ഒരവസ്ഥയാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. പുഞ്ചിരിച്ച് വരികയും, ആലിംഗനത്തില്‍ മയക്കിയും ഒടുവില്‍ സ്വന്തം ശരീരം പോലുമില്ലാത്ത മറ്റൊരുവസ്ഥയിലേക്ക് നാടിനെ കൊള്ളയടി ക്കുകയും ചെയ്യുമ്പോള്‍ എഴുത്തുകാരന്റെ ഇടം ഏതാണ് എന്ന് ക്രൃത്യമായി രേഖപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് ആടൂകളുടെ റിപ്പബ്ലിക്കില്‍. ഭൂമിയോട് സങ്കടം പറയുന്ന ജന്മമാണ് ആടൂകളുടേത്. അവര്‍ക്ക് സ്വപ്നങ്ങളോ, പ്രതീക്ഷയോ ഇല്ല, ഭാവിയോ, വര്‍ത്തമാനമോ ഇല്ല. വിശപ്പാണു പ്രധാനം. അതാണ് ജീവിതവഴി. തോറ്റുപോകാനായി ജനിച്ച അനേകമായിരം ആളുകളുടെ ശബ്ദമാണ് ഇയ്യ ആടുകളുടെ റിപ്പബ്ലിക്കിലൂടെ ഉയര്‍ത്തുന്നത്.
അടിമ-ഉടമ ബന്ധം ഇപ്പോഴും മാറിയിട്ടില്ലായെന്നും, ഉടമകള്‍ ഭരണാധികാരികളാണെന്നും, അവരുടെ ഇഷ്ടത്തിന് ബലി നല്‍കലാണ് പാവങ്ങളുടെ ജീവിതമെന്നും ധരിക്കുന്നവര്‍ക്ക് നേരെ ഈ നോവല്‍ ഉയര്‍ത്തുന്നത് പരിഹാസം നിറഞ്ഞ മറുപടിയാണ്.
ആന്തരികമായി പരിശോധിച്ചാല്‍ രാഷ്ട്രീയവും ആത്മീയതയും ഈ നോവലിലൂടെ നമുക്ക് കണ്ടെത്താന്‍ കഴിയും
മതങ്ങള്‍ മനുഷ്വാവകാശധ്വംസനങ്ങള്‍ നടത്തുന്നതിനെ ക്രൃത്യമായി വരച്ചുകാട്ടാന്‍ നോവലിസ്റ്റിന് കഴിയുന്നുണ്ടിവിടെ.
നിലനില്‍പ്പിനായി പോരാടുന്നവര്‍ക്ക് ചെറിയൊരു കൈത്താങ്ങെങ്കിലും നല്കാന് എഴുത്തുകാരന് ശ്രമിക്കുന്നു എന്നത് മറ്റു നോവലിസ്റ്റുകളില്‍ നിന്നും ഇയ്യയെ രേഖപ്പെടുത്തുന്ന പ്രധാന ഘടകം.
നിലവില്‍ ഏറെ വിപണന സാധ്യതകളുള്ള ശരീരമെഴുത്ത് ലൈംഗികപരസ്യങ്ങള്‍, നിങ്ങള്‍ക്കെങ്ങനെ സുന്ദരനും സുന്ദരിയുമാകാം, അരാഷ്ട്രീയത തുടങ്ങിയവയേക്കാള്‍, പോരാടലാണ് നന്മ എന്ന തിരിച്ചറിവും, നവോത്ഥാനം നമുക്കു തന്ന മൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിക്കാനും ആഹ്വാനം ചെയ്യുന്നുണ്ടിവിടെ.
മാര്‍ക്സിറ്റ് വീക്ഷണം പുത്തന്‍സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങളേയും അതിന്റെ ജീവിത പരിസരങ്ങളേയും ചെറിയ തോതിലെങ്കിലും പുനര്‍വായിക്കാനുമുള്ള ഒരു തയ്യാറെടുപ്പ് ഈ കൃതി മുന്നോട്ട് വെയ്ക്കുന്നുണ്ട്. ദരിദ്രന്മാരുടെ ആശങ്കകളുടെ ആഴം വര്‍ദ്ധിക്കുകയും സമ്പന്നന്റെ 'ചക്രം' ഇരട്ടിക്കുകയും ചെയ്യുന്ന കാലത്ത്, പൊതു ഇടം കവരാനായി, മതങ്ങളും ഭരണകൂടങ്ങളും തോളോടു തോളുരുമ്മുന്ന കാലത്ത്, പോരാട്ടത്തിന്റെ പുതിയ സാദ്ധ്യതകളെ കണ്ടെത്താനുള്ള തീക്ഷണമായ ഒരവലോകനം കൂടി ആടുകളുടെ റിപ്പബ്ലിക്ക് മുന്നോട്ട് വെയ്ക്കുന്നുണ്ട്.
മാന്ത്രികയുടെ അമിതോപയോഗം ചില ഘട്ടത്തില്‍ വായനയ്ക്ക് തടസ്സം വരുന്നുണ്ടെന്ന വസ്തുത കൂടി കുറിക്കാതെ വയ്യ, മാര്‍ക്കേസിന്റെ നോവലുകളില്‍ കാണൂന്ന വല്ലാത്തൊരു ദൃശ്യവല്‍ക്കരണം ഈ നോവലിന്റെ മാറ്റ് ഇത്തിരി കുറയ്ക്കുന്നു. എങ്കിലും മലയാള നോവല്‍ സാഹിത്യത്തില്‍ സ്വന്തം വ്യക്തിത്വം കൊണ്ട് നിലനില്‍ക്കാനുള്ള അര്‍ഹത നന്നായി ഇതിനു കൂട്ടുണ്ട്.
സമത്വസുന്ദര ലോകം പ്രധാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നവര്‍, 'കോടികളുടെ' ഭാരവുമായി ജയിലറകളിലേക്ക് നയിക്കപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെയാണ് നോവല്‍ വരച്ചുകാട്ടുന്നത്. കേന്ത്ര കഥാപാത്രമായ 'ഓട്ടിയാക്ക' വായനക്കാരന്റെ മനസ്സില്‍ ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ സോഷ്യലിസ്റ്റ് ലോകം പിറവികൊള്ളുമെന്ന് കരുതുന്നവര്‍ക്കുള്ള മധുരോദാരമായ ഉണര്‍വ്വ് നല്‍കാനും കഴിയുന്നു.
സ്വന്തം സംസ്ക്കാരത്തിന്റെ അടിവേരുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരിക്കാനുള്ള ജാഗ്രതയെ, ആഴത്തിലാഴത്തില്‍ നമുക്കിടയിലേക്ക് ചുരത്തിയിടാനും, പുതിയ കാലത്തെ എല്ലാം വിറ്റ് പണമാക്കുന്ന കപട കച്ചവടകാലത്തെ, എല്ലാ പ്രത്യയ ശാസ്ത്രങ്ങളേയും തള്ളിക്കളഞ്ഞ്, ഒറ്റുകാര്‍ക്കൊപ്പം വിലസുന്ന വര്‍ഗ്ഗസ്നേഹികളെന്ന രൂപേണ വര്‍ഗ്ഗവഞ്ചകരാകുന്ന പുത്തന്‍ മേനികളെ തിരിച്ചറിയണമെന്നും, അറിവിനേക്കാള്‍ പ്രധാനം തിരിച്ചറിവാണെന്നും അത്തരം തിരിച്ചറിവുള്ള സമൂഹത്തിനേ, വരും കാലത്തിലേക്ക് നടന്നു പോകാന്‍ കഴിയൂ എന്ന ദൃഡനിശ്ചയവും ആടുകളുടെ റിപ്പബ്ലിക്ക് ഉയര്‍ത്തിക്കാട്ടുന്നു. തോറ്റവര്‍ക്കൊപ്പം നില്‍ക്കാനുള്ളവന്റേതാണ് വരും ലോകവും, കാലവുമെന്ന് നോവലിസ്റ്റ് നന്നായി മനസ്സിലാക്കുന്നുണ്ട്. മനുഷ്യത്വത്തിന്റെ പുതിയ വായനകളും പരിസ്ഥിതി സംരക്ഷണവും, സര്‍വ്വ മതങ്ങളും ഐക്യത്തോടെ പാര്‍ക്കേണ്ട ഇടമാണ് ഈ മണ്ണെന്നും, ഇവിടെ മനുഷ്യന് എന്ന വര്‍ഗ്ഗം മറ്റുള്ള ജീവികള്‍ക്ക് തുല്യ പ്രധാന്യം നല്കുന്ന കാലം വരുമെന്ന ഉദാത്ത മാനവികതയ്ക്ക് അടിക്കല്ലിടുന്നതിലൂടെ വിജയിച്ച ഒരു നോവലായി ആടുകളുടെ റിപ്പബ്ലിക്ക് മാറുന്നു.
ശുദ്ധവായുവിനും, വെള്ളത്തിനും, പരിസ്ഥിതിക്കും ആഘാതമേല്ക്കാത്ത ഭരണകൂടവ്യവസ്ഥക്കു മാത്രമേ, പുതിയ ലോകത്തില്‍, തുല്യമായ മനുഷ്യാവസ്ഥ സൃഷ്ടിക്കാന്‍ കഴിയൂ എന്ന ദാര്‍ശനിക ചിന്ത, പിറക്കാനിരിക്കുന്ന നില്‍പ്പിനായുള്ള സമരങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണെന്നതില്‍ തര്‍ക്കമില്ല.
പി.ആര്.രതീഷ്
മുയിപ്പോത്ത്-തപാല്‍
673524-കോഴിക്കോട്
9447923801
2 comments:
വരാനുള്ള വഴികളിലേക്കുള്ള യാത്രകള്‍-പി.ആര്.രതീഷ്
ആടുകള്‍ അവര്‍ക്ക് സ്വപ്നങ്ങളോ, പ്രതീക്ഷയോ ഇല്ല, ഭാവിയോ, വര്‍ത്തമാനമോ ഇല്ല. വിശപ്പാണു പ്രധാനം. അതാണ് ജീവിതവഴി. തോറ്റുപോകാനായി ജനിച്ച അനേകമായിരം ആളുകളുടെ ശബ്ദമാണ് ഇയ്യ ആടുകളുടെ റിപ്പബ്ലിക്കിലൂടെ ഉയര്‍ത്തുന്നത്.മനോഹരമായ കണ്ടെത്തല്‍...!
Post a Comment